രചന : സൗമ്യ ദിനേഷ്…
അമ്പലത്തിൽ പോയി വരും വഴിയാണ് ശ്രീയെ കണ്ടത്.അടുത്ത മാസം വിവാഹമാണ്. മുറച്ചെറുക്കനായത് കൊണ്ട് കണ്ടാലും സംസാരിച്ചാലും ആർക്കും വിരോധമില്ല. അതോണ്ട് ഇടയ്ക്കിങ്ങനെ കാഴ്ചകൾ പതിവാണ്. ദിയ ചിരിച്ചു. ആലിനടുത്തെത്തിയതും അവനൊന്ന് നിന്നു.
“എന്താടാ നീയെന്താ നിന്നത്. വരുന്നില്ലേ. ”
“നീയാ ചേച്ചിയെ കണ്ടോ ദിയ… ”
“ആ ബ്ലാക്ക് സാരിയാണോ ടാ.. ”
“അതേടീ.. നോക്ക്. ”
“എന്താടാ.. ”
“ടീ. നീ ഇവിടിരിക്ക്.ഞാൻ പറയാം ”
ആൽത്തറയിലേക്ക് കയറി അവരിരുന്നു.
“ഏതാടാ ആ ചേച്ചി. ന്താ കാര്യം ”
“നീ പ്രണയിച്ചിട്ടുണ്ടോ ടീ പോത്തേ” “ഉണ്ടെങ്കി..”
“ഇല്ല. നീയൊന്നും പ്രണയിച്ചിട്ടില്ല. അവരെ നോക്ക്. നിനക്കെന്തെലും തോന്നുന്നുണ്ടോ. ”
ദിയ അവരെ നോക്കി. കറുപ്പിൽ പിങ്ക് ചിത്രപ്പണികളുള്ള സാരി. പിങ്ക് കളറിലുള്ള ബ്ലൗസ് കയ്യിൽ കരിവള. കഴുത്തിൽ ഒരു കറുത്ത ചരടും അതിന്റെയറ്റത് ഒരു ആലില താലിയും. വേഷം ചെറുതായി മുഷിഞ്ഞതുപോലുണ്ട്. ന്നാലും കുഴപ്പൊന്നൂല്യ..
“ന്തേ ശ്രീ നീയങ്ങനെ ചോദിച്ചത്. എനിക്കൊന്നും തോന്നില്ല.”
“അവർ കഴിഞ്ഞ നാലഞ്ചു വർഷായിട്ട് ഈ അമ്പലത്തിൽ ഇടയ്ക്കിടയ്ക്ക് വരാറുണ്ട്. ”
“അതിനിപ്പോ ന്താ.. അമ്പലത്തിൽ വരുന്നോണ്ട്. ”
“ഓ.. ഒന്ന് മിണ്ടാതിരുന്നു കേൾക്കെടീ പോത്തേ.. ”
“പറ.. ”
“ആദ്യമൊക്കെ ഞാനും അവരൊരു സാധാരണ വീട്ടമ്മ എന്ന് തന്ന്യാ കരുതിയെ. എന്നാ തിരുമേനി പറഞ്ഞപ്പഴാ ഞാനറിയുന്നേ.. ”
“എന്ത്. ”
“ഓ.. തുടങ്ങി വീണ്ടും.. ദേ പെണ്ണെ.” “അയ്യോ.. ഇല്ല ഇല്ല സത്യായിട്ടും ഇനി മിണ്ടൂല..”
അവരുടെ പേര് ശിവപ്രിയ. ഒരു ചേച്ചിയുണ്ട് ദേവപ്രിയ. അച്ഛന്റെയും അമ്മയുടെയും കണ്മണികൾ. നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവർ. ദേവപ്രിയ എന്ന ദേവൂട്ടി.. സംഗീതത്തിൽ അവളെ വെല്ലാനാരും ആ നാട്ടിലുണ്ടായിരുന്നില്ല. ശിവപ്രിയ എന്ന ശിവയ്ക്കാകട്ടെ ചിലങ്കകളോടായിരുന്നു പ്രിയം.
ആണ്മക്കളില്ലാത്തതു കൊണ്ടാവാം അച്ഛനുമമ്മയും പൂർണസ്വാതന്ത്ര്യം കൊടുത്തു ആൺമക്കളെ വളർത്തുംപോലെ തന്നെയായിരുന്നു അവരെ വളർത്തിയത് എന്നാലും ശിവ ദേവുവിനെക്കാൾ സാധുവായിരുന്നു. എഴുത്തിനെയും അന്ധമായി പ്രണയിച്ചിരുന്നവൾ. എഴുതാൻ തുടങ്ങിയ അന്ന് മുതൽ അവളൊരു പേരിനെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. ചിലങ്കയെപോലെ തന്നെ ആ പേരും അവളുടെയുള്ളിൽ പ്രണയനിലാവ് തീർത്തു.അവളുടെ ഈ ഭ്രാന്ത് കണ്ട് ദേവു അവളെ കളിയാക്കി.
“നിനക്ക് വട്ടുണ്ടോ ശിവ. ആരാ എവിട്യ ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയാതെ ഒരു പേരിനെ ഇത്രമേൽ ഇഷ്ടപ്പെടാൻ”
“അതെ. എനിക്ക് വട്ടാ. അതിന് ദേവേച്ചിക്കു കുഴപ്പൊന്നൂല്ല്യാലോ. അങ്ങനൊരാൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. വരും. എന്നെത്തേടി. എന്നെങ്കിലും. എന്നിലെ പ്രണയത്തിനു കാവലാളാവാൻ. എന്റെ ഇഷ്ടങ്ങളെ നെഞ്ചോട് ചേർക്കാൻ. എന്റെ സ്വപ്നങ്ങളെ താലോലിക്കാൻ.. പാതിയാക്കിയ എന്റെ ചിത്രങ്ങളിൽ ഏഴുവർണങ്ങൾ ചാലിച്ചു പൂർണമാക്കാൻ അവൻ വരും. ഈണമില്ലാതെ ഞാനെഴുതിയ എന്റെ കവിതകൾക്ക് പുതുജീവനേകി ആരും കൊതിക്കുന്ന മനോഹരകാവ്യങ്ങളാക്കി മാറ്റുവാൻ.അവൻ വരും ശിവയുടെ മനു… ”
“ശിവാ.. മതി. നിന്റെയീ ഭ്രാന്ത് കാണുമ്പോൾ ഭയമാകുന്നു കുട്ടീ. വേണ്ട. നിർത്ത്. അങ്ങനൊരാൾ ഉണ്ടെങ്കിൽ തന്നെ പേര് അതായിരിക്കും എന്നുള്ള തിന് എന്താണുറപ്പ്. ”
“ഉറപ്പുണ്ട് ദേവേച്ചി. എന്റെ പ്രണയത്തിൽ എനിക്ക് വിശ്വാസമുണ്ട്.”
” മതി ശിവാ. വാ വന്ന് വല്ലതും കഴിക്ക്.”
ദേവു ഭയപ്പെട്ടത് തന്നെ സംഭവിക്കുകയായിരുന്നു പിന്നീട്. നാട്ടിലെല്ലാവരും അടക്കം പറഞ്ഞു തുടങ്ങിയിരിക്കുന്നു.
“ചിറ്റേടത്തെ താഴെയുള്ള കൊച്ചിന് എന്തോ കുഴപ്പം ണ്ടത്രേ… പഠിക്കാൻ പോയിടത്തുന്നു ഏതോ പ്രേമത്തിൽ പെട്ടുത്രേ. ഇപ്പോ അവനുല്ല്യ കൊച്ചു കയ്യീന്ന് പോകും ചെയ്തു..”
നാട്ടിലെ സംസാരം ഇത് മാത്രമായതും താനറിയാതെ തന്നിലേക്കൊരു ഭ്രാന്തിന്റെ പരിവേഷം വന്നു ചേരുന്നതും ശിവയറിഞ്ഞില്ല. അച്ഛൻ എല്ലാമറിഞ്ഞതും അന്നാദ്യമായി അവളെ തല്ലി. മകളുടെ ജീവിതം തകരുന്നത് അധികനാൾ കണ്ടു നില്ക്കാൻ ആ സാധുവിനായില്ല. ഒരു മുഴം കയറിൽ ആ വീടിന്റെ ഉത്തരത്തിലയാൾ അവസാനിച്ചു. അച്ഛന്റെ മരണം ദേവുവിനും താങ്ങാവുന്നതായിരുന്നില്ല.
താളം തെറ്റിയ മനസുമായി കോളജിലേക്ക് യാത്രയായ ദേവുവിന് അവിടെ വെച്ച് കിട്ടിയ കൂട്ടായിരുന്നു റിയാസ്. അന്യമതസ്ഥനായ അയാളെ പ്രണയിച്ചതിന്റെ പേരിൽ വീണ്ടും ആ കുടുംബം നാട്ടിൽ ഒറ്റപ്പെട്ടു. താങ്ങാവുന്നതിലും കൂടുതൽ വേദനകൾ ഉള്ളത് കൊണ്ടാവാം ആ അമ്മയെയും തിരിച്ചു വിളിച്ചു ദൈവങ്ങൾ..
“അപ്പോ ശിവ..”
“ടീ.. മുഴുവൻ പറയണോ അതോ ഇവിടെ നിർത്തട്ടെ ഞാൻ”
“അയ്യോ വേണ്ട ശ്രീ.. സോറി. ഇനി പറയില്ല്യ. നീ പറഞ്ഞോ”.
“ഒറ്റയ്ക്കായ അവർക്കൊപ്പം കാവലായി റിയാസ് നിന്നു. ദേവയുടെ ഇഷ്ടപ്രകാരം ഒരു താലിച്ചരടവൻ അവളുടെ കഴുത്തിലണിയിച്ചു. ശിവയെ ഒരു മനഃശാസ്ത്രജ്ഞന്റെ അടുത്തെത്തിച്ചാൽ രക്ഷപ്പെടുത്താമെന്നു ദേവയും റിയാസും കരുതി. എന്നാൽ ശിവയ്ക്ക് സമ്മതമായിരുന്നില്ല.
ഇതിനിടയിൽ ദൈവാനുഗ്രഹം പോലെ ദേവ ഒരു കുഞ്ഞിന് ജന്മം നൽകി. ശിവദ… ശിവയ്ക്കും ദേവയ്ക്കും റിയാസിനുംഅവൾ വേനലിലെ കുളിർമഴയായി. അസ്വസ്ഥതകൾ മാത്രം നിറഞ്ഞ അവരുടെ ജീവിതത്തിനു പുതുവസന്തമായി ആ പൂമ്പാറ്റ. എന്നാൽ ദൈവങ്ങൾ പലപ്പോഴും കല്ലുവിഗ്രഹങ്ങൾ മാത്രമായി തീരുന്ന ചില നിമിഷങ്ങളുണ്ടല്ലോ.. അങ്ങനെയൊരു നിമിഷത്തിൽ അവർക്കിടയിൽ നിന്നും വിട പറയേണ്ടി വന്നത് റിയാസിനായിരുന്നു.
പാഞ്ഞു വന്ന ലോറിക്കടിയിൽ ആകെയുണ്ടായിരുന്ന പ്രതീക്ഷയും അസ്തമിച്ചു. അതോടെ ദേവപ്രിയ സംഗീതം മറന്നു. ശിവയേയും ശിവദയെയും മറന്നു. ചങ്ങലയിൽ ബന്ധിതയായി ദേവപ്രിയ എന്ന ദേവൂട്ടി മാറി. ഈണം മറന്നൊരു പാട്ടായി ആ വീടിന്റെ ഏതോ ഒരു മൂലയിൽ. ശിവ ഇപ്പോഴും ജീവിക്കുന്നു സ്വയം എടുത്തു കഴുത്തിലണിഞ്ഞ ഒരു കറുത്ത ചരടിൽ കൊരുത്ത താലിയുമായി. ശിവദയെ നോക്കുന്നതും സ്കൂളിൽ വിടുന്നതും അവളാണ്. അവളുണരും മുൻപേ രണ്ടു വട്ടമെങ്കിലും ആ നാട്ടിലെ ഇടവഴികളിലൂടെ ശിവ ഒന്ന് നടക്കും. തന്നെക്കാത്ത് മനു എവിടെയെങ്കിലും നിൽപ്പുണ്ടോ എന്ന് നോക്കി. രാത്രിയിലും ഇത് തന്നെ പതിവ്. ഇരുട്ടിനെപ്പോലും ഭയക്കാതെ ഇറങ്ങി നടക്കും.ഇനി പറ.. നീ പ്രണയിച്ചിട്ടുണ്ടോടീ ഇങ്ങനെ”.
ശ്രീ കണ്ടു. നിറഞ്ഞ കണ്ണുകളോടെ ദിയ അവനെത്തന്നെ നോക്കിയിരിക്കുന്നത്.
“ശിവയെ പോലെ ശിവ മാത്രേ ഉള്ളൂ ടാ. പാവം ല്ലേ..”
” അയ്യേ.. നീ കരഞ്ഞോ പെണ്ണെ. സാരല്യ. പ്രണയം അറിഞ്ഞവർ അങ്ങനാടീ. വാ നമുക്ക് പോകാം. ”
അവർ നടന്നു നീങ്ങി.
ശിവയും ക്ഷേത്രത്തിന്റെ നടകളിറങ്ങി. പക്ഷേ അവളറിയാതെ രണ്ടു കണ്ണുകൾ അവളെ പിന്തുടരുന്നുണ്ടായിരുന്നു. പണ്ടെങ്ങോ ശിവപ്രിയയെന്ന നർത്തകിയെ മനസിൽ ആവാഹിച്ചു കൊണ്ട് നടന്ന അനിരുദ്ധൻ. സ്ഥലത്തെ പ്രധാന റൗഡി. അവനെ പേടിച്ചാവണം ആരും ദേവയേയും ശിവയേയും ഉപദ്രവിക്കാൻ തുനിയാത്തതും. രാത്രിയിൽ അവർക്കു കാവലായി അയാളുണ്ടാവും അവിടെ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ.. അതും ഒരു ഭ്രാന്തൻ പ്രണയം..
രചന : സൗമ്യ ദിനേഷ്…