കലാലയത്തിൽനിന്നും ഒരു രാജകുമാരി

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :ഫൈസൽ കണിയാരി..

M. com. കഴിഞ്ഞു ഒരു ജോലിക്കു വേണ്ടി ഒരു വർഷമായി തെണ്ടി തിരിഞ്ഞു നടക്കുന്ന സമയത്താണ് ദുബായിൽ നിന്നുള്ള അമ്മാവന്റെ വിളി. അവിടെ അമ്മാവൻ ജോലി ചെയ്യുന്ന കമ്പനിയിൽ അക്കൌണ്ട് സെക്ഷനിലേക്ക് ഒരു വേക്കൻസി ഉണ്ടെന്നും, അത്യാവശ്യം ഉയർന്ന സാലറി ഉണ്ടെന്നും ഉടൻ പുറപ്പെടണമെന്നും പറഞ്ഞു കൊണ്ട്. അത് കേട്ട അച്ഛൻ എന്നോട് അഭിപ്രായം ചോദിച്ചു. “എന്താ നിനക്ക് പോകണോ ? അതോ ഇനിയും തുടർന്ന് പഠിക്കണോ?” .

അപ്പൊൾ ഞാൻ ആലോചിച്ചു ഇനിയും പഠിച്ചു ഇവിടെ ജോലിക്കും വേണ്ടി തെണ്ടുന്നതിനെക്കാളും നല്ലത് ഇപ്പൊൾ കിട്ടിയ ജോലിക്ക് പോകുന്നതാണെന്ന്. എവിടെയാണെങ്കിലും ജോലി ചെയ്തേ പറ്റൂ. അങ്ങനെ ഞാനും പോയി ദുബായിലോട്ട്. അവിടെ പറഞ്ഞ പോലെ തന്നെ എനിക്ക് ജോലിയും കിട്ടി നല്ല ഉയർന്ന ശമ്പളവും കിട്ടി. 4 വർഷത്തിന് ശേഷം 6 മാസത്തെ ലീവിന് നാട്ടിലോട്ട് പോരാൻ നിൽക്കുന്ന സമയത്താണ് അമ്മാവൻ പറഞ്ഞത്.

“ഞാൻ നിന്റെ അച്ഛനോട് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്”.

ഞാൻ എന്ത് കാര്യം എന്ന ചോദ്യവുമായി അമ്മാവനെ നോക്കി.

“വേറെ ഒന്നുമല്ല നിന്റെ വിവാഹക്കാര്യമാണ്. നമ്മുടെ ബന്ധത്തിൽപ്പെട്ട ഒരു കുട്ടിയുണ്ട്. എന്റെ വകയിൽ ഒരു പെങ്ങളുടെ മോള്. അച്ഛൻ അവളുടെ ചെറുപ്പത്തിൽ മരിച്ചു. ആണായിട്ടും പെണ്ണായിട്ടും അവൾ മാത്രമേ ഉള്ളൂ. കുട്ടി കാണാനും തരക്കേടില്ല ടീച്ചറാണ്, അവിടത്തെ തന്നെ LP സ്കൂളിൽ . നമ്മുടെ അത്ര വലിയ കുടുംബം ഒന്നും അല്ല ജീവിക്കാൻ അത്യാവശ്യം വകയെല്ലാം ഉണ്ട്. നിനക്ക് നന്നായി ചേരും. കാണാനും ഭംഗിയെല്ലാം ഉണ്ട്. നീയൊന്ന് പോയി കണ്ട് നോക്ക്”.

അമ്മാവൻ എന്റെ വിവാഹക്കാര്യം ഓർമിപ്പിച്ചപ്പോഴാണ്, സത്യത്തിൽ എനിക്ക് വിവാഹം കഴിക്കാനുള്ള പ്രായമായെന്ന് ഞാനും ചിന്തിച്ചത്.

” ശരി മാമാ”.

വീട്ടിലെത്തി. പെട്ടിയെല്ലാം പൊട്ടിച്ചു, കൊണ്ട് വന്ന സാധനങ്ങളെല്ലാം എല്ലാവർക്കും കൊടുത്തു. രാത്രി ഞാനും അച്ഛനും അമ്മയും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ പറഞ്ഞത് ;

“അമ്മാവൻ നിന്നോട് വല്ല കാര്യവും പറഞ്ഞിരുന്നോ…?”

ഞാൻ അച്ഛനെ നോക്കി..

“ആ പറഞ്ഞിരുന്നു..” ഞാൻ താഴ്ന്ന സ്വരത്തിൽ ഒരു ചളിപ്പോടെ തല താഴ്ത്തി പറഞ്ഞു.

“അവന്റെ ബന്ധത്തിൽപ്പെട്ട ഒരു കുട്ടിയുണ്ട് കാണാനും തരക്കേടില്ല. നിനക്ക് ഇപ്പൊൾ വിവാഹവും വേണം. ഞാനും നിന്റെ അമ്മയും ആ കുട്ടിയെ പോയി കണ്ടിരുന്നു. കുട്ടി അവിടത്തെ Lp സ്കൂളിലെ ടീച്ചറാണ് നീ നാളെ ആ കുട്ടിയെ പോയി ഒന്ന് കാണണം . നിങ്ങൾക്ക് ഇഷ്ട്ടമാണെങ്കിൽ നമുക്ക് ഈ വിവാഹം അങ്ങു നടത്താം. എന്താ ?”

” ശരിയച്ഛാ . ഞാൻ നാളെ പോയി കണ്ടോളാം”. ഞാൻ അച്ഛനോട് പറഞ്ഞു…

ഭക്ഷണം കഴിച്ചു കഴിഞ്ഞു അച്ഛൻ കയ്യും കഴുകി ഉമ്മറത്തോട്ടു പോയപ്പോൾ, ഞാൻ അമ്മയോട് ചോദിച്ചു ;

“അമ്മാ സത്യം പറ. പെൺകുട്ടി എങ്ങനെയുണ്ട് കാണാൻ ?”

“അത് അച്ഛൻ പറഞ്ഞില്ലേ കാണാൻ നല്ല ചേലുണ്ടെന്നു…” അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു….

“അതു അച്ഛൻ ഏത് പെൺകുട്ടിയെ കണ്ടാലും അങ്ങനെ തന്നെയാ പറയാ. അമ്മ പറ കാണാൻ നല്ല രസമുള്ള കുട്ടിയാണോ…?” ഞാൻ കൊഞ്ചിക്കൊണ്ടു ചോദിച്ചു..

“ആണെടാ. ഞാൻ കണ്ടതല്ലേ, നല്ല ശ്രീത്വമുള്ള കുട്ടി. എന്ത് കൊണ്ടും നിനക്ക് ചേരും.. എന്തായാലും നിന്നെക്കാളും കാണാൻ ഭംഗിയുണ്ട്. ആ കുട്ടിക്ക് നിന്നെപ്പറ്റിയാൽ മതിയായിരുന്നു…” അമ്മ അവന്റെ കവിളിൽ ഒരു പിച്ചു പിച്ചികൊണ്ട് കൊണ്ട് പറഞ്ഞു….

“അതെന്താ അമ്മാ, അമ്മ അങ്ങനെ പറഞ്ഞത്. എനിക്കെന്താ കാണാൻ ഭംഗിയില്ലേ… ഞാൻ സുന്ദരനല്ലേ… ?” ഞാൻ മുന്നിൽ പപ്പടം ഇട്ട് വെച്ചിരുന്ന സ്റ്റീൽ പ്ലെറ്റ്‌ എടുത്ത് എന്റെ മുഖത്തിന് നേരെ പിടിച്ചു കണ്ണാടിയാക്കി, എന്റെ മുഖം അതിൽ നോക്കി പരിഭവത്തോടെ ചോദിച്ചു…

“നീ സുന്ദരനല്ലാ എന്ന് ആരാ പറഞ്ഞത് ? നീ മമ്മൂട്ടിയല്ലേ.. പൊന്തൽ മാടയിലെ മമ്മൂട്ടി….”

അത് കേട്ട എനിക്ക് ദേഷ്യം വന്നു…

“അമ്മാ വേണ്ട. സ്വന്തം മകനെ ഇങ്ങനെ സൗന്ദര്യത്തിന്റെ പേരും പറഞ്ഞു താഴ്ത്തി സംസാരിക്കുന്നത് ശരിയല്ല.. എല്ലാ അമ്മമാരും സ്വന്തം മക്കൾ എത്ര കാണാൻ രസമില്ലങ്കിലും എന്റെ മകൻ സുന്ദരനാണ് എന്നാണ് പറയാറ്. ഇത് നേരെ തിരിച്ചും… പൊന്തൻ മാടയിലെ മമ്മൂട്ടി ആണെങ്കിലും, മമ്മൂട്ടി എന്നും മമ്മൂട്ടി തന്നെ. സന്ദര്യത്തിൽ ഇന്നും അയാളെ മറികടക്കാൻ മലയാള സിനിമയിൽ വേറെ ഒരു നടൻ ഇല്ല. അത് അമ്മ മനസ്സിലാക്കിയാൽ നന്ന്.. പിന്നെ അമ്മ നോക്കിക്കോ, അവൾ അത്ര വലിയ സുന്ദരിയാണെങ്കിൽ ഞാൻ അവളെ കെട്ടും.. ഇനി ഇത് എന്റെ വാശിയാണ്…” ആഹാ ഞാൻ വെല്ലുവിളി പോലെ അമ്മയോട് പറഞ്ഞു…

“എല്ലാ അമ്മമാരും പറയുന്ന പോലെ ഞാൻ നിന്നെ പുകഴ്‌ത്തി പറഞ്ഞാൽ നീ അഹങ്കാരിയാകില്ലേ.. ഞാൻ ഉള്ള സത്യമാണ് പറഞ്ഞത്. നീ ആദ്യം നാളെ ആ കുട്ടിയെ പോയി കാണു, എന്നിട്ട് മതി ബാക്കി സംസാരം…പിന്നെ നാളെ കുറച്ചു മേക്കപ്പ് കൂടുതൽ ഇട്ടോ. ഒന്നും ഇല്ലെങ്കിൽ ആ കുട്ടിയുടെ മുന്നിൽ പിടിച്ചു നിൽ ക്കേണ്ടതല്ലേ …?” അമ്മ അവനെ കളിയാക്കി കൊണ്ട് പറഞ്ഞു..

“അമ്മാ വേണ്ടാ ഞാൻ ആദ്യം ഒന്ന് കണ്ട് നോക്കട്ടെ. ആ ഭൂലോക രംഭയെ…” അതും പറഞ്ഞു ഞാൻ കൈ കഴുകി റൂമിലോട്ട് പോയി…

രാവിലെ അമ്മ വന്ന് വിളിച്ചപ്പോഴാണ് ഉറക്കമുണർന്നത്.

“ഡാ… വേഗം കുളിച്ചൊരുങ്ങി പോകാൻ നോക്ക്. പിന്നെ സ്കൂളിൽ പോയാൽ മതി.. അവൾ അവിടെ കാണും. അച്ഛൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. നീ അവിടെ വരുമെന്ന്… ”

അത് കേട്ടതും’ ശരി അമ്മാ ‘എന്നും പറഞ്ഞു ബെഡിൽ നിന്നും ചാടിയെണീറ്റ്, അഴിഞ്ഞു പോയ മുണ്ടും വാരി ചുറ്റി, ബ്രെഷും പേസ്റ്റും എടുത്ത് നേരെ ബാത്റൂമിലോട്ടു ഓടി. ബ്രെഷ് ചെയ്യുന്നതിന് ഇടയിൽ തന്നെ ഒന്നും രണ്ടും എല്ലാം നടത്തി കുളിയും കഴിച്ചു. ഡ്രെസ്സ് ചെയ്ഞ്ച് ചെയ്യാൻ തുടങ്ങി. മുടിയെല്ലാം ജെല്ലല്ലാം ഇട്ട് അടിപൊളിയായി ചീകി ഒതുക്കി. ബ്ലാക് ഷർട്ടും നീല ജീൻസും ധരിച്ചു. ഇൻ ചെയ്ത് ഷൂസും ഇട്ട് കുറച്ച്, റൊമാന്റിക് ടച്ചുള്ള സ്‌പ്രേയും അടിച്ചു റൂമിന് പുറത്ത് ഇറങ്ങിയതും അമ്മ എന്നെ ഒന്ന് ഇരുത്തി നോക്കി മൂക്കിൽ വിരൽ വെച്ചു കൊണ്ട് പറഞ്ഞു;

“എടാ ഭയങ്കരാ… ഞാൻ ഒന്ന് മേക്കപ്പൊക്കെ ഇട്ടോ എന്ന് പറഞ്ഞപ്പോൾ നീ അങ്ങു ഒരുങ്ങി കളഞ്ഞല്ലോടാ. ഇപ്പൊ കാണാൻ ഇത്തിരിയൊക്കെ സൗന്ദര്യം ഉണ്ട്. പിന്നെ മറക്കണ്ട പെണ്ണിന്റെ പേര് വൈഗ. പിന്നെ ഇത് ആ കുട്ടിയുടെ മൊബൈൽ നമ്പറാണ്. അവിടെ എത്തിയിട്ട് ഈ നമ്പറിൽ വിളിച്ചാൽ മതി “.

‘ആഹാ നല്ല പേര് വൈഗ … വൈഗ വിഷ്ണു. നല്ല ചേർച്ച ‘ഞാൻ മനസ്സിൽ പറഞ്ഞു.

“അമ്മാ കാറിന്റെ കീ എവിടെ …?”

“ഇന്നാ കീ … നീ ഒന്ന് ഇങ്ങോട്ട് അടുത്തു വന്നേ…”

ഞാൻ അമ്മയുടെ അടുത്തു നിന്നു. അമ്മ അപ്പോൾ ഒരു നിറഞ്ഞ പുഞ്ചിരിയോടെ എന്റെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു, “എന്റെ മോൻ സുന്ദരനാണ് കെട്ടോ, അമ്മ നിന്നെ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞതല്ലേ ? എനിക്ക് ശുണ്ഠി പിടിപ്പിക്കാനും തല്ല് കൂടാനും നീ മാത്രമല്ലേ ഉള്ളൂ.. പോയിട്ട് വാ എന്റെ മോനെ എന്തായാലും അവൾക്ക് ഇഷ്ടപ്പെടും. നിന്നെ ഇഷ്ട്ടപ്പെടാത്ത ആരാടാ ഉണ്ടാവുക..?

അത് കേട്ട ഞാൻ നിറഞ്ഞ മനസ്സാലെ അമ്മയുടെ നെറുകയിൽ ഒരു ഉമ്മയും കൊടുത്ത്, കാറുമെടുത്തു നേരെ സ്കൂളിലോട്ട് പോയി …

പോകുന്ന വഴിക്കെല്ലാം അവളായിരുന്നു മനസ്സിൽ. അവൾ കാണാൻ എങ്ങനെയായിരിക്കും. എന്നെ അവൾക്ക് ഇഷ്ടപ്പെടുമോ. പലരുടെ ഒപ്പവും പെണ്ണ് കാണാൻ കൂട്ട് പോയപ്പോൾ ഒരു ടെൻഷനും ഇല്ലായിരുന്നു. ഇപ്പൊ സ്വന്തം ജീവിത സഖിയെ തിരഞ്ഞെടുക്കാൻ പോകുമ്പോൾ കയ്യും കാലുമെല്ലാം വിറക്കുന്ന പോലെ. അവളെ കണ്ടാൽ എന്താണ് ചോദിക്കേണ്ടത്. എങ്ങനെയാണ് തുടങ്ങേണ്ടത്. അറിയില്ല. ഇതാണ് പഠിക്കുന്ന കാലത്ത് പ്രേമിച്ചിട്ടില്ലങ്കിൽ ഉള്ള കുഴപ്പം. അന്ന് ഏതെങ്കിലും പെണ്ണിനെ വളക്കുകയാണെങ്കിൽ ഇപ്പൊ ഈ അനുഭവിക്കുന്ന പിരിമുറുക്കം ഉണ്ടാവില്ലായിരുന്നു. ഇനി അമ്മ പറഞ്ഞ പോലെ എന്നെ കാണാൻ പൊന്തൻ മാടയിലെ മമ്മൂട്ടിയെ പോലെയാണോ. ഞാൻ കാറിന്റെ മിററിൽ എന്റെ മുഖം ഒന്നു നോക്കി. ഏയ്.. കുഴപ്പം ഒന്നും ഇല്ല. അല്ലെങ്കിലും എന്നെക്കാളും കറുത്ത കരിവണ്ടു പോലത്തെ എത്ര എണ്ണത്തിനാണ് നല്ല പാലപ്പൂ പോലത്തെ പെണ്ണുങ്ങളെയാണ് കിട്ടിയിട്ടുള്ളത്. പിന്നെയാണോ എനിക്ക്. കിട്ടുവായിരിക്കും….. ഈശ്വരാ നീ വേറെ എവിടെയും എന്നെ അനുഗ്രഹിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല ഇവിടയെങ്കിലും എന്നെ അനുഗ്രഹിക്കണേ.. ഞാൻ മനസ്സിൽ പറഞ്ഞു.

സ്കൂളിന്റെ മുന്നിൽ കാർ പാർക്ക് ചെയ്‍തു ഡോർ ലോക്ക് ചെയ്തു പുറത്തിറങ്ങി. മൊബൈൽ എടുത്ത് അമ്മ തന്ന അവളുടെ നമ്പറിലോട്ട് ഡയൽ ചെയ്തു. ഓരോ ബെല്ല് അടിക്കുമ്പോഴും നെഞ്ചിൽ പഞ്ചാരിമേളം കൊട്ടുകയായിരുന്നു. പക്ഷെ ബെല്ല് അടിച്ചു അവസാനിക്കുകയല്ലാതെ ഫോൺ അറ്റന്റ് ചെയ്തില്ല. ഇനി എടുക്കാത്തതാണോ. ഏയ് അങ്ങനെ ആയിരിക്കില്ല ചിലപ്പോൾ സൈലന്റായിരിക്കും. അല്ലെങ്കിൽ പഠിപ്പിക്കുന്ന സമയത്തു ഫോണ് എടുക്കാത്തതായിരിക്കും. ആ… അങ്ങനെ സമാധാനിക്കാം… എന്തായാലും വന്നതല്ലേ ഒന്ന് കണ്ട് കളഞ്ഞേക്കാം..

രണ്ട് മൂന്ന് കുട്ടികൾ സ്പീഡിൽ അവനെയും കടന്ന് മുന്നോട്ട് ഓടുന്നത് കണ്ടു, ക്ലാസ് തുടങ്ങി വൈകി വന്നത് കൊണ്ടാണെന്നു തോന്നുന്നു.. കുട്ടികൾക്കൊന്നും ഒരു മാറ്റവും ഇല്ല. എല്ലാവരും നമ്മളെ പോലെ തന്നെ, ബെല്ലടിച്ചേ ക്ലാസിൽ കയറൂ. ഞാൻ മനസ്സിൽ പറഞ്ഞു ചിരിച്ചു ..ഞാൻ സ്കൂളിന്റെ ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു. ഓഫീസിൽ റൂമിൽ എത്തിയതും ഞാൻ കണ്ടു രണ്ട് മൂന്ന് ടീച്ചർമാർ അവിടെ ഇരിക്കുന്നത്. അതിൽ ഒന്ന് വിവാഹം കഴിഞ്ഞതാണ് നെറ്റിയിൽ സിന്ദൂരം ഉണ്ട്. മറ്റേത് രണ്ടെണ്ണം വിവാഹം കഴിയാത്തത് ആണെന്ന് തോന്നുന്നു. രണ്ടും കാണാനും തരക്കേടില്ല നല്ല ഭംഗിയും ഉണ്ട്. അല്ലെങ്കിലും ഈ ടീച്ചര്മാരെ കാണാൻ ഒരു പ്രത്യേക ഭംഗിയാണല്ലോ. കാണാൻ ഭംഗിയുള്ള ടീച്ചര്മാരുടെ ക്ലാസിൽ ഇരിക്കാൻ തന്നെ ഒരു പ്രത്യേക സുഖമാണ്. ഇനി ഇവർ രണ്ടാളിലും ആരെങ്കിലും ആണോ വൈഗ ? ഞാൻ രണ്ടാളെയും സംശയത്തോടെ മാറി മാറി നോക്കി. എന്റെ നോട്ടം കണ്ടിട്ടാവണം അതിലെ ഒരണ്ണം എന്നെ കണ്ടതും എന്നെ നോക്കി ചോദിച്ചു..

“ആരാ.. എന്താ വേണ്ടേ… ?” അത് കേട്ടതും ഞാൻ ഒരു വെപ്രാളത്തോടെ, ഒരു ചെറു പുഞ്ചിരി മുഖത്ത് വരുത്തി ചോദിച്ചു..

“ഈ വൈഗ ടീച്ചർ”.

“അതേ ഇവിടെയാണ് പഠിപ്പിക്കുന്നത്”.

“ഒന്ന് കാണാണമായിരുന്നു..”

“ടീച്ചർ 2 ബിയിൽ ഉണ്ട്. അങ്ങോട്ട് പൊയ്ക്കോള്ളൂ. ഇവിടന്നങ്ങോട്ടുള്ള മൂന്നാമത്തെ ക്ലാസ്. ടീച്ചർ അവിടെ കാണും..” വിവാഹം കഴിഞ്ഞൂ എന്ന് തോന്നിക്കുന്ന ടീച്ചർ പറഞ്ഞു.

ഇപ്പൊ ഒരു കാര്യം മനസ്സിലായി. ഇവർ രണ്ടാളും അല്ല വൈഗ.. ഞാൻ മൂന്നാമത്തെ ക്ലാസും ലക്ഷ്യമാക്കി വരാന്തയിലൂടെ അവളെ കാണാനുള്ള തിടുക്കവുമായി ആകാംഷയോടെ നടന്നു. പോകുന്ന വഴികളിലെ സ്‌കൂളിന്റെ ചുമരിലെല്ലാം പല നിറത്തിലും ഉള്ള ചിത്രങ്ങൾ വരച്ചിരുന്നു. ഇന്ത്യയുടെ ഭൂപടം, അബ്‌ദുൽ കലാമിന്റെ ചിത്രവും മദർ തെരേസയുടെ ചിത്രവും പിന്നെയും ഒരുപാട് കാർട്ടൂണുകളും എല്ലാം. എല്ലാം കണ്ണിന് കുളിർമയേകുന്നതാണ്. പെട്ടന്നാണ് എന്നെ ഒന്ന് തട്ടിത്തെറുപ്പിച്ചു കൊണ്ട് ഒരു കൊച്ചു സുന്ദരകുട്ടൻ മുന്നോട്ട് ഓടി, ആ പറഞ്ഞ മൂന്നാമത്തെ ക്ലാസ്സിനു മുന്നിൽ പോയി നിന്നത്. ഞാനും അവന്റെ പിന്നാലെ പിടിച്ചു. മൂന്നാമത്തെ ക്ലാസെത്തിയതും ജനലിലൂടെ ഞാൻ കണ്ടു, ഒരു സാരി ഉടുത്തു കൊണ്ട് പുറം തിരിഞ്ഞു നിന്ന് കുട്ടികൾക്കു ക്ലാസ് എടുക്കുന്ന വൈഗയെ. പുറം തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് പിൻവശം മാത്രമേ കാണാൻ പറ്റുന്നൊള്ളൂ. ഞാൻ ഒരു നിമിഷം ജനലിന്റെ അടുത്ത് നിന്നു. എന്തൊരു അംഗലാവണ്യം ആണ് അവൾക്ക്. പിന്നിലേക്ക് പിന്നി കെട്ടിയിരിക്കുന്ന മുടിയിൽ തുളസി കതിരും ചൂടി നിൽക്കുന്ന അവളെ കാണാൻ നല്ല ഭംഗി തോന്നി. ഞാൻ ക്ലാസ്സിന്റെ വാതിലിനടുത്തു വന്നു. എന്നെ തട്ടി തെറുപ്പിച്ചു ഓടിയ കുട്ടിയുടെ പിന്നിൽ നിന്നു. അപ്പോൾ അവൻ എന്നെ ഒന്ന് തല പൊക്കി നോക്കി. അപ്പോൾ ഞാൻ അവന്റെ തലയിൽ തലോടി ഒരു പുഞ്ചിരി സമ്മാനിച്ചു . എന്നിട്ട് ഞാൻ ക്ലാസിനു അകത്തേക്ക് നോക്കി കുറച്ചു ഉമിനീരും ഇറക്കി തൊണ്ടയനക്കി, വെപ്രാളത്തോടെയും ആകാംഷയോടെയും ഞാൻ വിളിച്ചു;

“ടീച്ചർ… ” എന്റെ വിളി കേട്ടതും വൈഗ തിരിഞ്ഞു നിന്ന് എന്നെയും അവനെയും മാറി മാറി നോക്കി. അപ്പോൾ ഞാൻ വായും പൊളിച്ചു അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. എന്തൊരു അഴകാണു അവളെ കാണാൻ. മൂക്കിൽ കല്ലുള്ള മൂക്കുത്തിയും അണിഞ്ഞു, വാലിട്ടെഴുതിയ കണ്ണുകൾ, നെറ്റിയിൽ ചന്ദനക്കുറി, ശ്രീത്വം തുളുമ്പുന്ന മുഖവുമായി ഞങ്ങളെ നോക്കുന്ന അവളെ കാണാൻ വെള്ളാരം കല്ലിൽ കൊത്തിയെടുത്ത ശിൽപ്പം പോലെ തോന്നി എനിക്ക്. അമ്മ പറഞ്ഞത് എത്ര ശരിയാണ്. ഇവൾ ദേവത തന്നെയാ…..

“ആ എത്തിയോ.. എന്താ ഇത്ര വൈകിയത്. നിന്നോട് പറഞ്ഞിട്ടില്ലേ അപ്പൂ ക്ലാസ്സിൽ വരാൻ ഇത്ര വൈകരുതെന്ന്”. അതും പറഞ്ഞു അവൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു .. “നിങ്ങൾ മാതാപിതാക്കളാണ് ഇതെല്ലാം കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടത്. നിങ്ങളുടെ മകന്റെ മോഡൽ പരീക്ഷയിലെ മാർക്ക് കണ്ടതല്ലേ നിങ്ങൾ, എല്ലാത്തിലും എല്ലാ കുട്ടികളെക്കാളും ബാക്കിലാണ് ഇവൻ. ഒരാഴ്ച മുന്നേ നിങ്ങളുടെ ഭാര്യ വന്നപ്പോൾ പറഞ്ഞിരുന്നു, നിങ്ങൾ ഈ ആഴ്ച ഗൾഫിൽ നിന്നും വരുന്നെന്നും വന്നാൽ നിങ്ങളെ ഇവന്റെ കൂടെ ഇങ്ങോട്ട് പറഞ്ഞയക്കാമെന്നും. ഞങ്ങൾ പഠിപ്പിച്ചു വിട്ടാൽ മാത്രം പോരാ, നിങ്ങളും ശ്രദ്ധിക്കണം. ഈ പ്രായത്തിൽ കുട്ടികളുടെ ടീച്ചർമാർ അമ്മയും അച്ഛനും ആണ്. നിങ്ങളുടെ സ്നേഹത്തോടെ ഉള്ള ഇടപെടലിലൂടെ മാത്രമേ ഒരു നല്ല വിദ്യാർത്ഥിയെ ഉയർത്തി എടുക്കാൻ പറ്റൂ..” വൈഗയുടെ വാക്കുകൾ കേട്ട അവനും ഞാനും അന്തം വിട്ട് വായും പൊളിച്ചു അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി നോക്കി. എന്നിട്ട് അവൻ പറഞ്ഞു ;

“ടീച്ചർ ഇത് എന്റെ….” അത് പറഞ്ഞു മുഴുമിപ്പിക്കാൻ അവൾ സമ്മതിച്ചില്ല…

“നീ ഒന്നും പറയണ്ട. ഇത് നിന്റെ അച്ഛനാണെന്നല്ലേ. നീ ക്ലാസ്സിൽ പോയി ഇരിക്കൂ”. വൈഗ അവനെ സ്നേഹത്തോടെ ശാസിച്ചു.. അത് കണ്ടപ്പോൾ .. ഞാൻ പറഞ്ഞു…

“ഹലോ.. ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ..ഞാൻ ഈ കുട്ടിയുടെ…” അപ്പോൾ അവൾ കൈ ഉയർത്തി എന്നെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ പറഞ്ഞു..

“നിങ്ങൾ ഇവന്റെ അച്ഛൻ ആണെന്നല്ലേ… ഇനിയെങ്കിലും ശ്രദ്ധിക്കുക..മനസ്സിലായോ പൊയ്കൊള്ളൂ…”

“അതല്ല… ഞാൻ… ”

“മനസ്സിലായി. പൊയ്കൊള്ളൂ.. ഇനി സംസാരിച്ചു നിന്നാൽ പീരിയഡ് ഇപ്പോൾ തീരും ok.. ” അതും പറഞ്ഞു അവൾ ക്ലാസിന് അകത്തോട്ട് പോയി.. അപ്പോഴും എന്റെ അമ്പരപ്പ് മാറിയിട്ടില്ല.. എന്താ ഇപ്പൊ ഇവിടെ സംഭവിച്ചത്… അവൾ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു.. ഞാൻ ആ കുട്ടിയുടെ അച്ഛനാണെന്നു അവൾ കരുതിയിരുന്നു… ആകെപ്പാടെ കല്ല് കടിയാണല്ലോ ദൈവമേ… ആ ചെക്കന്റെ കൂടെ പോയി നിന്നതാണ് അബദ്ധമായത്.. എന്നെ കണ്ടാൽ ആ ചെക്കന്റെ അച്ഛനാണെന്നു തോന്നുമോ.. അതിനുമാത്രം പ്രായം തോന്നിക്കുന്നുണ്ടോ എനിക്ക്. എന്റീശ്വരാ.. ഇനി ഇപ്പൊ എങ്ങനെയാണ് അവളോടൊന്നു സംസാരിക്കുക, ആകെ കുഴഞ്ഞല്ലോ. ഞാൻ മനസ്സിൽ പറഞ്ഞു ഓരോന്ന് ചിന്തിച്ചു അവിടെ നിന്ന എന്നെ അവൾ ക്ലാസിൽ നിന്നും നോക്കി.. അത് കണ്ട എനിക്ക് ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് തോന്നി. എന്റെ ആദ്യത്തെ പെണ്ണ് കാണൽ കൊളമാക്കിയ അവനെ ഒന്ന് കണ്ണ് ഉരുട്ടി നോക്കി, വരാന്തയിൽ ആഞ്ഞു ചവിട്ടി ഞാൻ കാറിന്റെ അടുത്തേക്ക് നടന്നു. കാറും എടുത്ത് സ്‌കൂളിന് പുറത്ത് റൊട്ടിലോട്ട് ഇറങ്ങി. കാർ റോഡിന്റെ സൈഡിൽ പാർക്ക് ചെയ്ത് ഞാൻ ചിന്തിച്ചു.. എന്നാലും എന്തൊരു അഹങ്കാരമാണ് അവൾക്ക്. ഞാൻ ആരാണന്നും എന്തിനാണ് വന്നെതെന്നും ഒന്നും ചോദിക്കാതെ, ഏതോ ഒരു ചെക്കന്റെ അച്ഛനാക്കിയിരിക്കുന്നു അവൾ എന്നെ. അവളെ വർത്തമാനവും മട്ടും ഭാവവും കണ്ടാലും കേട്ടാലും തോന്നും ഞാനാണ് ആ ചെക്കനെ കേട് വരുത്തിയതെന്ന്. BA ക്ക് പഠിപ്പിക്കുന്ന ടീച്ചറാണെന്നാ അവളുടെ വിചാരം ഞാൻ ദേഷ്യത്തോടെ മനസ്സിൽ പറഞ്ഞു. ചിലപ്പോൾ പാവമായിരിക്കും എനിക്ക് തോന്നുന്നതായിരിക്കും എന്തായാലും അവളുടെ ഭംഗി അത് സമ്മതിക്കുക തന്നെ വേണം.. എന്തായാലും ഇത്രത്തോളം ആയ സ്ഥിതിക്ക് അവൾക്ക് ഒരു പണി കൊടുത്തേ പറ്റൂ. ഇന്ന് ഞാൻ അവളെ കണ്ടിട്ടേ വീട്ടിലോട്ട് മടങ്ങൂ.. എങ്ങനെ അവളെ ഒന്ന് കാണാ.. അപ്പോഴാണ് ഒരു ഐഡിയ മനസ്സിൽ തെളിഞ്ഞത്.. ഞാൻ ഫോണെടുത്ത് വീണ്ടും അവളുടെ ഫോണിലോട്ട് ഡയൽ ചെയ്തു മറുതലക്കൽ ബെല്ല് അടിച്ചു തീരാറായതും അവൾ ഫോണ് എടുത്തു. പിന്നെ ഒരു കിളിനാദം പോലെ സ്വരവും വെച്ചു അവൾ ചോദിച്ചു….

“ഹലോ ആരാ….?”

“ഹലോ വൈഗയല്ലേ…”

“അതേ ആരാണ് വിളിക്കുന്നത് ?”

“ഇത് ഞാനാണ് വിഷ്ണു. മനസ്സിലായില്ലേ. ബാലൻ മാമയുടെ പെങ്ങളുടെ മകൻ… അച്ഛൻ വിളിച്ചു പറഞ്ഞില്ലായിരുന്നോ..?”

“അയ്യോ സോറി.. എനിക്ക് പെട്ടന്ന് മനസ്സിലായില്ല. ആ പറഞ്ഞിരുന്നു..ഇങ്ങോട്ട് സ്കൂളിലോട്ടല്ലേ വരുന്നത്..”

“അതേ അങ്ങനെയാണ് പറഞ്ഞിരുന്നത്. നമുക്ക് ഈ സ്കൂളിൽ വെച്ചു കാണുന്നത് ഒന്ന് മാറ്റി പിടിച്ചാലോ. സ്ക്കൂളിലൊക്കെ ആകുമ്പോ ഒരു പ്രൈവസി കിട്ടില്ല. അത് കൊണ്ട് നമുക്ക് പുറത്ത് എവിടെയെങ്കിലും വെച്ചു കണ്ടാലോ…?”

“അയ്യോ… ഇത് ഞാൻ അങ്ങോട്ട്‌ പറയാൻ ഇരിക്കുവായിരുന്നു. എനിക്കും എന്തോ ഈ സ്കൂളിൽ വെച്ചു കാണുക എന്നൊക്കെ പറഞ്ഞപ്പോ ഒരു ചമ്മൽ പോലെ… ആട്ടെ മാഷ് എവിടെയാണ് ഇപ്പൊ നിൽക്കുന്നത്..?”

“ഞാൻ ടൗണിൽ ഉണ്ട്.. വൈഗ ഇങ്ങോട്ട് വരുമോ ? ഞാൻ ഇവിടെ അൽഫനാർ കോഫി ഷോപ്പിൽ ഉണ്ടാകും. ഇവിടെയാകുമ്പോൾ നമുക്ക് ഒരു ഫ്രീഡം കിട്ടും. നമുക്കൊരു കാപ്പിയെല്ലാം കുടിച്ചു റിലാക്സ് ചെയ്തു സാവധാനം സംസാരിക്കാം..”

“Ok ഞാൻ അങ്ങോട്ട്‌ വരാം…”

“OK thank you.. വൈഗ.. ഞാൻ ഇവിടെ ഉണ്ടാകും. പിന്നെ ഇപ്പൊ തന്നെ വരില്ലേ…?”

“ആ വരാം”.

” പിന്നെ ഇവിടെ എത്തിയിട്ട് എന്നെ വിളിച്ചാൽ മതി. ok ”

“Ok”

ഹാവൂ സമാധാനമായി. അവളോട്‌ സംസാരിച്ചപ്പോൾ മനസ്സിനൊരു റിലാക്സേഷൻ ഉണ്ട്. ഉള്ളിലുള്ള ആ പുകച്ചിൽ അങ്ങ് മാറി.. ഇന്ന് എന്തായാലും അവൾക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസം ആയിരിക്കണം ഈ ദിവസം. ആഹ്‌ഹാ എന്നോടാ അവളുടെ കളി.. ഞാൻ മനസ്സിൽ പറഞ്ഞു..

ഞാൻ കോഫി ഷോപ്പിന്റെ പുറത്ത് അവൾ വരുന്നതും നോക്കി കാറിൽ തന്നെ ഇരുന്നു. ഒരു 20 മിനിറ്റിനുള്ളിൽ അവൾ വരികയും ചെയ്തു. അവൾ കോഫി ഷോപ്പിന്റെ മുന്നിൽ വന്നു നിന്ന് ബാഗ് തുറന്ന് ഫോണ് എടുത്തു. അത് കണ്ട ഞാൻ എന്റെ ഫോണ് സൈലന്റിലാക്കി ഇട്ടു . അപ്പോ അവളുടെ ഫോണ് വന്നു..

“ഹലോ വൈഗ എത്തിയോ ഇത്ര പെട്ടെന്ന്?”

“ആ എത്തി മാഷ് എവിടെയാ, ഷോപ്പിനകത്തുണ്ടോ..?”

“ഇല്ല വൈഗ. ഞാൻ ഒരു അര മണിക്കൂർ വൈകും. വൈഗ ഒരു കാര്യം ചെയ്യൂ അകത്തു കയറി ഒരു കാപ്പിയെല്ലാം കുടിച്ചു ഇരിക്കൂ. അപ്പോഴേക്കും ഞാൻ എത്താം. ഭയങ്കര ട്രാഫിക് ജാമാണ്‌ ഇവിടെ, അത് കൊണ്ടാണ് സോറി. ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ.. “.

“ഇല്ല ഞാൻ വെയിറ്റ് ചെയ്യാം. ഞാൻ ഷോപ്പിന് അകത്തുണ്ടാകും. ഇവിടെ എത്തിയാൽ എന്നെ ഒന്ന് വിളിച്ചാൽ മതി ഞാൻ പുറത്തോട്ട് വരാം”.

“Ok thank you വൈഗാ..”

അവൾ ഫോൺ ഓഫ് ചെയ്ത് ടൗവൽ കൊണ്ട് മുഖം തുടച്ചു കോഫി ഷോപ്പിന്റെ അകത്തോട്ട് പോയി. അവൾ അകത്തോട്ട് പോയതും ഒരു അഞ്ച് മിനുട്ടിന് ശേഷം ഞാനും കോഫി ഷോപ്പിന്റെ അകത്തോട്ട് നടന്നു.. അപ്പോൾ ഞാൻ കണ്ടു അവൾ കോഫി ഷോപ്പിന്റെ വിന്റോയുടെ അടുത്തുള്ള ടേബിളിൽ ഇരിക്കുന്നത്.. ഞാൻ അവളിരിക്കുന്ന ടേബിളിന്റെ രണ്ട് ടേബിൾ അപ്പുറം അവൾക്ക് മുഖാമുഖം ആയി ഇരുന്നു. എന്നിട്ട് ഒരു കൂൾ കോഫിക്ക് ഓർഡർ കൊടുത്തു… എന്നിട്ട് പതിയെ എണീറ്റ്‌ സ്‌കൂളിൽ നിന്നും കണ്ട ആ കുട്ടിയുടെ അച്ഛനായി അവളുടെ അടുത്തേക്ക് ചെന്നു. പരിചയപെടാൻ അവളുടെ അടുത്തെത്തിയതും ഒരു പുഞ്ചിരിയോടെ പറഞ്ഞു..

“ഹലോ ടീച്ചർ മനസ്സിലായോ..?”

എന്നെ കണ്ടതും അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

“പിന്നെ മനസ്സിലാവാതെ. ഇപ്പൊ രാവിലെ അല്ലെ നമ്മൾ കണ്ടത് ? അങ്ങനെ പെട്ടന്ന് മറക്കുന്ന ആളല്ല ഞാൻ.. ഇരിക്കൂ..”

“Thank you.. ടീച്ചർ എന്താ ഇവിടെ ? ക്ളാസ്സില്ലെ.. അതോ ടീച്ചറിന്റെ ക്ലാസ്സ് കഴിഞ്ഞോ.. ?”

“ഇല്ല.. ഞാൻ ഒരാളെ കാണാൻ വന്നതാ. ഇവിടെ എത്തിയപ്പോഴാണ് ആള് വരാൻ ഒരു അരമണിക്കൂർ വൈകും എന്ന് അറിഞ്ഞത്.. ”

“ഐ സീ… എന്നാ നമുക്കോരോ കോഫി കഴിച്ചാലോ..?”

“അയ്യോ.. വേണ്ട… നിങ്ങൾ കഴിച്ചോളൂ… ഞാൻ പിന്നെ കഴിച്ചോളാം…”

“അത് പറ്റില്ല. നമ്മൾ പരിചയപെട്ട സ്ഥിതിക്ക് ഒരു കോഫി കുടിച്ചേ പറ്റൂ. ഈ കാത്തിരിക്കുന്ന ആൾ ടീച്ചർക്ക് അത്രക്കും വേണ്ടപ്പെട്ട ആളാണെന്ന് തോന്നുന്നു. കണ്ടിട്ട് അയാളുടെ കൂടെ കോഫി കുടിക്കാൻ ഇരിക്കാണെന്നു തോന്നുന്നു..”

അത് കേട്ട അവൾ ഒരു പരവേശത്തോടെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

“അത് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി. ഇനി ഇപ്പൊ ഒന്നും മറച്ചു വെക്കുന്നില്ല സത്യത്തിൽ ഇന്ന് എന്റെ പെണ്ണ് കാണലാണ്. അതിനാണ് ഇവിടെ വന്നത്. ആ ആളെയാണ് ഈ വെയ്റ്റ് ചെയ്തു ഇരിക്കുന്നത്”.

“ഓഹോ കൺഗ്രാറ്റ്‌സ്.. എന്തായാലും ഇന്ന് ഈ മുഹൂർത്തിന് സാക്ഷിയായതിൽ ഞാനും സന്തോഷിക്കുന്നു.. അപ്പൊ എന്തായാലും എന്റെ വക ഒരു കോഫി കുടിച്ചേ പറ്റൂ. പിന്നെ വുഡ്ബി വന്നതിന് ശേഷം നിങ്ങൾ രണ്ടാളും റൊമാന്റിക് ടച്ചുള്ള കാപ്പിചീനോ തന്നെ കഴിച്ചോളൂ.. എന്താ ?”

“Ok. ഇനി നിങ്ങളുടെ ക്ഷണം സ്വീകരിച്ചില്ലന്നു വേണ്ട പറഞ്ഞോളൂ, എനിക്കും ഒരു കോഫി”.

അത് കേട്ടതും ഞാൻ ഒരു കൂൾ കോഫിക്കും കൂടി ഓർഡർ. കൊടുത്തു…

“സോറി ഞാൻ രാവിലെ കുറച്ചു റഫായി സംസാരിച്ചു ഒന്നും വിചാരിക്കരുത്. അത് അപ്പുവിനോട് ഉള്ള ഇഷ്ട്ടം കൊണ്ടാ. നല്ലോണം പഠിച്ചിരുന്ന കുട്ടിയായിരുന്നു അവൻ. ആ അവൻ ഓരോ ദിവസം പിന്നോട്ട് പോകുന്നത് കണ്ടപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും വന്നു. അത് കൊണ്ടാണ് അങ്ങനെ സംസാരിച്ചത്.. ഒരിക്കൽ കൂടി സോറി…”

അവളുടെ ആ വാക്കുകളിലെ ക്ഷമാപണം അവളുടെ മേലുള്ള എല്ലാ ദേഷ്യവും എന്നിൽ നിന്നും മായിച്ചു കളഞ്ഞു.. ഇപ്പൊ എന്തോ എനിക്ക് അവളെ കൂടുതൽ ഇഷ്ടമായി. ഇവൾ സൗന്ദര്യത്തിൽ മാത്രം അല്ല മുന്നിൽ, നല്ല മനസ്സിലും ഇവൾ മുന്നിലാണ് എന്ന് എനിക്ക് മനസ്സിലായി…അപ്പോഴേക്കും ഓർഡർ ചെയ്ത കോഫി എത്തി. ഞാൻ കുറച്ചു കുടിച്ചു കൊണ്ട് അവളോട്‌ പറഞ്ഞു…

“ഇറ്റ്സ് ഒക്കെ.. ഞാൻ അത് അപ്പോഴേ വിട്ടൂ.. ഒരു ടീച്ചർ പറയുന്നതെ നിങ്ങളും പറഞ്ഞോള്ളൂ. നിങ്ങൾക്ക് അതിനുള്ള അവകാശം ഉണ്ട്. ആട്ടെ ഈ കാത്തിരിക്കുന്ന കക്ഷിയെ മുന്നേ കണ്ടിട്ടുണ്ടോ..?”

“ഇല്ല. കണ്ട ഓർമയില്ല. ഞങ്ങൾ കുറച്ചകന്ന ബന്ധുക്കാരും ആണ്.. ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ലെന്നെ ഉള്ളൂ. അദ്ദേഹം വിദേശത്തായിരുന്നു, ഇന്നലെ ഇവിടെ ലാന്റ് ചെയ്തതേ ഉള്ളൂ. പക്ഷെ വീട്ടുകാരെ എല്ലാം കണ്ടിട്ടുണ്ട് അവർ എന്നെയും. സത്യത്തിൽ ഞങ്ങളുടെ വിവാഹം ഏകദേശം ഉറച്ചതാണ്..”

അതു കേട്ട ഞാൻ ഒരു ഒളികണ്ണാലെ അവളെ നോക്കി, ഒരു കള്ള ചിരിയോടെ ചോദിച്ചു…

“അതെങ്ങനാടോ നിങ്ങൾ തമ്മിൽ കാണാതെ ഉറപ്പിച്ചത്. നിങ്ങൾ കണ്ടതിന് ശേഷമല്ലേ.. ഉറപ്പിക്കേണ്ടത്..”

അത് കേട്ട അവൾ ഒരു കള്ള ചിരിയോടെ പുഞ്ചിരിച്ചു ഒരു ചമ്മലോടെ പറഞ്ഞു.

“അത്.. ഞങ്ങൾ നേരിൽ കണ്ടിട്ടില്ലന്നേ ഉള്ളൂ പക്ഷെ എന്നാലും എനിക്ക് അദ്ദേഹത്തെ ഭയങ്കര ഇഷ്ട്ടമാണ്. ഞാൻ അദ്ദേഹത്തിന്റെ സൗന്ദര്യത്തെ അല്ല സ്നേഹിച്ചത് അദ്ദേഹത്തിന്റെ മനസ്സിനെയാണ്… ഇപ്പഴത്തെ എന്റെ പേടി അദ്ദേഹത്തിന് എന്നെ ഇഷ്ടമാകുമോ എന്നാ.. ഞാൻ ഇപ്പൊ ആ ടെൻഷനിലാ..”

അത് കേട്ടതും എന്റെ മനസ്സും കണ്ണും നിറഞ്ഞു. പിന്നെ ഞാൻ എന്റെ മനസ്സിൽ പറഞ്ഞു. നിനക്ക് എന്നോടുള്ള ഇഷ്ട്ടത്തെക്കാളും ഒരു നൂറ് മടങ്ങു എനിക്ക് നിന്നോട് ഇഷ്ട്ടമാണ് വൈഗാ.. എനിക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെയായി. എനിക്ക് മാനത്ത് നിൽക്കുന്ന അമ്പിളി അമ്മാവനെ കയ്യിൽ കിട്ടിയ പോലെ തോന്നി .. അവൾ എന്നെ ഇഷ്ടമാണെന്നു പടഞ്ഞപ്പോൾ തന്നെ, എന്റെ മനസ്സിൽ കതിർ മണ്ഡപവും താലിയും പൂമാലയും കൊട്ടും കുരവയും എല്ലാം ഉണ്ടായിരുന്നു. ഇനിയും ഇവിടെ ഇരുന്നാൽ ശരിയാവില്ല പെട്ടന്ന് വിഷ്ണുവാകണം. ഈ നാടകം അവസാനിപ്പിക്കാൻ സമയമായി, ഞാൻ മനസ്സിൽ പറഞ്ഞു . ഞാൻ ഒരു കള്ളച്ചിരിയാലെ പറഞ്ഞു;

“അപ്പൊ കാണാതെ തന്നെ ടീച്ചർ അദ്ദേഹത്തെ ഭാവി വരാനായി മനസ്സിൽ കുടിയിരുത്തി പൂജിച്ചു എന്നു സാരം.. എന്തായാലും നിങ്ങളുടെ ഈ കണ്ണ് പൊത്തി പ്രണയം കേൾക്കാൻ നല്ല രസമുണ്ട് ഇൻഡ്രസ്റ്റിങ്.. എനിവേ.. ഗുഡ് ലക്ക്.. അഡ്വാൻസായി എന്റെ വിവാഹം ആശംസകൾ.. എന്നാൽ ടീച്ചർ വെയ്റ്റ് ചെയ്യൂ. ഞാൻ ഇറങ്ങുന്നു… ഞാൻ അവൾക്ക് കൈ കൊടുത്തു എണീറ്റു. അവളുടെ മൊബൈൽ നമ്പറും ഞാൻ വാങ്ങി. എന്തെങ്കിലും ആവശ്യം വരുകയാണെങ്കിൽ വിളിക്കാനാണെന്നും പറഞ്ഞു കൊണ്ട്.

“Thank you.. പരിചയപെട്ടതിൽ സന്തോഷം… പിന്നെ അവൾ ചോദിച്ചു… അല്ലാ പേരു പറഞ്ഞില്ലാ..”

“ഒരു പേരിൽ എന്ത് ഇരിക്കുന്നു ടീച്ചറേ…? പേര് മറ്റുള്ളവർക്ക് നമ്മളെ തിരിച്ചറിയാനുള്ള വെറും ഒരു ഐഡൻറ്റി അല്ലെ… അപ്പൊ ഗുഡ് ബൈ…” അതും പറഞ്ഞു… ഞാൻ പുറത്തേക്ക് വന്നു. പുറത്തേക്ക് പോരുന്ന വഴിയിൽ വെയിറ്ററുടെ ചെവിയിൽ ഒരു സ്വകാര്യം പറഞ്ഞു. കയ്യിൽ ഒരു സാധനം കൊടുത്തു. അയാളുടെ കൈയിൽ നിന്നും അയാളുടെ മൊബൈലും വാങ്ങി ഞാൻ പുറത്തിറങ്ങി. കാറിൽ കയറി അവളെ വിളിച്ചൂ.

“ഹലോ വൈഗാ ഞാൻ എത്തി… എവിടെ ഷോപ്പിന് അകത്തുണ്ടോ…?”

എന്റെ സ്വരം കേട്ടതും അവൾ ആകാംഷയോടെ പറഞ്ഞു..

“അതേ അകത്തുണ്ട്.. ഞാൻ പുറത്തോട്ട് വരാം..”

“വേണ്ട വൈഗാ.. ഞാൻ അകത്തോട്ട് വന്നോളാം “.

പിന്നെ ഞാൻ വെയിറ്ററുടെ മൊബൈലിൽ അവളെ വിളിച്ചു.

“ടീച്ചറെ ഇത് ഞാനാണ് “.

“ആ പറയൂ എന്താ വിളിച്ചത് ?”

“അല്ല ഒന്നുമില്ല ഇത്രത്തോളം പരിചയപ്പെട്ട സ്ഥിതിക്ക് നിങ്ങളുടെ വിവാഹത്തിന് എന്തെങ്കിലും ഗിഫ്റ്റ് തരണ്ടേ.. പിന്നെ തരാൻ പറ്റിയില്ലെങ്കിലോ.. അത് കൊണ്ട് ഞാൻ ആ വെയിറ്ററുടെ കയ്യിൽ ഒരു ഗിഫ്റ്റ് കൊടുത്തിട്ടുണ്ട്. അത് അയാൾ ഇപ്പൊ നിങ്ങൾക്ക് കൊണ്ട് തരും ok.. അപ്പൊ ശരി….”

ഫോൺ കട്ടായതും വൈഗയുടെ അടുത്തോട്ട് വെയ്റ്റർ വന്നു, ഒരു ചെറിയ ബോക്‌സ് അവളുടെ കയ്യിൽ കൊടുത്തു.. അവൾ അയാൾക്ക്‌ ഒരു പുഞ്ചിരി സമ്മാനിച്ചു അത് വാങ്ങി. എന്നിട്ട് ബോക്‌സ് തുറന്നു. അപ്പോൾ അതിൽ അവൾക്ക് ഒരു ലെറ്റർ മാത്രമേ കാണാൻ കഴിഞ്ഞോള്ളൂ. ആ ലെറ്റർ എടുത്തു അവൾ നിവർത്തി… അതിൽ എഴുതിയത്…

“ഹലോ വൈഗാ ഞാൻ വിഷ്ണുവാണ്. എന്റെ പെണ്ണ് കാണൽ കഴിഞ്ഞു.. എനിക്ക് നിന്നെ ഇഷ്ടമായി.നിന്നെ കാണാൻ വന്ന എന്നെ നീ ഏതോ ഒരു കുട്ടിയുടെ അച്ഛനാക്കി ശാസിച്ചു ഉപദേശിച്ചു. ഇപ്പൊ അതിന്റെ പേരിൽ ക്ഷമാപണവും നടത്തി. അതിലൂടെ തന്നെ നിന്റെ സ്നേഹവും ജീവിതത്തോടുള്ള ഉത്തരവാദിത്തവും മനസ്സിലായി. അതിലുപരി എന്നെ കാണാതെ തന്നെ ആ മനസ്സിൽ കൊണ്ട് നടന്നു സ്നേഹിച്ച നിന്നെ എങ്ങനെയാണ് വൈഗ ഇഷ്ടമല്ലാന്നു പറയുന്നത്. എനിക്ക് ഇഷ്ടമാണ് വൈഗാ നിന്നെ. എനിക്ക് വേണം വൈഗാ നിന്നെ .. I love you വൈഗാ …..”

ലെറ്റർ വായിച്ചു തീർന്നതും വൈഗ ലെറ്ററും നെഞ്ചോട് ചേർത്ത് പിടിച്ചു ബാഗും എടുത്ത് പുറത്തേക്ക് ഓടി. പുറത്ത് എത്തിയതും അവൾ ആകാംക്ഷയോടെ വിഷ്ണുവിനെ കാണാനുള്ള തിടുക്കവുമായി നാല് പാടും നോക്കി. അത് കണ്ട വിഷ്ണു. കാറിന്റെ ഫ്രണ്ടിലെ വലത് സൈഡിലെ ഗ്ലാസ്സ് താഴ്ത്തി വൈഗയോട് ചോദിച്ചു…..

“ആരെയാണ് ടീച്ചറെ ടീച്ചർ തിരയുന്നത്. എന്നെയാണോ…. ?” അപ്പോഴാണ് വൈഗ വിഷ്ണുവിനെ കണ്ടത്. അവനെ കണ്ടതും അവളുടെ മുഖത്ത് ഒരു ചമ്മലോടെ ഉള്ള ചിരി വിഷ്ണു കണ്ടു. പിന്നെ അവൾ ഒരു മന്താര ചിരിയോടെ. വിഷ്ണുവിന്റെ അടുത്തേക്ക് നടന്നു.

“അപ്പൊ വിഷ്ണുവേട്ടൻ എന്നെ ഇത്രയും നേരം പറ്റിക്കുകയായിരുന്നു അല്ലേ…?” ഒരു പുഞ്ചിരിയോടെ വൈഗ ചോദിച്ചു.

വൈഗയുടെ വിഷ്ണുവേട്ടൻ എന്ന വിളി, വിഷ്ണുവിന് എവിടക്കെയോ അത് കൊണ്ടു…

“അല്ല പിന്നെ പറ്റിക്കാണ്ട്… നിന്നെ കാണാൻ വന്ന എന്നെ നീ ഏതോ ഒരു കുട്ടിയുടെ അച്ഛനാക്കിയതും പോരാ… എനിക്ക് സംസാരിക്കാൻ ഒരു അവസരം പോലും തരാത്ത നിനക്ക് ഇങ്ങനത്തെ ഒരു പണിയെങ്കിലും തരേണ്ടേ..?”

“എന്തായാലും വിഷ്ണുവേട്ടന്റെ ഈ പ്രയോഗം കൊള്ളാം.. ഇതിൽ ഞാൻ ശരിക്കും വീണു”.

“അപ്പൊ. പിന്നെ ഇതങ്ങു ഉറപ്പിക്കാം അല്ലെ… ?” ഞാൻ ഒരു കള്ള കാമുകന്റെ ചിരിയോടെ ചോദിച്ചു….അത് കേട്ട അവൾ തല താഴ്ത്തി പുഞ്ചിരിയോടെ പറഞ്ഞു…

“എനിക്ക് സമ്മതം…വിഷ്ണുവേട്ടനും സമ്മതമല്ലേ…..?”

“നിനക്ക് സമ്മതമാണെങ്കിൽ എനിക്ക് നൂറു വട്ടം സമ്മതം..”. അത് വിഷ്ണു തുറന്ന ചിരിയാലെ സ്വരം ഉയർത്തിയാണ് പറഞ്ഞത്…

അത് കേട്ട അവളുടെ കണ്ണെല്ലാം സന്തോഷം കൊണ്ട് നിറഞ്ഞു…അത് കണ്ട വിഷ്ണു അപ്പുറത്തെ സൈഡിലെ ഡോർ തള്ളി തുറന്നുകൊണ്ട് പറഞ്ഞു……

“എന്നാ പോയാലോ നമുക്ക്…?” അത് കേട്ട വൈഗ ആകാംഷയോടെ ചോദിച്ചു;

“എങ്ങോട്ട്…?”

“നീ പേടിക്കണ്ട.. വേറെ എവിടേക്കും അല്ല. നിന്റെ വീട്ടിലോട്ട് ഞാൻ തന്നെ ആക്കി തരാം…ഇങ്ങു കയറടി ടീച്ചറെ..” വിഷ്ണു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കാറിന്റെ ഉള്ളിലേക്കിട്ടു.. വിഷ്ണുവിന്റെ സ്പർശനം ഏറ്റതും, വൈഗയുടെ ശരീരത്തിലൂടെ കൊള്ളിയാൻ മിന്നിമറഞ്ഞു. അതിന്റെ പ്രതിഫലനം വിഷ്ണു കാണുന്നുണ്ടായിരുന്നു.

“അപ്പൊ കാപ്പിച്ചീനോ..? അല്ലെങ്കിൽ ഇനി എന്തിനാ കാപ്പിച്ചീനോ.. അതിനെക്കാളും മധുരമുള്ള കലാലയത്തിൽ രാജകുമാരിയെ എല്ലേ എനിക്ക് കിട്ടിയത് അല്ലെ വൈഗാ….?” എന്നിട്ട് ഒരു കണ്ണ് ചിമ്മികൊണ്ട് ഒരു നിറഞ്ഞ ചിരിയാലെ വിഷ്ണു പറഞ്ഞു…….. “എന്നാ പോകാം രാജകുമാരി….” അതും പറഞ്ഞു വിഷ്ണു കാർ മുന്നോട്ട് എടുത്തു………………………..

രചന :ഫൈസൽ കണിയാരി..

…… ശുഭം…..

#കുറ്റിപ്പുറം…

Leave a Reply

Your email address will not be published. Required fields are marked *