രചന: കണ്ണൻ സാജു
“ഇന്നലത്തെ പോലെ ആറു മണി കഴിഞ്ഞു വീട്ടിലേക്കു കയറി വന്നാൽ ചൂലെടുത്തു നിന്റെ മോന്തക്ക് അടിക്കും ഞാൻ !” കോളേജിൽ പോവാൻ ഇറങ്ങിയ വൈഗ അമ്മയുടെ വാക്കുകൾ കേട്ടു ഞെട്ടലോടെ അമ്മയെ നോക്കി…
“നീ നോക്കുവൊന്നും വേണ്ടാ… പെണ്പിള്ളേര് ആറു മണിക്ക് മുന്നേ വീട്ടിൽ കയറിക്കോണം !”
പെൺപിള്ളേർ ആറു മണിക്ക് മുന്നേ വീട്ടിൽ കയറണം എന്ന് പറഞ്ഞു പഠിപ്പിക്കുന്ന അമ്മമാര് അതിനു പകരം ആൺപിള്ളേരോട് രാത്രി കാണുന്ന പെൺപിള്ളേരെ ഉപദ്രവിക്കരുതെന്നു പറഞ്ഞു വളർത്തിയാൽ തീരാവുന്ന പ്രശ്നമേ ഉളളൂ അമ്മ ഈ നാട്ടിൽ..
അവൾ ചിന്തിച്ചു നിന്നതും അനിയൻ മൂളിപ്പാട്ടും പാടി വന്നു….
“നീ ഇന്ന് രാത്രി വരുവോ അതോ ജിമ്മീടെ വീട്ടിലേക്കു പോവോ… ?”
“ഉറപ്പില്ലമ്മ… വരുന്നില്ലേൽ ഞാൻ വിളിച്ചേക്കാം’
വൈഗ അമ്മയെ സൂക്ഷിച്ചൊന്നു നോക്കി… ആണിനും പെണ്ണിനും രാത്രി ഇരുട്ടാണമ്മേ.. ! പെണ്ണ് മാത്രം പേടിച്ചു മാളത്തിൽ ഒളിക്കേണ്ടവൾ.. സംരക്ഷിക്ക പെടേണ്ടവൾ… !സ്വന്തം വീട്ടിൽ ആണ്മക്കൾക്കും പെണ്മക്കൾക്കും രണ്ട് രീതി ആണെങ്കിൽ പിന്നെ സമൂഹവും അങ്ങനല്ലേ കാണു?
“ഞാൻ ഇറങ്ങാ അമ്മാ”
“പറഞ്ഞത് മറക്കണ്ട…”
എന്താമ്മ ഇത്… വയറു വേദന ഒരു വഴിക്കു.. അതിന്റെ ഇടയ്ക്കു നിവിന്റെ ടോർച്ചറിങ്.. കൂടെ അമ്മയും… ! ഒരു ദിവസം ആരംഭിക്കുമ്പോൾ തന്നെ മനസ്സ് മടുക്കും. ************** പ്രിൻസിപ്പാളിന്റെ മുറി.
“ഇതിപ്പോ ആൺപിള്ളേരെക്കാൾ കഷ്ടമാണല്ലോ… ? മുടിക്ക് പിടിച്ചു വലിക്കുക.. തെറി പറയുക… മല്ലു പിടിച്ചു കോർട്ടിൽ കിടന്നു ഉരുളുക… നാട്ടുകാരുടെ മുന്നിൽ കോളേജിന്റെ വില കളയാനായിട്ടു !” പ്രിൻസി കലിയോടെ മുഷ്ടി ചുരുട്ടി…
വൈഗയും ഗാങ്ങും ഇപ്പുറത്തും ലിന്റയും ഗാങ്ങും അപ്പുറത്തും…
വൈഗയുടെ ഫോൺ വൈബ്രെറ്റ് ചെയ്തു… നിവിന്റെ മെസ്സേജ് ആണ്…
“എന്താടി ഫോൺ എടുക്കത്തെ *…. ഇന്നെനിക്കൊരു തീരുമാനം അറിയണം.. നിന്നോടു ഷോട്സിട്ട് തുടയും കാണിച്ചു കളിയ്ക്കാൻ ഇറങ്ങരുതെന്നു ഞാൻ പറഞ്ഞിട്ടുള്ളതല്ലേ?”
“വൈഗ… എന്തിനാ തല്ലുണ്ടാക്കിയത് ?” പ്രിൻസി എപ്പോഴും ലിന്റയുടെ സൈഡാണ്.. അത് വൈഗക്കും അറിയാം.. അവൾ ഫോൺ മാറ്റി പിടിച്ചു…
“അവരാണ് തുടങ്ങി വെച്ചത് മാം”
“എന്തിനാ തല്ലുണ്ടാക്കിയത് എന്നാണ് എന്റെ ചോദ്യം.. ചോദിക്കുന്നതിനു മാത്രം മറുപടി പറഞ്ഞാൽ മതി”
അത് കണ്ട ലിന്റ ചിരി മറക്കാൻ വായ പൊത്തി…
ഒരുപാട് നികളിക്കണ്ടടി… വൈഗ മനസ്സിൽ പറഞ്ഞു..
“വൈഗ.. ഞാൻ ചോദിച്ചത് കേട്ടില്ലേ?” ബിന്ദു പണിക്കരെ പോലെ ഇരിക്കുന്ന പ്രിൻസി മുരടി…
“കളിക്കിടയിൽ മനപ്പൂർവം ലിന്റ ഇവളുടെ വയറിൽ മുട്ടുകാലുകൊണ്ടു കുത്തി മാം.. അതാണ്”
“ഒരു കളി ആവുമ്പൊ അങ്ങോടും ഇങ്ങോടും തട്ടീന്നും മുട്ടീന്നും ഒക്കെ ഇരിക്കും.. അതിനു പിടിച്ചു തല്ലണോ?”
“ഞങ്ങള് തട്ടുമ്പോഴും മുട്ടുമ്പോഴും മാഡം ഇത് തന്നെ പറഞ്ഞാ മതി”
“കണ്ടോ കണ്ടോ.. അവളുടെ അഹങ്കാരം കണ്ടോ മാം” ലിന്റ പ്രിൻസിയെ ചൂട് കയറ്റി…
അപ്പോഴേക്കും വീണ്ടും നിനവിന്റെ മെസ്സേജ് വന്നു…
“രണ്ട് മൂന്ന് തവണ എല്ലാം കഴിഞ്ഞപ്പോഴേക്കും നിനക്കെന്നെ മടുത്തു കാണും.. അല്ലേ.. നീ വെറും വെ* ആണെടി…”
“വൈഗ… നിങ്ങള് ഒരു ബാച്ചല്ലേ… ഇങ്ങനെ തല്ല് കൂടിയാലോ.. അതും അവസാന വര്ഷം… ഇനിയെങ്കിലും ഒന്ന് സന്തോഷത്തോടെ പോടോ”
“എനിക്ക് പ്രശ്നം ഒന്നും ഇല്ല മാം.. അവരും അങ്ങിനെ പെരുമാറാൻ തയ്യാറാവണം” വൈഗ ലിന്റയെ നോക്കി പറഞ്ഞു
“എടി.. എന്താടി മിണ്ടാത്തത് ? നിന്നോടു ഞാൻ പറഞ്ഞിട്ടില്ലേ സ്കിൻ ഫിറ്റായിട്ടുള്ള ഒന്നും ഇട്ടോണ്ട് വരരുതെന്ന്… ഇന്നലെ നീ എന്നാടി ഇട്ടായിരുന്നെ? നീ സ്കൂട്ടറിൽ പോവുമ്പോ അവന്മാര് നിന്റെ….. നോക്കി കണ്ണ് മിഴിച്ചിരിക്കുന്ന കണ്ടു എന്റെ തൊലി ഉരിഞ്ഞു പോയി… എന്താടി ** മിണ്ടാത്തെ ?”
നിവിൻ വീണ്ടും കയർത്തു…
“ഞങ്ങളായിട്ടു ഇനി ഒന്നിനും പോവുന്നില്ല മാം”
ലിന്റെ പ്രിൻസിയെ കണ്ണടച്ച് കാണിച്ചു കൊണ്ടു പറഞ്ഞു..
“മം.. വൈഗ കേട്ടല്ലോ.. ഇനി മേലാൽ ഇതാവർത്തിക്കരുത്… ആരേലും വല്ല വിഡിയോയും എടുത്തു ഇട്ടിരുന്നേൽ തീർന്നേനെ.. നാണക്കേട്.. മം.. പൊക്കോ എല്ലാം…”
അവർ പുറത്തേക്കിറങ്ങി…
വൈഗ നിവിനു എന്ത് മറുപടി പറയണം എന്നറിയാതെ നിന്നു..
“ഡി… ഇന്ന് ഗ്രൗണ്ടിലേക്ക് വരില്ലേ നീ… മുള്ളിക്കും മോളേ നിന്നെ ഞാൻ…” ലിന്റ അവളെ ചൊറിഞ്ഞു..
വൈഗ ദേഷ്യം കടിച്ചു പിടിച്ചു മിണ്ടാതെ നിന്നു
“എന്തെടി.. ? നാവിറങ്ങി പോയോ… ?”
“ലിന്റ പ്ലീസ്.. എനിക്ക് വഴക്കിനടക്കാൻ താല്പര്യം ഇല്ല.. എന്നെ വെറുതെ വിട്” വൈഗ ഒഴിഞ്ഞു മാറി നടന്നു…
“ഇവക്കിത് എന്നാ പറ്റി… അല്ലേൽ തല എടുക്കാൻ വരുന്നതാണല്ലോ !” ലിന്റ കൂട്ടുകാരോട് ചോദിച്ചു..
“ശരിയാ ഞാൻ ഒരടി പ്രതീക്ഷിച്ചു !” കൂട്ടുകാരിൽ ഒരാൾ പറഞ്ഞു..
*************
വൈകുന്നേരം ഗ്രൗണ്ട്.
കളി നിർത്തി കയറി പോവുന്ന ലിന്റയും കൂട്ടരും.. അന്ന് കളിക്കാതെ ഗ്രൗണ്ടിൽ ഒരു മൂലയിൽ ഇരിക്കുന്ന വൈഗയെ നോക്കി കൂട്ടുകാരോട് കമന്റ് പറയുന്ന ലിന്റ
“ഇവക്കെന്തെടി പറ്റിയത് ? പുലിക്കുട്ടി പൂച്ചക്കുട്ടി ആയോ.. അതോ പേടിച്ചിട്ടാണോ ?”
“ഒരു പിടുത്തോം കിട്ടുന്നില്ലല്ലോ… ഇന്ന് ക്ലാസ്സിലും ഇങ്ങനെ ഇരിക്കുന്ന കണ്ടെ.. മോന്തേം വീർപ്പിച്ചു “വൈഗയുടെ ക്ലാസ്സിൽ പഠിക്കുന്ന ലിന്റയുടെ കൂട്ടുകാരി പറഞ്ഞു..
നിവിന്റെ കോൾ വന്നു
“ഹെലോ”
“എവിടെഡി നീ.. നിനക്ക് മെസേജ് അയച്ചാ എന്തെങ്കിലും തിരിച്ചയച്ചൂടെ…?? അതോ എന്നെ മടുത്തോ?”
“നിവിൻ… ഇത് ഒരുപാട് ഓവർ ആണ്… എനിക്കി പ്രഷർ ഇനിയും താങ്ങാൻ വയ്യ.. നീ മുന്നത്തെ പോലെ അല്ല.. ഞാൻ ഇഷ്ടപ്പെട്ടപ്പോൾ എങ്ങനായിരുന്നോ അങ്ങനല്ല ! എനിക്ക് ഇനിയും താങ്ങാൻ വയ്യ നിവിൻ.. നമുക്കിത് ഇവിടെ അവസാനിപ്പിക്കാം !” അവൾ കരഞ്ഞു കൊണ്ടു പറഞ്ഞു..
“ഓഹോ… ** മോളേ.. അപ്പൊ ഞാൻ ഊഹിച്ച പോലെ തന്നെ.. നിനക്ക് സൂക്കേട് മാറിയപ്പോ എന്നെ മടുത്തു..”
“നിവിൻ പ്ലീസ്.. എന്നെ തെറി വിളിക്കരുതെന്ന് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട് ?” അവൾ അവനോടു കെഞ്ചി….
“നിന്നെ അല്ല നിന്റെ തന്തേനേം ഞാൻ വിളിക്കും”
“നിവിൻ പ്ലീസ്.. എന്റെ അച്ഛനെ മാത്രം പറയരുത്.. അതെനിക്ക് സഹിക്കില്ല”
“എന്ത്യേടി നിന്റെ ** തന്തക്കു എന്താ കൊമ്പുണ്ടോ ?”
വൈഗ ഇടിവെട്ട് ഏറ്റ പോലെ നിന്നു
“എന്തെടി * മിണ്ടാത്തെ ?”
“ഞാൻ വെക്കുവാണ് നിവിൻ.. ഇനിയും എന്നെ ശല്യം ചെയ്യരുത് പ്ലീസ്.. എനിക്ക് ഇത് താങ്ങാൻ വയ്യ !”
അവൾ ഫോൺ കട്ട് ചെയ്തു സ്വിച് ഓഫ് ചെയ്തു വെച്ചു…
കാറിനരുകിൽ ബൂട്ടും സോക്സും ഒക്കെ അഴിച്ചു വെള്ളം കുടിച്ചു കൊണ്ടിരുന്ന ലിന്റക്കും കൂട്ടർക്കും മുന്നിലൂടെ നിവിൻ ബൈക്കിൽ ചീറി പാഞ്ഞു ഗ്രൗഡിലേക്കു പോയി..
“ഹയ് ഈ ചുള്ളൻ അവള്ടെ ഗഡി അല്ലേ?.” ലിന്റ ഒരുത്തിയെ നോക്കി ചോദിച്ചു..
“ആ അതന്നെ.. ദിവ്യ പ്രണയം…”
“അവനുമായി എന്തേലും പിണക്കമായിരിക്കും… അതാ കുട്ടി അണ്ടി പോയ അണ്ണാനെ പോലെ ഇരുന്നത്…”
അവളുടെ വാക്കുകൾ കേട്ടു എല്ലാവരും പൊട്ടി ചിരിച്ചു…
ഈ സമയം അവരുടെ കൂട്ടത്തിൽ ഒരുത്തി ഓടി വന്നു..
“എന്ത്യേടി ഓടി കിതച്ചു ചാവാൻ പാകത്തിന് വന്നേ ?”
ലിന്റ അവളെ കണ്ടു അതിശയത്തോടെ ചോദിച്ചു
“എടി.. ആ വൈഗയുടെ ചെറുക്കൻ ഇല്ലേ..”
“ആ”
“എന്തോ.. എന്തോ വഴക്കാന്നു തോന്നണു അവൻ കയ്യിൽ ആസിഡുമായി വന്നേക്കുന്നെ ”
ലിന്റ ഞെട്ടലോടെ അവളെ നോക്കി..
“നിനക്ക് തോന്നിയതാവും”
“അല്ലാടി… അവൻ പിന്നിൽ പിടിച്ചോണ്ട് പോണത് ഞാൻ കണ്ടതാ”
ഗ്രൗണ്ട്..
കൈകൾ രണ്ടും പിന്നിൽ പിടിച്ചു വന്ന അവൻ വൈഗയുടെ പിന്നിൽ അരികിൽ എത്തി നിന്നു..
കൈകൾ കൊണ്ടു കാലുകൾ കൂട്ടി പിടിച്ചു മുട്ടുകാലിൽ മുഖം കമിഴ്ത്തി ഇരിക്കുവായിരുന്ന വൈഗ അവനെ കണ്ടു ഞെട്ടലോടെ എണീറ്റു…
“എന്നെ പറ്റിച്ചിട്ടു സുഖായിട്ടങ്ങു ജീവിക്കന്നു കരുതീലെ…?”
വൈഗ രണ്ടടി പിന്നോട്ട് മാറി
“ഞാൻ പറ്റിച്ചിട്ടില്ല നിവിൻ.. ഇപ്പോഴത്തെ നിന്നെ എനിക്ക് അസെപ്റ്റു ചെയ്യാൻ പറ്റുന്നില്ല.. എനിക്കൊരു ഫ്രീഡം ഇല്ല… മനസ്സിന് സ്വസ്ഥത ഇല്ല… ഇങ്ങനെ പോയ ഞാൻ തലപൊട്ടി ചാവും നിവിൻ പ്ലീസ് എന്നെ ഒന്ന് മനസ്സിലാക്ക്”
“അപ്പൊ എന്റെ കൂടെ കിടന്നതൊക്കയോ ? ഉം.. ഉം.. തമാശക്കാ? ആണോ?” അവൻ ഒരു ഭ്രാന്തനെ പോലെ പെരുമാറി
“നിവിൻ നീ എന്റെ ശരീരത്തെ മാത്രേ പ്രണയിച്ചിട്ടുള്ളു മനസ്സിനെ ഇല്ല…”
“അപ്പൊ നിന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല ?”
“ഒരു പെണ്ണ് നോ എന്ന് പറഞ്ഞാൽ അതിനർത്ഥം നോ ആണ് നിവിൻ… എനിക്ക് സമാധാനമായി ജീവിക്കണം”
“ഈ സൗന്ദര്യം ഉണ്ടങ്കിൽ അല്ലേ നിന്നെ വേറൊരുത്തൻ നോക്കുവോളു ? അതങ്ങു പോയാലോ ?”
അവൻ കയ്യിൽ കരുതിയ ആസിഡ് മുന്നോട്ടു എടുത്തതും
പിന്നിൽ നിന്നും
“ഡാ”
ലിന്റയുടെ വിളികേട്ടു തിരിഞ്ഞ നിവിൻ ഞെട്ടി.. പിന്നിൽ നിറച്ചും പെൺകുട്ടികൾ… അത് കണ്ട വൈഗയും ഞെട്ടി
“എന്താ മോനേ നിന്റെ പ്രശ്നം?”
ലിന്റ ഇടുപ്പിനു കയ്യും കൊടുത്തു നിന്നു ചോദിച്ചു
“എന്റെ കയ്യിൽ ഇരിക്കുന്നത് ആസിഡ് ആണ് !”
അവൻ വിറയലോടെ പറഞ്ഞു..
“അപ്പോ അതാണോ നിന്റെ പ്രശ്നം?”
ലിന്റ കളിയാക്കി ചോദിച്ചു
“എന്റെ അടുത്തേക്കെങ്ങാനും വന്നാ ഇതിവളുടെ മോന്തക്ക് ഒഴിക്കും ഞാൻ”
അവൻ ആസിഡ് ഓങ്ങി കൊണ്ടു പറഞ്ഞു
“##### പിറന്നവനാണെ ഒഴിയട… ഒഴിച്ചിട്ടു നീ എങ്ങോട് പോവും? പട്ടിയെ തല്ലുമ്പോലെ ഇവിടിട്ടു തല്ലി കൊല്ലും നിന്നെ ഞങ്ങൾ.. താഴെ ഇടെടാ അത്”
ലിന്റ അലറി…
“വേണ്ടാ..”
ആസിഡും നീട്ടി വിറച്ചു കൊണ്ടു നിവിൻ വീണ്ടും പറഞ്ഞു..
“മര്യാദക്ക് അത് എറിഞ്ഞു കളഞ്ഞോ… ഇല്ലേ പിന്നെ നിന്നെ പെറ്റ തള്ള കണ്ടാൽ പോലും അടയാളം അറിയത്തില്ല”
നിവിൻ ഭയത്തോടെ നിന്നു… വൈഗ ഓടി മാറി ലിന്റക്കു അരികിലേക്ക് വന്നു….
“സൂഫി പിടിയടി അവനെ” വെറുതെ അവന്റെ ശ്രദ്ധ തെറ്റിക്കാൻ ലിന്റ പുറകിലേക്ക് നോക്കി വിളിച്ചു.. അവൻ പുറകിലേക്ക് ഭയത്തോടെ നോക്കിയതും ലിന്റ അവനെ പിന്നിൽ നിന്നും ചവിട്ടി വീഴ്ത്തി.. അവന്റെ കയ്യിൽ നിന്നും ആസിഡ് തെറിച്ചു വീണു… തേനീച്ച കൂട്ടം പൊതിയും പോലെ ചുണക്കുട്ടികൾ ആയ പെൺകുട്ടികൾ ഒരു വരവിങ് വന്നു….
വൈഗ നിറ കണ്ണുകളോടെ ലിന്റയെ നോക്കി…
“പെണ്ണിനൊരു പ്രശ്നം വരുമ്പോൾ മറ്റു പെണ്ണുങ്ങൾ അല്ലാതെ ആരെടി കൂടെ നിക്കാൻ… കൂടെ പത്ത് പേരുണ്ടലോ കയ്യിൽ ആയുധം ഉണ്ടേലോ എന്തേലും ചെയ്യാമെന്ന തോന്നൽ ഇങ്ങനുള്ളവന്മാർക്കു ഉണ്ടേൽ അത് നമുക്കും പറ്റും”
വൈഗ പുചിരിച്ചു….
“നീ ചിരിക്കുവോന്നും വേണ്ട.. ഇന്ന് കളിയ്ക്കാൻ ഇറങ്ങത്തൊണ്ടു നീ രക്ഷപെട്ടു.. നാളെ നീ വാ.. മുള്ളിക്കും ഞാൻ”
“പോടീ…”
വൈഗ ചിരിച്ചു കൊണ്ടു അവളെ കെട്ടിപ്പിടിച്ചു.. ലിന്റ ഒരു ചിരിയോടെ അവളെയും…
“പെണ്ണ് പെണ്ണിനെ പിന്തുണക്കുന്ന കാലം വരാതെ ഒരു മാറ്റവും വരാൻ പോവുന്നില്ല…. ഒരുമായാണ് ബലം.. ബലമാണ് ഭയം 😊❤️”
( ഈ കഥ എല്ലാ ആണുങ്ങളെയും മോശക്കാരാക്കി ഉള്ളതല്ല.. പെണ്ണ് ആണിന്റെ അടിമയാണെന്നും അധികാരം ആണിന്റെ മാത്രം അവകാശം ആണെന്നും ചിന്തിക്കുന്നവരെ കരുതി മാത്രം ആണ്. )
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…
രചന: കണ്ണൻ സാജു