രചന : അനു അനാമിക
“അർജുൻ മാറ്…. മാറ് അർജുൻ…അർജുൻ”…..കുട്ടിമാളു നിലവിളിച്ചു. “മോളെ… ഡി… മോളെ…. കണ്ണ് തുറക്ക്”….അമ്മ അവളെ കുലുക്കി വിളിച്ചു. കുട്ടിമാളു ഞെട്ടി എണീറ്റു എല്ലായിടത്തും നോക്കി. അവൾ ആകെ വിയർത്തിരുന്നു.
“എന്താ മോളെ ??നീ എന്തെങ്കിലും ദു സ്വപ്നം കണ്ടോ”?അച്ഛൻ ചോദിച്ചു. “ഏയ്…. ഒന്നുല്ല. പെട്ടെന്ന് എന്തോ”!!…കുട്ടിമാളുവിന്റെ വാക്കുകൾ മുറിഞ്ഞു. “മ്മ് സാരമില്ല അമ്മേടെ മോള് പ്രാർത്ഥിച്ചു കിടന്നാൽ മതി ഒന്നും കാണില്ല കേട്ടോ.അമ്മ ഇവിടെ കിടക്കണോ”?? അമ്മ അവളുടെ മുടി മാടി ഒതുക്കി ചോദിച്ചു.
“വേണ്ട എനിക്ക് കുഴപ്പം ഒന്നുല്ല നിങ്ങള് പോയി കിടന്നോ”…. ”വേണേൽ അമ്മയെ ഇവിടെ കിടത്താം”..അച്ഛൻ പറഞ്ഞു. “വേണ്ട അച്ഛാ എനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ. നിങ്ങൾ പോയി കിടന്നുറങ്ങു”….കുട്ടിമാളു അവരെ പറഞ്ഞു വിട്ടു.
“എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണേ മോളെ”…അച്ഛൻ പറഞ്ഞു. “ആ അച്ഛാ”…..കുട്ടിമാളു കുറച്ച് വെള്ളം എടുത്തു കുടിച്ചു ഉറങ്ങാൻ കിടന്നു. മറിഞ്ഞും തിരിഞ്ഞും കിടന്നിട്ടു അവൾക്ക് ഉറക്കം വന്നില്ല. “ഈശ്വര അർജുൻ അവനു എന്തെങ്കിലും പറ്റി കാണുവോ??വിളിച്ചു നോക്കിയാലോ”??,…. കുട്ടിമാളു ഫോൺ എടുത്തു അർജുനെ വിളിച്ചു. “ഹലോ അർജുൻ”….
“ഹലോ… എന്താടി ഈ പാതിരാത്രിക്ക്”?? “ഏയ് ഒന്നുല്ല നീ എവിടെയാ”?? “ഞാൻ വീട്ടിൽ ഉണ്ട് എന്താടി”??.. “ഏയ് ഒന്നുല്ല. നിന്നെ ഒന്ന് സ്വപ്നം കണ്ടു അപ്പോൾ ഒന്ന് വിളിക്കാൻ തോന്നി. വെക്കട്ടെ”… “വിളിച്ച സ്ഥിതിക്ക് എന്റെ മോള് ഫോൺ വെക്കണ്ട”…. “എന്താടാ”??
“നിനക്ക് ഒരു ശരണിനെ അറിയാവോ”??,അർജുൻ ചോദിച്ചു കുട്ടിമാളു ഒന്ന് ഞെട്ടി അവളുടെ ശ്വാസം നിലച്ച പോലെ അവൾക്കു തോന്നി. “ഏത് ശരൺ”??,
“അങ്ങനെ ചോദിച്ചാൽ എനിക്ക് പറയാൻ അറിയില്ല. ഇത്തിരി മെലിഞ്ഞിട്ട് ഒരു ബസിൽ പോകുന്ന ചെറുക്കൻ”….
“ആ”,…. “ഹമ് അയാളെ നിനക്ക് അറിയുവോ”??, “കണ്ടാൽ അറിയുമായിരിക്കും. എന്താടാ”?? “ഹ അവൻ ഇന്ന് ഞാൻ കവലയിൽ പോയി വരുമ്പോൾ എന്നെ തടഞ്ഞു നിർത്തി. നീയും ആയി കൂടുതൽ കമ്പനി വേണ്ട നീയും അവനും സെറ്റ് ആണെന്ന് എല്ലാം പറഞ്ഞു. കല്യാണം ഉറപ്പിച്ചു എന്നും”…. “ഓഹ് അത് എന്നെ കല്യാണം ആലോചിച്ചു ഒരുത്തൻ വന്നാരുന്നു അവൻ ആകും”…. “ആവോ ആരാന്നു അറിയില്ല ആരായാലും നിന്നെ അറിയുന്ന ആരോ ആണ്”. “അർജുൻ നമുക്ക് നാളെ കഴിഞ്ഞ് ഒന്ന് കാണാൻ പറ്റുവോ”??കുട്ടിമാളു ചോദിച്ചു. “അതിനെന്താ കാണാല്ലോ”
“എങ്കിൽ നാളെ കഴിഞ്ഞ് വൈകുന്നേരം ശിവന്റെ അമ്പലത്തിൽ വരാമോ”?? “മ്മ് വരാം”….അർജുൻ പറഞ്ഞു. “എങ്കിൽ നീ കിടന്നോ. ഗുഡ് നൈറ്റ്”… “ഗുഡ് നൈറ്റ്…. അവർ ഫോൺ കട്ട് ചെയ്തു. കുട്ടിമാളു കട്ടിലിൽ എഴുന്നേറ്റു ഇരുന്നു.
“നാളെ എനിക്ക് അർജുനോട് എങ്കിലും എല്ലാം തുറന്നു പറയണം ഇല്ലെങ്കിൽ എനിക്ക് ഭ്രാന്ത് ആയി പോകും. എല്ലാം അറിയുമ്പോൾ ചിലപ്പോൾ അവനു എങ്കിലും എന്നെ സഹായിക്കാൻ പറ്റും”….. എല്ലാം അർജുനോട് തുറന്നു പറയണം എന്ന് മനസ്സിൽ ഉറപ്പിച്ചു കുട്ടിമാളു ഉറങ്ങാൻ കിടന്നു.
പിറ്റേന്ന് പതിവ് പോലെ അവൾ സ്കൂളിൽ പോകാൻ റെഡി ആയപ്പോൾ അമ്മക്ക് നല്ല പൊള്ളുന്ന പനി. അമ്മയെയും കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ വേണ്ടി അവൾ അന്നത്തെ ക്ലാസ്സ് ലീവ് ആക്കി. ശരണിന്റെ മെസ്സേജ്ഉം കാൾഉം വരുന്നത് മനപ്പൂർവം അവൾ കണ്ടില്ല എന്ന് നടിച്ചു. അമ്മയെ ഡോക്ടറെ കാണിച്ചു അവർ രണ്ടാളും കൂടി ഓട്ടോ പിടിക്കാൻ പുറത്തേക്കു ഇറങ്ങിയപ്പോൾ അവരെ പിന്തുടർന്ന് എത്തിയ ശരൺ കുട്ടിമാളുവിന്റെ അമ്മയുടെ മുൻപിൽ വെച്ച് അവളോട് പറഞ്ഞു.
“എന്നാലും ഇങ്ങനെ ചതിക്കണ്ടാരുന്നു ഇന്ദ്രികേ”,…. അയാൾ അതും പറഞ്ഞ് ബൈക്കിൽ കയറി പോയി. കുട്ടിമാളു അടി മുടി വിറച്ചു.അവളുടെ കൈ എല്ലാം തണുത്തു മരവിച്ചു.അമ്മ അവളെ നോക്കി. “എന്താ അയാൾ പറഞ്ഞിട്ട് പോയെ”??അമ്മ ചോദിച്ചു
“അയാൾക് വട്ട അമ്മ വാ വീട്ടിൽ പോകാം”… “നിന്നെ എങ്ങനെ അവനു അറിയാം ??ഇന്ദ്രികേ എന്ന് അവൻ എന്തിനാ നിന്നെ വിളിച്ചേ”?? “അത് അമ്മേ”….. “അപ്പോ നിനക്ക് അവനെ അറിയാം അല്ലെ”?? “മ്മ്”… “ആരാടി അവൻ”?? “അതാ അമ്മേ ശരൺ” “ഏത് നിന്നെ പെണ്ണ് ആലോചിച്ചു വന്നവനോ”?? “മ്മ്”….
“അവന്റെ കാര്യം നമ്മൾ അവിടെ വെച്ച് തീർത്തത് അല്ലെ??പിന്നെ അവൻ എന്ത് പറയാൻ വന്നതാ”?? കുട്ടിമാളു ഒന്നും മിണ്ടിയില്ല. “മര്യാദക്ക് പറയെടി” അമ്മ അവൾക്കു നേരെ പല്ലിറുമി. അവിടെ നിന്നു കൊണ്ട് തന്നെ ഉണ്ടായത് എല്ലാം അവൾ അമ്മയോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ് അമ്മ പറഞ്ഞു.
“ബാക്കി ഉള്ളത് വീട്ടിൽ ചെന്നിട്ടു. ഇന്നത്തോടെ നിർത്തിക്കോ നിന്റെ പടുത്തം”… അമ്മ വേഗം വന്ന ഓട്ടോയിൽ അവളെയും കയറ്റി വീട്ടിൽ എത്തി. അവളുടെ ഫോൺ പിടിച്ചു വാങ്ങി നിലത്ത് എറിഞ്ഞു പൊട്ടിച്ചു. സിം ഓടിച്ചു കളഞ്ഞു.
“എടി ഒരുമ്പെട്ടോളെ നിന്നെ ഞങ്ങൾ എങ്ങനെ വളർത്തിയത് ആണേഡി, ആ ഞങ്ങൾക്ക് തന്നെ നീ ഈ ചെയ്ത് ചെയ്തു വെച്ചല്ലോ!!മോളെ പോലെ ആയിരുന്നില്ലല്ലോ കൂട്ടുകാരിയെ പോലെ അല്ലെടി നിന്നോട് ഞാൻ പെരുമാറീട്ടുള്ളത്, ആ എന്റെ നെഞ്ചിൽ തന്നെ നീ കത്തി കുത്തി ഇറക്കി അല്ലെടി നാശമേ”!!…അമ്മ വലതു കൈ പൊക്കി അവളുടെ കുഞ്ഞി കവിളിൽ ആഞ്ഞു തല്ലി. കുട്ടിമാളുവിന്റെ കണ്ണിൽ നിന്ന് കുടുകുടെ കണ്ണീർ ഒഴുകി. ഒന്നും പറയാൻ സമ്മതിക്കാതെ അമ്മ അവളുടെ മുടി കുത്തിൽ കയറി പിടിച്ചു. വേദന കൊണ്ട് അവൾ പുളഞ്ഞു.
“അമ്മേ ഞാൻ പറയുന്നത് ഒന്ന് കേൾക്കു”….
“നീ ഒന്നും പറയണ്ട നിന്നെയൊക്കെ പത്തു മാസം ചുമന്നു ചോരയും നീരും തന്നു വളർത്തുമ്പോൾ ഇതുപോലെ ഉള്ള സമ്മാനം തന്നെ തരണം. ഇനി അവനെ കാണാനോ മിണ്ടാനോ നീ ശ്രെമിച്ചാൽ അന്ന് കൊത്തി അരിഞ്ഞു കളയും ഞാൻ”…. അമ്മയുടെ കണ്ണിൽ കോപവും വിഷമവും നിറഞ്ഞ് തുളുമ്പി. പെട്ടെന്ന് ആണ് അമ്മയുടെ ഫോൺ ബെൽ അടിച്ചത്.
“ഹലോ ആരാ”??അമ്മ ചോദിച്ചു. “അമ്മേ ഞാനാ ശരൺ അമ്മ അവളെ ഒന്നും ചെയ്യരുത്”,….
“അവളെ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് അവളെ പ്രസവിച്ച ഞാനാ അല്ലാതെ നീ അല്ല. നിന്റെ അമ്മയോട് മര്യാദക്ക് ഞാൻ പറഞ്ഞത് ആണല്ലോ എന്റെ പെണ്ണിന് 18പോലും ആയില്ല എന്ന്. പിന്നെ എന്ത് കാര്യത്തിന് ആണെടാ നീ എന്റെ കൊച്ചിന്റെ പുറകെ മണപ്പിച്ചു നടന്നത്”?? “ഞാൻ ആരുടെയും പുറകെ നടന്നിട്ടില്ല. നിങ്ങളുടെ മകളാണ് നടന്നത്. ആദ്യം ലോ കോളേജിലെ ഒരുത്തൻ പിന്നെ വേറെ ഒരുത്തൻ ഇവർക്ക് ഇടയിൽ ഞാനും”….ശരൺ അമ്മയോട് തട്ടി കയറി.
“ദേ ഞാൻ മര്യാദക്ക് ഒരു കാര്യം പറയാം. ഇനി നീ ഇവളെ കാണാനോ ശല്യം ചെയ്യാനോ പാടില്ല. നിനക്ക് ഇവളെ ഇഷ്ടം ആണെങ്കിൽ ഇവൾക്ക് വിവാഹം ആലോചിക്കുന്ന സമയത്തു വന്നു പെണ്ണ് ചോദിക്കാവുന്നതാണ്, അല്ലാത്ത പക്ഷം ഒരു ശല്യത്തിനും നിൽക്കരുത്”.
“അമ്മേ അമ്മക്ക് അറിയാവോ അവള് ഞാൻ വിളിച്ചാൽ ഫോൺ എടുക്കില്ല മിണ്ടില്ല അവളുടെ ഒരു മെസ്സേജ് കണ്ടില്ലേൽ എന്റെ സമനില പോലും തെറ്റും. അമ്മ അവൾക്ക് ഒന്ന് ഫോൺ കൊടുക്കാവോ”?? “ഡി ഇതാ ഫോൺ”… കുട്ടിമാളു അത് മേടിച്ചില്ല.
“എനിക്ക് അയാളോട് ഒന്നും സംസാരിക്കാൻ ഇല്ല”… അമ്മ ദേഷ്യത്തോടെ ആ കാൾ കട്ട് ചെയ്തു. “ഡി അവൻ ദേ കിടന്നു കരയുവാ. നീ എന്തിനാ ഈ തെണ്ടിത്തരം കാണിച്ചത്”?? “അമ്മേ ഞാൻ ഒന്നും ചെയ്തിട്ടില്ല അയാളാണ് എന്നെ ശല്യം ചെയ്തതും വെറുതെ എന്നെ വിഷമിപ്പിച്ചതും.ഞങളുടെ വിവാഹം ഉറപ്പിച്ചു എന്നെല്ലാം എന്നോട് പറഞ്ഞതും”.
“മിണ്ടി പോകരുത് നീ എനിക്ക് അറിയാം ഇപ്പോ. നിന്നെ ഇനി കുടിക്കുന്ന വെള്ളത്തിൽ ഞാൻ വിശ്വസിക്കില്ല. തല്ക്കാലം ഇത് അച്ഛനോട് ഞാൻ പറയുന്നില്ല. ഭഗവാനെ ഞാൻ എങ്ങനെ ഇവളെ രക്ഷിച്ച് എടുക്കും അവന്റെ കയ്യിൽ നിന്ന്. അവനു നിന്നോടുള്ള സ്നേഹം മൂത്തു ഭ്രാന്ത് ആയിട്ടുണ്ട് ഇപ്പോ. ഇനി നീ എന്റെ അനുവാദം ഇല്ലാതെ ഫോൺ എടുക്കണ്ട ആരെയും കാണാൻ പോകുകയും വേണ്ട. നീ നിന്റെ സ്വാതന്ത്ര്യം പോലും ചൂഷണം ചെയ്തു”…… അമ്മ ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ തലങ്ങും വിലങ്ങും പിന്നെയും അവളെ തല്ലി. കരയാൻ അല്ലാതെ തന്റെ ഭാഗം ന്യായികരിക്കാൻ കുട്ടിമാളുവിന് കഴിഞ്ഞില്ല. ഭക്ഷണം പോലും കൊടുക്കാതെ അമ്മ അവളെ മുറിക്ക് ഉള്ളിൽ പൂട്ടി ഇട്ടു. കരഞ്ഞു കലങ്ങിയ കണ്ണും വിശന്നു തളർന്ന വയറും ആയി അവൾ തളർന്നു ഉറങ്ങി. മനസ്സിൽ നിറയെ ശരണിനോട് വെറുപ്പ് അവൾക്ക് തോന്നി. സ്വന്തം പെറ്റമ്മ അവളെ വിശ്വസിക്കാത്തതിനു പോലും കാരണം അവൻ ആയത് കൊണ്ട് അവൾ മനസ്സിൽ ഉറപ്പിച്ചു. എന്നെങ്കിലും അയാൾക്ക് മുൻപിൽ കഴുത്ത് നീട്ടേണ്ടി വന്നാൽ അന്ന് അവൾ ജീവൻ ഒടുക്കും എന്ന്.
പിറ്റേന്ന് മുതൽ അമ്മ അവളെ സ്കൂളിൽ വിട്ടില്ല. അന്ന് വൈകുന്നേരം അർജുൻ അമ്പലത്തിൽ വന്നു കാത്തു നിന്നിട്ട് മടങ്ങി പോയി. അവൻ കുട്ടിമാളുവിന്റെ വീട്ടിൽ വന്നപ്പോൾ വീട് കാലി. അമ്മ അവളെ അമ്മവീട്ടിൽ കൊണ്ട് പോയി നിർത്തി. അവർ ആരും കാര്യങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല. 2മാസം അവൾ അവിടെ തന്നെ ആയിരുന്നു. ആ രണ്ടു മാസം മാത്രം ആണ് അവൾ സമാധാനം എന്താണെന്നു കുറെ നാൾ കൂടി മനസ്സിലാക്കുന്നത്.
എന്നിട്ടും ശരൺ അവളെ അന്വേഷിച്ചു നടന്നു. ഇരയെ കിട്ടാത്ത വേട്ടക്കാരനെ പോലെ. പ്ലസ് 2എക്സാം ഈ രണ്ടു മാസത്തിനു ഉള്ളിൽ കഴിഞ്ഞിരുന്നു.
ശ്രെയസ്ഉം അർജുനും ചിഞ്ചുവും സുധിയും എല്ലാം കടലമിട്ടായിയെ കോൺടാക്ട് ചെയ്യാൻ ശ്രെമിച്ചു എങ്കിലും പുറം ലോകവും ആയുള്ള ബന്ധം പോലും അവൾക്കു അമ്മ നിഷേധിച്ചു. മകൾ എന്തെങ്കിലും അരുതാത്തത് ചെയ്യുമോ എന്നുള്ള ഭയം ആവാം അവരെ ഇങ്ങനെയൊക്കെ ആക്കി തീർത്തത്. എക്സാം കഴിഞ്ഞപ്പോൾ അർജുൻ വീണ്ടും നാട്ടിൽ എത്തി അവളെ കാണാൻ ശ്രെമിച്ചു പക്ഷെ സാധിച്ചില്ല. അർജുൻ കുട്ടിമാളുവിനെ അന്വേഷിച്ചു ചെല്ലുന്നത് അറിഞ്ഞ ശരൺ അർജുനെ ഫോണിൽ കൂടെ വിളിച്ചു ഭീഷണിപ്പെടുത്തി. കൊന്നു കളയും എന്ന് പറഞ്ഞു. അവൻ വിവരങ്ങൾ ഇന്ദ്രികയുടെ അമ്മയെ അറിയിച്ചു. പക്ഷെ അപ്പോഴേക്കും ശരൺ അമ്മയുടെ മനസ്സിൽ അർജുനെ കുറിച്ച് വിഷം കുത്തി നിറച്ചു.അവനും സ്വന്തം മകളും തമ്മിൽ തെറ്റായ ബന്ധം ഉണ്ടെന്നു പരിശുദ്ധമായ സൗഹൃദം കണ്ടു അവർ തെറ്റിദ്ധരിച്ചു. എല്ലാം ഒന്ന് ആറി തണുത്തു തുടങ്ങിയപ്പോൾ അമ്മ അവളെ വീട്ടിലേക്ക് കൊണ്ടു വന്നു. പക്ഷെ ഒന്നും അവസാനിച്ചില്ല.
18 ആം പിറന്നാൾ കഴിഞ്ഞ ദിവസം ശരണിന്റെ സുഹൃത് ആയ ഒരു പെൺകുട്ടി കുട്ടിമാളുവിന്റെ അമ്മയെ വിളിച്ചു പറഞ്ഞു ശരൺ ആത്മഹത്യാ ചെയ്യാൻ പോയി കുട്ടിമാളുവിന്റെ പേര് എഴുതി വെച്ചിട്ട്. ഇത്രയും കേട്ടപ്പോൾ തന്നെ അമ്മയുടെ സമനില തെറ്റി. അവൻ കടുംകൈ എന്തേലും ചെയ്താൽ മോള് ജയിലിൽ പോകും നാണക്കേട് ആകും നാറും എല്ലാം ഓർത്ത് ഭ്രാന്ത് പിടിച്ചപ്പോൾ അമ്മ അവളുടെ തൊണ്ടയിൽ കുത്തി പിടിച്ചു ശ്വാസം മുട്ടിച്ചു. അടുപ്പിലെ വിറക് വെച്ചു കാലിൽ തല്ലി. പട്ടിണി ഇട്ടു. ശരിക്കും അപ്പോഴേക്കും കുട്ടിമാളു മറ്റൊരു അവസ്ഥയിലേക്ക് എത്തിപ്പെട്ടു. അവൾ കടുത്ത തീരുമാനം എടുക്കാൻ നിർബന്ധിത ആയി. അന്ന് അവൾ അവളുടെ നോട്ട് ബുക്കിൽ കുറിച്ചു.
“എന്നെ ആരും ഇനി അന്വേഷിക്കേണ്ട. എനിക്ക് ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ല ഞാൻ പോകുന്നു. എന്റെ ജീവൻ ഇത്ര നാൾ പിടിച്ചു നിർത്തിയ ആളുടെ അടുത്തേക്ക്”,……എന്ന് അച്ഛന്റെയും അമ്മയുടെയും കുട്ടിമാളു.
കുട്ടിമാളു ആ വീട് വിട്ട് ഇറങ്ങി. എങ്ങോട്ട് എന്ന് അറിയാതെ. “എല്ലാവരും എന്നെ കൈ ഒഴിഞ്ഞു ഒന്നും ഇനി ചെയ്യാൻ എനിക്ക് കഴിയില്ല ആർക്കും എന്നെ വിശ്വാസം ഇല്ല സ്വന്തം അമ്മക്ക് പോലും. മരിക്കാൻ വേണ്ടി റെയിൽവേ ട്രാക്കിൽ നിൽക്കുമ്പോൾ പോലും അവളുടെ കുഞ്ഞ് മനസ്സ് വല്ലാതെ പിടഞ്ഞു. ആളും തിരക്കും ഏറി വന്നപ്പോൾ ആ ഉദ്യമം ഉപേക്ഷിച്ചു അവൾ ബസ് സ്റ്റാൻഡിൽ എത്തി.
എങ്ങനെ എങ്കിലും ഈ നാട്ടിൽ നിന്ന് രക്ഷപ്പെട്ടണം എന്നൊരു ചിന്ത മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളു. കൂടുതൽ നേരം ബസ് സ്റ്റാൻഡിൽ നിൽക്കുന്നത് അപകടം ആണെന്ന് തോന്നിയപ്പോൾ പേര് പോലും നോക്കാതെ അവൾ ഒരു ബസിൽ കയറി ഇരുന്നു. അവിടുന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്തു. പുലർച്ചെ ആകും വരെ ഉറങ്ങാതെ അവൾ ഇരുന്നു. പുലർച്ചെ കോഴിക്കോട് എത്തി എങ്ങോട്ട് പോകണം എന്ന് അറിയാതെ നിന്നപ്പോൾ ഒരാൾ അവളോട് വന്നു ചോദിച്ചു.
“ഒറ്റക്കെ ഉള്ളോ”??
അവൾ ഒന്ന് ഭയന്നു ഒന്നും മിണ്ടാതെ വിജനമായ റോഡിൽ കൂടെ നടന്നു. പുറകിൽ കൂടെ ആരോ അവളെ പിന്തുടരും പോലെ അവൾക്ക് തോന്നി. കാലിന്റെ വേഗത വർധിപ്പിച്ചു അവൾ ഇരുട്ടിൽ ഓടി കൊണ്ടിരുന്നു. റോഡിന്റെ ഇരു വശങ്ങളിൽ നിന്നുമായി, പുറകിൽ അവളെ പിന്തുടരുന്ന ആളുകളുടെ എണ്ണം വർധിച്ചു… ഇരുട്ടിന്റെ മറവിൽ ഓടി മറയുമ്പോൾ അവൾ നന്നായി കിതച്ചിരുന്നു. അമ്മേ എന്ന് ആയിരിക്കണം അവൾ നിലവിളിച്ചത്…. ആരും ഇല്ലാത്ത ഇടുങ്ങിയ വഴിയിൽ കൂടി വെളിച്ചം തേടി ഓടി വന്നപ്പോൾ അന്ന് ആദ്യം ആയാണ് അവർ കണ്ടു മുട്ടിയത്….
(തുടരും…)
രചന : അനു അനാമിക