രചന : ദേവൻ .
അച്ചാറിലെ നാരങ്ങയെ കുത്തിനോവിച്ച്, നാക്കിലൊന്ന് നുണഞ്ഞ് വാഴയിലയെ കൊഞ്ഞനം കുത്തി നിവർന്നൊരു ഇരിപ്പുണ്ട്. “ഹോ ഇനി എപ്പവരും ആ പണ്ടാരക്കാലൻ ചോറും കൊണ്ട് ?….ആർക്കും ഒരു ഉത്തരവാദിത്വോം ഇല്ല. കല്ല്യാണമാണത്രേ കല്ല്യാണം…..”
“എടീ പാറൂ നീയൊന്ന് പതുക്കെ പറ….ആൾക്കാര് നോക്കുന്നൂ.”
“നീ ഒന്നു ചുമ്മാതിരി ദേവാ ,സമയത്ത് തിന്നാൻ കിട്ടില്ലേൽ പാറൂന്റെ കൊടല് തള്ളക്ക് വിളി തൊടങ്ങും…. എടാ ചെക്കാ ഇച്ചിരി ചോറ് കിട്ട്വോ തിന്നാൻ ? സമയം 3മണി കഴിഞ്ഞ്…. അവന്റൊരച്ചാറ്…….”
“എന്റെ ദൈവമേ ഈ പെണ്ണിനെക്കൊണ്ട് ഞാൻ തോറ്റു…..” വിയർപ്പ് തുള്ളികളാൽ നനഞ്ഞ് ചാലിട്ടൊഴുകാൻ തുടങ്ങുന്ന നെറ്റിയിലെ സിന്ദൂരം പാറൂട്ടിയുടെ കള്ള ചിരിക്കൊത്ത് തിളങ്ങുന്നത് ദേവൻ കണ്ടു. ഇനി ദേവിക തനിക്ക് സ്വന്തം എന്ന കാര്യം അവൻ ഇത്തിരി അഹങ്കാരത്തോടെ മനസ്സിൽ ഓർത്തു. ഒരുപക്ഷേ പ്രേമിച്ച പെണ്ണിന്റെ കഴുത്തിൽ താലിചാർത്തിയ നട്ടെല്ലുള്ള ഒരാൺകുട്ടിയാണ് താൻ എന്ന് അവൻ കരുതിയിരിക്കണം .
ഉപ്പേരി വന്നൂ ,പുളിവന്നൂ ,അവിയൽ വന്നൂ ,പുളിശ്ശേരിവന്നൂ ,കൂട്ടുകറിവന്നൂ ,ചോറുവന്നൂ ,സാമ്പാർ വന്നൂ ,അവസാനം അലങ്കാരമെന്നവണ്ണം പപ്പടവും വന്നു. എന്നാൽ ദേവന്റെ മനസ്സ് അൽഫോൻസ ഓർഫനേജിന്റെ 96ആം മുറിയെ തിരഞ്ഞ് പോയി…………..
അധികമാരും ശ്രദ്ധിക്കാത്ത പഴയ ഇരുമ്പ് ടോർച്ചിന്റെ വലിയ മൂന്ന് ബാറ്ററി മാറ്റഇട്ട് ബൾബ് കത്തിച്ച് സ്വയം ഒരു എൻഞ്ചിനീയറായ പാറൂനെ നോക്കി കയ്യടിക്കാൻ 94ആം മുറിയിലെ ദേവന് വലിയ മനഃപ്രയാസം ഒന്നും ഇല്ലായിരുന്നു. വയസ്സ് പതിമൂന്ന് ആണെങ്കിലും ബാലരമ മാത്രം വായിച്ചിരുന്നവർ ആണെങ്കിലും അറിയാതെ മനസ്സിൽ കൊണ്ട് നടന്നിരുന്നു ഞാനവളെ…….
പഠിക്കാൻ മിടുക്കിയാണെന്ന് സ്വയം കരുതുമെങ്കിലും, ആപ്പിളിന്റെ സ്പെല്ലിംങ് കണ്ട് ഇത് അപ്ലി അല്ലേടാ എന്ന് ചോദിച്ച പാറൂനെ വേറെ ആർക്കും അറിയില്ല. ഓർഫനേജിലായതുകൊണ്ട് തന്നെ അച്ഛൻ അമ്മ സ്നേഹം ഒന്നും ഞങ്ങൾക്ക് കിട്ടിയിരുന്നില്ല. ഇന്നേ വരെ അതിന് കണക്കും പറഞ്ഞിട്ടില്ല. 17 വയസ്സ് ആയപ്പോ പ്ലസ്റ്റു ഇംഗ്ലീഷ് എക്സാമിന്റെ അന്ന് “നീയെന്താടാ ദേവാ എന്നോട് ഇഷ്ടമാണെന്ന് പറയാത്തേ” എന്ന് ചോദിച്ചപ്പോ പൊട്ടിയ ലഡുവിന്റെ കണക്ക് ഇന്നും എനിക്ക് അറിയില്ല. ബി.കോമിന് ഞങ്ങൾ എങ്ങനെ ഒരുമിച്ചെത്തി എന്നതിന് ദൈവം മാത്രമാണ് ഉത്തരവാദി……..
ആദ്യ ദിവസം ക്ലാസ്സിലെത്തിയ പാറൂന്റെ പുറകേ ഫ്രീക്കൻ ചെക്കന്മാർ നടക്കുന്നത് കണ്ടപ്പോ കുശുമ്പ് കൊണ്ട് ക്ലാസ്സിൽ ചെന്നിരുന്ന് പല്ല് കടിക്കാൻ മാത്യമേ കഴിഞ്ഞുള്ളൂ…. കണ്ടോടാ എന്റെ പിറകേ നടക്കുന്ന ചെക്കന്മാരെയൊക്കെ എന്ന് അവളുടെ ചുണ്ട് വിടർത്തിയുള്ള ചിരിയിൽ നിന്ന് ഞാൻ മനസ്സിൽ ആക്കി. ഞങ്ങളുടെ ഓർഫനേജ് സിഫ്റ്റർ മരിയ അലക്സ് ഇടയ്ക്കിടെക്ക് ഞങ്ങളെ വന്ന് കാണുമായിരുന്നു…
എല്ലാരും പറയണപോലെ ജീവനു തുല്യം ഒന്നും ഞാൻ അവളെ സ്നേഹിച്ചിട്ടൊന്നും ഇല്ലായിരുന്നു. എല്ലാ ആൺകുട്ടികളോടും അവൾ ചിരിച്ച് നടക്കുന്നത് കണ്ടപ്പോ ഞാൻ കരുതി തമാശയ്ക്ക് എന്നെ സ്നേഹിക്കുകയായിരിക്കും എന്ന്. ഓണത്തിന് കോളേജിലെ ഒരു സീനിയർ ജിമ്മൻവന്ന് പ്രെപ്പോസ് ചെയ്തപ്പോ…..എന്നെ ചൂണ്ടി “ദേ ആ നിക്കുന്നവനേയേ ഞാൻ കെട്ടൂ” എന്ന് പറഞ്ഞ് ഓം ശാന്തി ഓശാനയിലെ നസ്രിയയെപ്പോലെ പല്ലും കടിച്ച് നൈസ് ആയിട്ട് സ്ലോ മോഷനിൽ നടന്ന് പോയ പാറൂനെ ഞാൻ കൂടുതൽ മനസ്സിലാക്കാൻ ഉണ്ടായിരുന്നു……
അവൾ കരയുന്നതൊന്നും ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല, എപ്പോഴും ചിരിച്ച് നടക്കും. പക്ഷേ ഡിഗ്രി അവസാനവർഷം സെന്റ് ഓഫ് ദിവസം ന്റെ പാറു കരഞ്ഞു……. വൈകുന്നേരം ഹോസ്റ്റലിലേക്കുള്ള വഴിയിൽ ഒരു പിശാചിന്റെ കയ്യിൽ ഞെരിഞ്ഞമർന്ന്……കയ്യിൽ കിട്ടിയ കല്ല് കൊണ്ട് അവന്റെ തല അടിച്ച് പൊട്ടിക്കുമ്പോൾ അറിഞ്ഞില്ല ന്റെ പാറു താനൊരു കൊലപാതകി ആവുകയായിരുന്നൂ എന്ന്…… പാറൂട്ടി ഇപ്പൊ എന്നോട് മാത്രമേ ചിരിക്കാറുള്ളൂ….എന്റെ ചിരി കാണാൻ വേണ്ടിയാ ഇപ്പോഴും കുറുമ്പ് കാണിക്കുന്നത്. അവളുടെ അച്ഛനും അമ്മയും കാമുകനും ഏട്ടനും കൂട്ടുകാരനും ഒക്കെ ഞാനാ ….. ദേ ഈ നിമിഷം മുതൽ ഭർത്താവും…..
“എടാ ദേവേട്ടാ ഈ പപ്പടം ഞാനെടുത്തോട്ടേ…..?”
വെറും മൂന്നു മിനിറ്റ് ദൈർഘ്യമുള്ള കൊച്ചു ജീവിതത്തിന്റെ പുസ്തകത്താള് അവൻ മടക്കിക്കഴിഞ്ഞിരുന്നൂ….. “എടീ പാറൂസേ…ഇനി ഈ പപ്പടം മാത്രേ ബാക്കി ഉള്ളല്ലോ….എന്റെ പായസവും പുളിയും അവിയലും ഒക്കെ മുക്കി ലേ…?” “അയ്യേ എന്താടോ കെട്ടിയോനേ സ്വന്തം കല്ല്യാണത്തിന് കണക്ക് പറയ്യാണോ …?
മോണകാട്ടിയുള്ള പാറൂന്റെ പുഞ്ചിരി കണ്ടപ്പോആ നെറ്റിയിൽ ഒരു ഉമ്മ വെക്കാതിരിക്കാൻ കഴിഞ്ഞില്ല. ആരും അറിയാതെ മൈലാഞ്ചിയണിഞ്ഞ കൈകൊണ്ട് ഇറ്റുവീഴാൻ കൊതിക്കുന്ന ആ കണ്ണുനീർത്തുള്ളി പാറു തുടച്ചത് ദേവൻ അറിഞ്ഞില്ല…..
രചന : ദേവൻ .