കടലമിട്ടായി, തുടർക്കഥ (ഭാഗം:3) വായിക്കുക…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

ഭാഗം: 2……👇

ഒന്നാം ഭാഗം വായിക്കൂ…

രചന : അനു അനാമിക

അയാൾ അവളുടെ അടുത്തേക്ക് നടന്നു വന്നു. കുട്ടിമാളു പുരികം വളച്ചു അവനെ ഒന്ന് നോക്കി. “ഡി കടലമിട്ടായി നീ എന്താ എന്നെ ആദ്യം കാണുകയാണോ ഇങ്ങനെ നോക്കുന്നെ”?? അയാൾ ചോദിച്ചു…. കുട്ടിമാളു പെട്ടെന്ന് മുഖം വെട്ടിച്ചു.

“എന്റെ പേര് കടലമിട്ടായി എന്നല്ല ഇന്ദ്രിക എന്നാ”… “ആ എന്ത് ചന്ദ്രിക ആയാലും നിന്നെ ഞാൻ കടലമിട്ടായി എന്നേ വിളിക്കു”… “അത് താൻ തന്റെ വീട്ടിൽ പോയി തന്റെ പെണ്ണുംപിള്ളയെ വിളിച്ചാൽ മതി”… “ശോ ആ പോസ്റ്റ്‌ ഒഴിഞ്ഞു കിടക്കുവാ കടലമിട്ടായി റെഡി ആണെങ്കിൽ ഞാൻ വേണമെങ്കിൽ ആ പോസ്റ്റിലേക്ക് ഒരു അഡ്മിഷൻ തരാം”… “ഓ എന്തിനാ ?? സസ്പെന്ഷൻ കിട്ടി വീട്ടിൽ ഇരിക്കുമ്പോൾ കടല വറുത്തു തിന്നാനോ”?? “ഏഹ്… നീ ഇത് എങ്ങനെ അറിഞ്ഞു”?? “തല്ലിപ്പൊളികളുടെയും ഗുണ്ടകളുടെയും ഫോട്ടോ പത്രത്തിൽ വരാറുണ്ട്”….കുട്ടിമാളു പറഞ്ഞു. “ഗുണ്ട നിന്റെ തന്ത”…

“ഡോ സൂക്ഷിച്ചു സംസാരിക്കണം”,…കുട്ടിമാളു അയാൾക്ക്‌ നേരെ വിരൽ ചൂണ്ടി. ആ വിരലിനിട്ടു അവൻ അവന്റെ ചൂണ്ടു വിരൽ നീട്ടി ഒരു തട്ട് കൊടുത്തു. “ഒഞ്ഞു മാറി നിൽക്കെടി”…എന്ന് പറഞ്ഞു. എന്നിട്ട് അയാൾ ചിഞ്ചുവിന്റെ അടുത്തേക്ക് നടന്നു. എന്നിട്ട് ചിഞ്ചുവിനോട് പറഞ്ഞു “ഡി I love You”…കുട്ടിമാളു അത് കേട്ടു ഒന്ന് ഞെട്ടി.ചിഞ്ചുവും ഏകദേശം കിളി പോയ അവസ്ഥയിൽ നിന്നു. “എന്താ ഇവിടെ ??ക്ലാസ്സിൽ പോകാറായില്ലേ നിങ്ങൾക്കു”??ശബ്ദം കേട്ട് കുട്ടിമാളു നോക്കിയപ്പോൾ മാത്‍സ് പഠിപ്പിക്കുന്ന സൂര്യ മിസ്സ്‌. കുട്ടിമാളു തിരിഞ്ഞു നിന്ന് ചിഞ്ചുവിനെ നോക്കിയപ്പോൾ ആ മനുഷ്യൻ അവിടെ ഇല്ലാരുന്നു. “ആ പോകുവാ മിസ്സ്‌ ബസ് ലേറ്റ് ആരുന്നു”,…എന്ന് പറഞ്ഞു അവർ തടിയൂരി. അവർ രണ്ടും സ്കൂളിലേക്ക് നടന്നു…… ”എടി അയാൾ എന്തിയെ”?കുട്ടിമാളു ചോദിച്ചു. “നീ ആ വെയ്റ്റിംഗ് ഷെഡിൽ നോക്ക്”…ചിഞ്ചു പറഞ്ഞു. കുട്ടിമാളു നോക്കിയപ്പോൾ ആള് അവിടെ ഇരിക്കുന്നു. കുട്ടിമാളു അയാളെ നോക്കി അല്പം രൂക്ഷമായി. അയാൾ അന്നേരം ചുണ്ട് കൊണ്ട് ഒരു കോക്രി കാണിച്ചു ഉമ്മ കൊടുക്കും പോലെ. പെട്ടെന്ന് കുട്ടിമാളു വല്ലാതായി. അവൾ ചുണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് ആട്ടി കോക്രി കുത്തി ഓടി. അവർ വേഗം സ്കൂളിലേക്ക് നടന്നു.അവർ ക്ലാസ്സിൽ എത്തി പക്ഷെ കുറച്ച് ലേറ്റ് ആയി പോയത് കൊണ്ട് ആ പീരിയഡ് വെളിയിൽ നിൽക്കാൻ ഫിസിക്സ്‌ ടീച്ചർ പറഞ്ഞു. അവർ ബാഗ് നിലത്ത് വെച്ച് ഭിത്തിയിൽ ചാരി നിന്നു. “അല്ലേലും ബോർ ആണ് ഫിസിക്സ്‌. രാവിലെ ഉറങ്ങാം എന്നോർത്ത് മാത്രമാണ് ഞാൻ വന്നത്. മിസ്സ്‌ അന്നേരം സെക്യൂരിറ്റി ആക്കുന്നു വിചാരിച്ചില്ല. ഹോ എന്തൊരു വെയില്”…

കുട്ടിമാളു പറഞ്ഞു. അവൾ അത് പറഞ്ഞ് ചിഞ്ചുവിനെ നോക്കി അവൾ നോക്കെത്താ ദൂരത്തു കണ്ണും നട്ട് നിൽക്കുന്നു. കുട്ടിമാളു ഊതി നോക്കി അനക്കമില്ല കൈ കൊണ്ട് വീശി നോക്കി അനക്കമില്ല അവസാനം കയ്യിൽ കയറി പിച്ചി. “ഡി പോത്തേ”…കുട്ടിമാളു ചിഞ്ചുവിനെ വിളിച്ചു. “എന്താടി എരുമേ”?? “നീ ഇത് ഏത് ലോകത്ത് പോയി കിടക്കുവാ”?? “നീ എന്താ ഇപ്പോ പറഞ്ഞത്”?? “ഹാ ബെസ്റ്റ് പോത്തിനോട് വേദം ഓതിയിട്ട് എന്ത് കാര്യം !! ഒന്നുല്ല മോള് സ്വപ്നം കണ്ടോട്ടോ”….കുട്ടിമാളു പറഞ്ഞു. “ഹോ എന്തൊരു കഷ്ടവാ, ഇത് ഒന്ന് വായിൽ നോക്കാൻ പോലും ഒരാൾ ഇല്ല”… “ചിഞ്ചു”….മിസ്സ്‌ അവളുടെ പേരും വിളിച്ചോണ്ട് പുറത്തേക്കു വന്നു. “Yes മിസ്സ്‌”..

“Get into the class”…മിസ്സ്‌ പറഞ്ഞു. ചിഞ്ചു ബാഗ് എടുത്തുകൊണ്ടു അകത്തേക്ക് നടന്നു. അവളുടെ ഒപ്പം കുട്ടിമാളുവും ബാഗ് എടുത്തു. “ഇന്ദ്രിക ഇവിടെ നിക്ക്. കയറാൻ സമയം ആകുമ്പോൾ ഞാൻ പറയാം. എന്തൊരു വർത്തമാനം ആണ് ഇത്.കൂടെ ആളുണ്ട് എങ്കിൽ അല്ലേ സംസാരിക്കു”…മിസ്സ്‌ അതും പറഞ്ഞു അകത്തേക്ക് പോയി. “അല്ലേലും ഈ കണക്ക് ടീച്ചർമാർ കണക്ക് തന്നെയാ. എല്ലാവരും ചാക്കോ മാഷിന്റെ അതേ പോലെയാ.ഭൂമിയുടെ സ്പന്ദനം കണക്കിൽ ആണ്. ഫിസിക്സ്‌ഉം ഇപ്പോ അറുബോറാ കണക്ക് തന്നെ കണക്ക് “…അവൾ മനസ്സിൽ ഓർത്തു. പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാതെ വായും പൊളിച്ചു ആകാശത്തേക്ക് നോക്കി നിൽക്കുമ്പോൾ ആണ് പ്രിൻസിപ്പൽന്റെ മുറിയിൽ 3/4ചേട്ടന്മാരെ കണ്ടത്. അവരെ നോക്കി നിന്ന് നേരം കളയാം എന്ന് ഓർത്തപ്പോൾ അതാ ഒരു കുളക്കോഴി ഇങ്ങോട്ട് കൊത്താൻ വരുന്നു. ഒട്ടും കുറച്ചില്ല നല്ലൊരു ചിരിയും സൈറ്റ് അടിയും പാസ്സാക്കി. പക്ഷെ പെട്ടന്ന് കോഴി മാറി രാവിലെ കണ്ട കുറുക്കൻ പ്രത്യക്ഷപ്പെട്ടു, നാഥ്‌. കുട്ടിമാളുവിന്റെ കണ്ണ് രണ്ടും ബുൾസൈ പോലെ പുറത്തേക്കു തള്ളി. “ഞാൻ ഒന്ന് നോക്കി അവൻ എന്നെയും നോക്കി നോട്ടം കലിപ്പ് ആയി.ദൈവമേ പങ്കായം വല്ലതും ഉണ്ടെങ്കിൽ അങ്ങേരു അത് പൊക്കി കൊണ്ട് വന്നു എന്റെ മണ്ട പൊളിച്ചു എടുക്കുവാരുന്നു….. എവിടെ ചെന്നാലും ഈ സാധനം ഉണ്ടല്ലോ”…. കുട്ടിമാളു മനസ്സിൽ ഓർത്തു. കുറച്ച് നേരത്തേക്ക് അവൾ പിന്നെ അങ്ങോട്ട്‌ നോക്കിയില്ല. കുറച്ച് കഴിഞ്ഞു ആ നാലു ചേട്ടന്മാരും പ്രിൻസിപ്പളും കൂടി പുറത്തേക്കു വന്നു. സ്റ്റാഫ്‌ റൂമിൽ പോകുകയാണ് എന്നാണ് ആദ്യം കരുതിയത്. പക്ഷെ അവർ വന്നത് കുട്ടിമാളുവിന്റെ ക്ലാസ്സ്‌ ലക്ഷ്യം വെച്ച് ആയിരുന്നു. അവളുടെ ചങ്ക് ഇടിപ്പ് കൂടി. അവർ അടുത്തേക്ക് വന്നപ്പോൾ പണ്ടത്തെ സിനിമകളിൽ വില്ലനും ഗുണ്ടകളും വരുന്നത് പോലെ അവൾക്ക് തോന്നി.പ്രിൻസിപ്പൽ ഇന്ദ്രികയെ കണ്ടപ്പോൾ തന്നെ ഒരു ആക്കിയ ചിരി പാസ്സാക്കി. ആ ചിരിയിൽ അവൾക്കു മനസിലായി ഗുണ്ടാ തലവൻ അവൾക്ക് ഉള്ള കൊട്ടേഷൻ പ്ലാൻ ചെയ്യുക ആണെന്ന്.

“ആഹാ ഇന്നും ഇന്ദ്രിക പുറത്താണോ ടീച്ചറെ”??പ്രിൻസിപ്പൽ സാർ മിസ്സിനോടായി ചോദിച്ചു. “ലേറ്റ് ആരുന്നു അതിന്റെ കൂടെ ഭയങ്കര വർത്താനം ആണ് സാറേ അതാ പുറത്ത് നിർത്തിയത്”… മിസ്സ്‌ പറഞ്ഞു. അത് കേട്ടപ്പോൾ പ്രിൻസിപ്പാൾ ഒരു ഇളി. കൂടെ വന്ന വാനരപ്പടയിൽ ഒരാൾ ഒഴികെ ബാക്കി എല്ലാവരും ചിരിച്ചു. “എന്താ സാർ ??ആരാ ഇവർ”?? “ആ ടീച്ചറെ ഇവര് ലോ കോളേജ് സ്റ്റുഡന്റസ് ആണ്. കുട്ടികളെ ഒന്ന് കാണാൻ വന്നതാ. നമുക്ക് ഉടനെ ഒരു assembly വിളിച്ചു കൂട്ടണം”… “എന്താ സാർ കാര്യം”?? “പറയാം”… സാർ വേഗം പോയി മൈക്ക്ൽ കൂടി assembly announce ചെയ്തു. കുട്ടികൾ എല്ലാവരും വരി വരിയായ് നിന്നു. കൂട്ടത്തിൽ നമ്മുടെ കുട്ടിമാളുവും. സാർ പെട്ടന്ന് തന്നെ കാര്യത്തിലേക്ക് കടന്നു. “നമ്മുടെ അടുത്തുള്ള ലോ കോളേജിൽ നിന്നും വന്നവർ ആണ് ഇത്. ഇവർക്ക് നിങ്ങളോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്. അതിനായി ലോ കോളേജ് ചെയർമാൻ ശ്രെയസ് നാഥ്‌നെ ക്ഷണിക്കുന്നു”…പെട്ടെന്ന് എല്ലാവരും കയ്യടിച്ചു. കാണാൻ കൊള്ളാവുന്ന ചെയർമാൻ ആയിരുന്നത് കൊണ്ട് കൊറേ അലവലാതി പെൺപിള്ളേർ മാത്രം നിന്ന് കയ്യടിച്ചു.

കുട്ടിമാളു ആ സമയത്ത് മുറ്റത്തെ വാക മരത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു. “പ്രിയ വിദ്യാർത്ഥികളെ,” ശബ്ദം കേട്ടതും കുട്ടിമാളു ഒന്ന് വിറച്ചു. “ഞങൾ ഇവിടെ വന്നത് നിങ്ങളുടെ പ്രിൻസിപ്പാൾ ഒരു അവശ്യം അറിയിച്ചതിനെ തുടർന്ന് ആണ്. നിങ്ങൾക്കു ലഭിക്കേണ്ട സ്റ്റുഡന്റസ് കൺസ്ക്ഷൻ പല ബസുകാരും തരുന്നില്ല എന്ന് അറിഞ്ഞു. ഒരുപാട് മാറ്റി ബസ് നിർത്തുക കുട്ടികളെ കയറ്റാതെ പോകുക, പെണ്കുട്ടികളെ ശല്യം ചെയ്യുക ഇങ്ങനെ ഉള്ള പല ആക്ടിവിറ്റീസും നടക്കുന്നതായി ഞങ്ങൾ അറിഞ്ഞു. അതിനൊരു പരിഹാരം കണ്ടെത്താൻ സാധിക്കാത്തത് കൊണ്ട് പ്രിൻസിപ്പൽ ഞങ്ങളെ വിളിപ്പിക്കുക ആയിരുന്നു. ഇങ്ങനെ എന്തെങ്കിലും പ്രശ്നം നിങ്ങളുടെ ശ്രെദ്ധയിൽ പെട്ടാൽ ഞങ്ങളെ അറിയിക്കുക. അതിന് വേണ്ടി ഓരോ ക്ളാസിലെയും മോനിറ്റേഴ്‌സ് നേരിട്ട് ഇറങ്ങുക ഞങ്ങളെ അറിയിക്കുക. Assembly കഴിഞ്ഞു എല്ലാ ക്ലാസ്സ്‌ മോനിറ്റേഴ്‌സും സ്റ്റാഫ്‌ റൂമിൽ എത്തണം. താങ്ക്സ്”…. “അപ്പൊ മോണിറ്റർസ്സ് മാത്രം നിൽക്കുക ബാക്കി ഉള്ളവർ പോകുക” പ്രിൻസിപ്പൽ പറഞ്ഞു. “കഴിഞ്ഞ ജന്മത്തിൽ ഞാൻ എന്ത് പാപം ചെയ്തിട്ടാ ഈശ്വര ഈ ജന്മം എന്നെ ക്ലാസ്സ്‌ മോണിറ്റർ ആക്കിയത്”….കുട്ടിമാളു മനസ്സിൽ ഓർത്തു. “ഡി ചിഞ്ചു ഇവിടെ നിക്ക്”…കുട്ടിമാളു ചിഞ്ചുവിന്റെ കയ്യിൽ കയറി പിടിച്ചു. “എന്താടി”?? “എനിക്ക് പേടിയാ ആ കാലനെ”… “ആരെ”?? “ലോ കോളേജ് ചെയർമാൻ”

“ഒന്ന് പോടീ ഏട്ടൻ പാവമാ” “ഏഹ് ഇത്ര പെട്ടെന്ന് ഏട്ടൻ ആക്കിയോ”?? “മ്മ്” “ദേ പെണ്ണെ അങ്ങേരെ എങ്ങാനും നീ പ്രേമിച്ചാൽ വെട്ടി കണ്ടിച്ചു അടുപ്പിൽ വെക്കും ഞാൻ”… “എടി അതിന്….”ചിഞ്ചു പറഞ്ഞത് മുഴുവൻ ആക്കും മുൻപ്…… “സൈലെൻസ്”….ചെയർമാൻ പറഞ്ഞു. അയാൾ ഓരോരുത്തരെ ആയി പരിചയപ്പെട്ടു. ഇന്ദ്രികയെ ഒഴികെ. “ഇയാൾ ആണോ B2ക്ലാസ്സ്‌ മോണിറ്റർ”??ശ്രെയസ് ചെയർമാൻ ചോദിച്ചു. “അതേ” “സാർ ഈ കുട്ടി വേണ്ട”…എടുത്തു അടിക്കും പോലെ ചെയർമാൻ അത് പറഞ്ഞപ്പോൾ കുട്ടിമാളു ഞെട്ടി മാളു ആയി. “എന്താ ശ്രെയസ് കാരണം”??പ്രിൻസിപ്പൽ ചോദിച്ചു. “കണ്ടിട്ട് ആള് അത്ര വെടിപ്പ് ആയി തോന്നിയില്ല” “അയ്യോ she is brillient”… “അഹ് എനിക്ക് തോന്നുന്നില്ല”… “Ok as your wish” “ഈ കുട്ടി മതി. ശ്രെയസ് ചിഞ്ചുവിന്റെ നേരെ വിരൽ ചൂണ്ടി. “അപ്പോൾ കാമുകിയും ആയി ശൃംഗരിക്കാൻ ആണല്ലേ എന്നെ ഒഴിവാക്കിയത്!!നടക്കട്ടെ”…കുട്ടിമാളു പതുക്കെ പറഞ്ഞു. “Ok, സാർ ഞാൻ ക്ലാസ്സിൽ പോകുവാ”എന്ന് പറഞ്ഞു കുട്ടിമാളു ക്ലാസ്സിൽ പോയി. ഇടം കണ്ണിട്ട് അവൾ അവനെ ഒന്ന് ദഹിപ്പിച്ച നോട്ടം നോക്കി. അവനും. വൈകുന്നേരം സ്കൂൾ വിട്ടപ്പോൾ കുട്ടിമാളു നേരെ ലോ കോളേജിന് മുന്നിൽ ഉള്ള വേണു ചേട്ടന്റെ കടയിലേക്ക് ഓടി കടലമിട്ടായി മേടിക്കാൻ. “ചേട്ടാ രണ്ട് കടലമിട്ടായി”… “അയ്യോ മോളെ തീർന്നു പോയി.സ്കൂൾ വിടുന്നതിനു കുറച്ചു നേരം മുൻപ് ആ നിൽക്കുന്ന ചെറുക്കൻ വന്നു മേടിച്ചോണ്ടു പോയി”….വേണു ചേട്ടൻ ശ്രെയസ്നു നേരെ വിരൽ ചൂണ്ടി പറഞ്ഞു. അവൾ നല്ലൊരു കലിപ്പൻ നോട്ടം നോക്കി. അവൻ എന്താടി ഉണ്ടക്കണ്ണി എന്ന് ചോദിച്ചു അടുത്തേക്ക് വന്നു. അപ്പോഴാണ് ചിഞ്ചു അങ്ങോട്ട്‌ വന്നത്. “ഡോ രാവിലെ ചോദിച്ചതിന്റെ മറുപടി”?? ശ്രെയസ് ചിഞ്ചുവിനോട് ചോദിച്ചു.. കുട്ടിമാളു ഒരു സെക്കന്റ് നേരത്തേക്ക് എങ്കിലും അവളുടെ മറുപടി അനുകൂലം ആണോ പ്രതികൂലം ആണോ എന്ന് അറിയാൻ പകച്ചു നിന്നു.

….(തുടരും….)

അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് ചെയ്ത ശേഷം ഒരു കമന്റ് ഇടൂ…

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *