കടലമിട്ടായി, നോവൽ (ഭാഗം: 02) വായിക്കൂ…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : അനു അനാമിക

ഭാഗം: 1……👇

ഒന്നാം ഭാഗം വായിക്കൂ…

“കുട്ടിമാളു”… ഉറക്കെയുള്ള ആ ശബ്ദം അവളെ നിദ്രയിൽ നിന്നും ഉണർത്തി. കണ്ണ് തുറന്നു നോക്കുമ്പോൾ അച്ഛനും അമ്മയും ദാ മുൻപിൽ നിൽക്കുന്നു. “ഏഹ്…. എന്താ അച്ചായി”?? “ആ അത് തന്നെയാ ഞാനും ചോദിക്കാൻ വന്നത്”?? “എന്ത്”??,

“ഈ നട്ടപ്പാതിരയ്ക്ക് ആരെയാ നീ തെറി വിളിക്കുന്നത്”?? “ഞാൻ…ഞാനോ ഞാൻ ആരെ വിളിക്കാന”??കുട്ടിമാളു കൈ മലർത്തി. “അപ്പൂപ്പൻ എന്നോ മുതുക്കി എന്നോ അങ്ങനെയൊക്കെ കേട്ടല്ലോ”… “ഓ അതോ സ്കൂളിൽ ഒരു നാടകം കളിക്കുന്നുണ്ട് കഥാപാത്രം തലയിൽ കയറിയത് ആകും”.. “മ്മ് നാടകം കളിക്കുന്നത് കൊള്ളാം പക്ഷെ ഓവർ ആക്ടിങ് ആകരുത്”…അച്ചായി എന്തോ അർത്ഥം വെച്ചു പറഞ്ഞു. “നിങ്ങള് വാ മനുഷ്യ. ഇവൾക്ക് മുതു പാതിരാക്ക് ഓരോ വട്ട്. അതൊക്കെ കേൾക്കാനും കാണാനും നിങ്ങളും”…അമ്മ പറഞ്ഞു. “ആഹാ കൊച്ചിന്റെ മുറിയിൽ നിന്നും ബഹളം കേൾക്കുന്നു എന്ന് പറഞ്ഞ് ഉറങ്ങി കിടന്ന എന്നെ വിളിച്ചു എണീപ്പിച്ചു കൊണ്ട് വന്നത് ആരാ”??അച്ഛൻ അമ്മയോട് ചോദിച്ചു. അവർ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി.കുട്ടിമാളു അവർ രണ്ടാളും പറയുന്നത് അങ്ങോട്ടും ഇങ്ങോട്ടും നോക്കി കണ്ടു കൊണ്ട് ഇരുന്നു. അമ്മയെ പെണ്ണ് കാണാൻ ചെന്നപ്പോൾ അമ്മ പഴം പുഴുങ്ങിയത് കൊടുത്തു കരിമ്പൻ അടിച്ച നൈറ്റി ഇട്ടു എന്നൊക്കെ അച്ഛനും അച്ഛൻ മൂത്തു നരച്ചു കിളവൻ ആകാറായപ്പോൾ അമ്മയുടെ കൂട്ടുകാരി രഞ്ജിനിയെ പെണ്ണ് കാണാൻ പോയിട്ട് ഇഷ്ടപ്പെടാതെ അമ്മയെ വന്നു കണ്ടതിന്റെ കണക്കും എല്ലാം കേട്ടു കുട്ടിമാളു വീണു ഉടഞ്ഞ താഴികക്കുടം പോലെ ഇരുന്നു. കുറെ നേരം അത് കണ്ടു കഴിഞ്ഞു കുട്ടിമാളു പറഞ്ഞു.

“നിർത്തിക്കെ. കല്യാണം കഴിഞ്ഞ് നിങ്ങൾക്ക് പിള്ളേരും ആയി ആ പിള്ളേരെ കെട്ടിക്കാറും ആയി. എന്നിട്ടും നാണമില്ലാതെ പഴയ പെണ്ണ് കാണലിന്റെ പേരിൽ വഴക്ക് പിടിക്കാൻ നാണമില്ലേ”?? “ആരെയാടി ഇവിടെ കെട്ടിക്കാൻ പ്രായം ആയതു. മര്യാദക്ക് കിടന്നു ഉറങ്ങിക്കോ”… അമ്മ പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ പുതപ്പ് വലിച്ചു തലയിൽ കൂടെ ഇട്ട് അവൾ ബെഡിൽ ചുരുണ്ടു കൂടി.അച്ഛനും അമ്മയും അങ്കം കഴിഞ്ഞ് പോയി കിടന്നു ഉറങ്ങി.”നാശം പിടിക്കാൻ ആ കാലൻ എനിക്ക് ഉറക്കത്തിലും സമാധാനം തരില്ലല്ലോ ഈശ്വര. ഇന്ന് നീ എങ്ങനെയോ എന്നെ കാത്തു”….കുട്ടിമാളു എന്തൊക്കെയോ ഓർത്തു കിടന്നുറങ്ങി. *** പിറ്റേന്ന്… ഇന്നലെ പറഞ്ഞ കരാർ മറന്നു പോയത് കൊണ്ട് കുട്ടിമാളു എണീറ്റപ്പോൾ സമയം 7.30.സ്ഥിരം അമ്മ പറയാറുള്ള ചീത്ത വിളി കേട്ടു അന്നത്തെ പ്രഭാതവും അവളുടെ തുടങ്ങി. “പെണ്ണിന് വയസ്സ് പതിനേഴായി കെട്ടിക്കാൻ പ്രായമായി വല്ല വീട്ടിലും ചെന്നു കയറാൻ ഉള്ളതാ എന്നൊക്കെ”…. “അമ്മേ…. ഈ ഡയലോഗ് എല്ലാം കേട്ടു എന്റെ ചെവി മടുത്തു അമ്മ ഡയലോഗ് മാറ്റി പിടിക്ക്”…. കുട്ടിമാളു കട്ടനും എടുത്തോണ്ട് മുറ്റത്തേക്ക് ഇറങ്ങി. പത്രക്കാരൻ മുറ്റത്തേക്ക് പേപ്പർ നീട്ടി എറിഞ്ഞു. “അതെ ഞാൻ ഇവിടെ വടി പോലെ നിൽക്കുന്നത് കാണാൻ വയ്യേ ചേട്ടാ??കയ്യിലേക്ക് തന്നൂടെ”?? “ഓ ഞാൻ ഓർത്തു വടി പോലെ നിൽക്കുന്നത് കൊണ്ട് വടി ആയിരിക്കും എന്ന്”… “രാവിലെ ചളി അടിക്കാതെ പോ മാഷേ”… അയാള് സൈക്കിൾ എടുത്തുകൊണ്ടു പോയി. കുട്ടിമാളു പേപ്പറും എടുത്തുകൊണ്ടു തിണ്ണയിലേക്ക് കയറി ചായ ഗ്ലാസ്‌ തറയിൽ വെച്ചിട്ട് പതിയെ പത്രം തുറന്നു. “ഹോ എന്താ തമ്പുരാട്ടി കാര്യമായിട്ട് ഇരുന്ന് വായിക്കുന്നേ”??അച്ഛൻ ചോദിച്ചു. “ഹോ എന്റെ അച്ചായി സ്വർണത്തിന്റെ ഒരു വില. പവന് 28400…. ഇങ്ങനെ പോയാൽ അച്ചായി എങ്ങനെ എന്നെ കെട്ടിച്ചു വിടും”!! “മോട്ടേന്ന് വിരിഞ്ഞില്ല അപ്പോഴാ അവളുടെ കല്യാണം”… “മൊട്ട ഇടാൻ അമ്മ എന്താ കോഴിയോ താറാവോ മറ്റോ ആണോ”?? “വാ പോയ കോടാലി എന്റെ പൊന്നു മോളെ നീ ദൈവത്തെ ഓർത്ത് അവളുടെ കേൾക്കെ ഇതൊക്കെ പറയാതെ എന്നെ വെട്ടി കണ്ടിച്ചു അടുപ്പേൽ കയറ്റും നിന്റെ അമ്മ”…അച്ചായി പറഞ്ഞു. ”ഡി സമയം 8മണി ആയി. നീ സ്കൂളിൽ പോകുന്നില്ലേ”??അമ്മ ചോദിച്ചു. “അയ്യോ 8ആയോ”?? “അല്ല 7″… “ഹോ കോമഡി പറയാൻ പറ്റിയ നേരം”… അവൾ വേഗം പത്രം മടക്കി വെച്ചു. മടക്കി വെക്കുന്നതിന്റെ ഇടയിലാണ് എന്നും കാണാറുള്ള എന്നും സ്വപ്നത്തിൽ തല്ല് കൂടാൻ എത്തുന്ന ആളിന്റെ മുഖം അവളുടെ കണ്ണിൽ പെട്ടത്. അവൾ അലസമായി ആ പേരൊന്നു വായിച്ചു

“ശ്രെയസ് നാഥ്‌”… ഹോ കിടുക്കാച്ചി പേരാണല്ലോ”… അവൾ മനസ്സിലോർത്തു. “ഡി നീ എന്ത് ആലോചിച്ചു നിൽക്കുവാ പോയി കുളിക്കാൻ നോക്ക് പെണ്ണെ”.. അമ്മ പറഞ്ഞു. വിസ്തരിച്ചു കുളിക്കാൻ ഉള്ള സമയം ഇല്ലാത്തതു കൊണ്ട് വേഗം ഒരു കാക്കകുളി പാസ്സാക്കി അവൾ ഇറങ്ങി വന്നു. “അമ്മേ എന്റെ റിബ്ബൺ എവിടെ”?? “ഞാൻ എടുത്തു തലയിൽ കെട്ടിയേക്കുവാ”… “എങ്കിൽ ഇങ്ങ് അഴിച്ചു താ”… “വരുമ്പോൾ ബാഗ് ഒരു ഒരു വശേ കോട്ട് ഒരു വശേ എന്നിട്ട് റിബ്ബൺ. നീ വന്നു വല്ലതും കഴിക്കാൻ നോക്ക് കൊച്ചേ”… അമ്മ പറഞ്ഞു. “ആ വരാം”… കുട്ടിമാളു വേഗം മുടി പിന്നി കെട്ടി ഊണ് മുറിയിലേക്ക് ബാഗും ആയി പോയി. അമ്മ അതിൽ പൊതിച്ചോറ് കെട്ടിവെച്ചു. “അമ്മേ ഇന്നെന്താ കറി”?? “ആ ഉച്ചക്ക് തുറക്കുമ്പോൾ കണ്ടാൽ മതി” “വല്ല പാവക്കയും ആണേൽ ഞാൻ എടുത്തു കളയും” “ആ കളയെടി നിനക്കൊക്കെ ഉണ്ടാക്കി തരുന്നതിന്റെ കുഴപ്പമാ”…. അമ്മ പറഞ്ഞു. “ഞാൻ ഒന്നും പറഞ്ഞില്ല”… “എന്ത് കോലം ആടി ഇത്. നിന്റെ പ്രായത്തിൽ ഉള്ള ഓരോ പിള്ളേര് നടക്കുന്നത് കാണണം. ഇതെന്താ കൊക്കാച്ചി പോലെ കുറച്ചു പൌഡർ ഒരു കണ്മഷി എഴുത്തും പൊട്ടും മാത്രം” “എത്രയൊക്കെ ഒരുങ്ങിയാലും ഞാൻ ഓട്ടോ ഡ്രൈവർ ബാലചന്ദ്രൻന്റെ മകൾ തന്നെയല്ലേ” “ഹോ ഇങ്ങനൊരു വാ പോയ കോടാലി…കഴിക്കു” “ഇന്ദ്രികേ…… “ചിഞ്ചു വിളിച്ചു. “ആ വരുവാഡി”… ഇന്ദ്രികയും ചിഞ്ചുവും ഒന്നിച്ചാണ് പഠിക്കുന്നത്. “അമ്മേ പോകുവാട്ടോ ഉമ്മ”… “ആ സോപ്പ് പതപ്പിക്കുന്നതിനു ഒരു മാറ്റവും ഇല്ലല്ലേ”… “ഹോ ഈ അമ്മ”… കുട്ടിമാളു ബാഗും തോളിൽ ഇട്ട് പുറത്തേക്കു ഇറങ്ങി. “എടി മാത്‍സ് ചെയ്തോ”??കുട്ടിമാളു ചോദിച്ചു ചിഞ്ചുവിനോട്. “ആ കുറച്ച്”… “മ്മ് വേഗം വാ പോകാം. അല്ലേൽ ഇന്ന് പുറത്ത് നിൽക്കേണ്ടി വരും. നാശം പിടിക്കാൻ ഒരു സമരം പോലും വരുന്നില്ല”…കുട്ടിമാളു പറഞ്ഞു. “ആ ഡി നീ സമരത്തിന്റെ കാര്യം പറഞ്ഞപ്പോൾ ആണ് ഞാൻ ഓർത്തത്. നമ്മൾ എന്നും സ്കൂൾ വിട്ടു വരുമ്പോൾ കടലമിട്ടായിക്ക് വേണ്ടി വഴക്ക് ഉണ്ടാക്കുന്ന ഒരു ചേട്ടൻ ഇല്ലേ”….. “ഹോ എന്റെ ചിഞ്ചു അയാളെ കുറിച്ച് ഓർമ്മിപ്പിക്കാതെ ഓർക്കുമ്പോൾ എന്റെ പെരുവിരൽ പെരുത്ത് കയറും.കാലൻ. അവന്റെ ഒരു മീശയും കൂളിംഗ് ഗ്ലാസ്സും നിൽപ്പും ഒരു കൊരഞ്ഞ ജിപ്സിയും കൊറേ വാല് കൂട്ടുകാരും ഷാരൂഖ് ഖാൻ ആണെന്ന വിചാരം”… “ഓ ഞാൻ ഒന്നും പറയുന്നില്ല”…ചിഞ്ചു പറഞ്ഞു. “അതാ നല്ലത്”… അവർ രണ്ടാളും ബസ് സ്റ്റോപ്പിൽ എത്തി. സ്ഥിരം MLA മാർ എല്ലാം വഴിയിൽ സ്ഥാനം ഉറപ്പിച്ചു നിന്നു. “ഇവന്മാര് പെണ്ണുങ്ങളെ കണ്ടിട്ടില്ലേ ആവോ”??കുട്ടിമാളു ചോദിച്ചു. “എടി അതിന് അവന്മാര് നോക്കുന്നത് മുഖത്ത് അല്ല”

“പിന്നെ”?? “ഹോ ഇങ്ങനെ ഒരു മണ്ടൂസ്… ദേ ബസ് വന്നു”… ചിഞ്ചു പറഞ്ഞു. 30മിനിട്ടിനു ഉള്ളിൽ അവർ സ്കൂളിന്റെ അടുത്തുള്ള ബസ് സ്റ്റോപ്പിൽ എത്തി സ്കൂളിലേക്ക് നടന്നു. “ഡി ഇതെന്താ ഇവിടെ ആരും ഇല്ലത്തെ”??കുട്ടിമാളു ചോദിച്ചു. “അതല്ലേ ഞാൻ രാവിലെ പറയാൻ തുടങ്ങിയത്”… “എന്ത്”?? “നീയും ആയിട്ട് വഴക്ക് ഉണ്ടാക്കുന്ന ആ ശ്രെയസ് എന്ന് പറയുന്ന ചേട്ടൻ ഇല്ലേ… പുള്ളിയും ലോ കോളേജ് മാനേജ്മെന്റും ആയി എന്തോ പ്രശ്നം ഉണ്ടാരുന്നു. ഇന്നലെ അത് ഇത്തിരി കടുത്തു പോയി. ആ ചേട്ടനെ പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തു. അതിൽ പ്രേതിഷേധിച് ഇന്ന് സമരവ കോളേജിൽ.നീ പത്രത്തിൽ വായിച്ചില്ലേ??”… “ഇല്ല. എന്തായാലും കണക്കായി പോയി ആ കാലന് അത് തന്നെ വേണം. എന്റെ എത്ര കടലമിട്ടായി തട്ടി തെറിപ്പിച്ചു കളഞ്ഞതാണെന്ന് അറിയുവോ”!! “മ്മ് വാ പോകാം. ഇന്ന് അയാളുടെ ശല്യം ഉണ്ടാകില്ല”… കുട്ടിമാളു പറഞ്ഞു. അവർ നടന്നു തുടങ്ങിയതും പിന്നിൽ നിന്നൊരു വിളി. “കടലമിട്ടായി”… കുട്ടിമാളുവിന്റെ നെഞ്ച് ഒന്ന് ആളി. തൊണ്ട കുഴി ഒരു നിമിഷത്തേക്ക് ശ്വാസം എടുക്കാതെ നിന്നു. അവളുടെ കണ്ണ് രണ്ടും ഞെട്ടി വിടർന്നു. അവൾ തിരിഞ്ഞു നോക്കി. “പെട്ടു മോളെ”…. ചിഞ്ചു പറഞ്ഞു. “പടച്ചോനെ പണി പാലും വെള്ളത്തിൽ കിട്ടിയല്ലോ”…

(തുടരും)

(കൂട്ടുകാരെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കേൾക്കാൻ വേണ്ടിയാണ് ഓരോ എഴുത്തുകാരും കഥകൾ എഴുതുന്നത്. വായിച്ചിട്ട് ഇഷ്ടമാകുന്നവർ ലൈക്ക് ചെയ്യുക….പഴയ കഥ റീ പോസ്റ്റ് ചെയ്യുന്നത് ആണ്, എല്ലാവരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ അടുത്ത ഭാഗവും ഉടൻ പോസ്റ്റ് ചെയ്യാം, മിസ് ചെയ്യാതെ വായിക്കുവാൻ കുപ്പിവള എന്ന ഈ പേജ് ലൈക്ക് ചെയ്യുക)

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *