ഒരാൾക്ക് മറ്റൊരാൾ എത്രമാത്രം പ്രിയപെട്ടതാണെന്ന് മനസ്സിലാക്കാൻ ഇതിനും വലിയ സന്ദർഭമില്ല..

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: പ്രവീൺ ചന്ദ്രൻ

“ശരിക്കും നീയൊരു ജിന്നാട്ടോ ചെക്കാ.. കുറച്ച് ദിവസം ആയിട്ടുള്ളൂ ഞാൻ നിന്നോട് അടുത്ത് തുടങ്ങിയിട്ട്.. പക്ഷെ അതിനുള്ളിൽ നീയെന്നെ വേറെ ഒരു ലോകത്ത് എത്തിച്ചല്ലോടാ ചെക്കാ.. വല്ലാത്തൊരു ഫീൽ തന്നെ.. നിന്റെ സാന്നിദ്ധ്യം ആണ് ഞാനിപ്പോൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്.. നിന്നെ പരിചയപെടുന്നതിന് മുന്ന് വറ്റി വരണ്ട മരുഭൂമി പോലെയായിരുന്നു എന്റെ മനസ്സ്… നിയെന്നിൽ പുതുമഴപോലെ പെയ്തിറങ്ങുകയായിരുന്നു.. പ്രണയത്തിന് ഇത്രയും ഫീൽ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിയത് ഇപ്പോഴാണ്.. താങ്ക്യൂടാ ചെക്കാ.. ” അവൾ പറഞ്ഞത് കേട്ട് അവനൊന്ന് പുഞ്ചിരിച്ചു..

അവന്റെ പുഞ്ചിരിയിൽ പോലും പ്രണയം ഉണ്ടെന്ന് അവൾക്ക് തോന്നി.. എന്താണ് അവനെ അവളിലേക്കാകർഷിച്ചതെന്ന് അവൾ ചിന്തിക്കുകയായിരുന്നു.. ആ പാറിപറക്കുന്ന തലമുടിയോ അതോ ആ കട്ട താടിയോ… ചെറിയ കണ്ണുകളോ അതല്ലെങ്കിൽ പിന്നെ ആ പ്രണയം തുളുമ്പുന്ന ശബ്ദമാവാം.. എന്താണെന്നറിയില്ല എന്തായാലും അവനോട് ഇപ്പോൾ അവൾക്ക് പ്രണയമാണ്… കടുത്ത പ്രണയം…

” അത്രയ്ക്ക് ഇഷ്ടം ഉണ്ടേൽ പിന്നെന്തിനാ പെണ്ണേ നീ എന്നെ വിട്ട് പറക്കുന്നത്.. നീയില്ലെങ്കിൽ ഞാൻ ശൂന്യമാണെന്നറിയില്ലേ?.. ഏകാന്തമായ എന്റെ ജീവിതം വർണ്ണശബളമാക്കിയവളേ.. എന്തിനെന്നെ വീണ്ടുമാ കൂരിരുട്ടിലേക്ക് തള്ളിവിടുന്നു..? ”

അവൻ ചോദിച്ചത് കേട്ട് അവൾ അല്പനേരത്തേക്ക് നിശബ്ദയായി.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. കമ്പനിയുടെ പ്രൊജക്ടിന്റെ ഭാഗമായാണ് അവൾക്ക് ലണ്ടനിലേക്ക് പോകേണ്ടി വരുന്നത്.. അതിനായി എല്ലാം ശരിയായി ഇരിക്കുമ്പോഴാണ് അവനെ അവൾ പരിചയപെടുന്നത്… അതിത്ര പെട്ടെന്ന് പ്രണയത്തിലേക്ക് വഴിമാറുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയതല്ല…

” കുറച്ചൂടെ മുന്നേ വരാടന്നില്ലേടാ ചെക്കാ നിനക്ക്.. എവിടെ ആയിരുന്നു ഇത്രയും കാലം.. എന്നെ വട്ടുകളെയൊക്കെ ഉണർത്തിയവനാണ് നീ.. ആ നിന്നെ വിട്ട് പോകാൻ എനിക്കെത്ര വിഷമം ഉണ്ടാവും.. പക്ഷെ പോകാതിരിക്കാൻ വയ്യ മുത്തേ.. നീയെന്നിൽ നിറഞ്ഞ് നിൽക്കുന്നി ടത്തോളം എനിക്കൊരിക്കലും നിന്നെ മിസ്സ് ആവില്ലടാ ചെക്കാ.. ”

അവളങ്ങനെ പറഞ്ഞെങ്കിലും അവൾക്ക് അവനെ പിരിഞ്ഞിരിക്കാൻ പറ്റില്ലായിരുന്നു.. മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവൾക്ക് അവനെ തൽക്കാലത്തേക്ക് വിട്ടുപിരിയുകയല്ലാതെ വേറെ നിവൃത്തി ഇല്ലായിരുന്നു..

” ശരി പെണ്ണേ ഞാൻ തടയുന്നില്ല.. പക്ഷെ എനിക്ക് നിന്നെ നല്ലപോലെ മിസ്സ് ചെയ്യും.. അതുറപ്പാണ്.. നാളെ പുലർച്ചയല്ലേ ഫ്ലൈറ്റ് അത് വരെ നമുക്ക് സംസാരിച്ചിരിക്കാം.. ഒരു നിമിഷം പോലും പാഴാക്കാൻ തോന്നുന്നില്ല എനിക്ക്….”

” അത് പിന്നെ ചോദിക്കാനുണ്ടോടാ.. അതല്ലേ ഞാൻ നേരത്തേ ഇറങ്ങിയത്.. എനിക്ക് നിന്നെ ചുറ്റിവരിഞ്ഞിരുന്ന് നിന്റെ ബുള്ളറ്റിൽ ഈ രാത്രി മുഴുവൻ സഞ്ചരിക്കണം.. ” അവൾ പറഞ്ഞത് കേട്ടതും അവൻ കിക്കറിൽ കാലമർത്തി..

“കേറ് പെണ്ണേ…”

അവൾക്ക് സന്തോഷമായി.. ഇരുവശത്തേക്കും കാലുകൾ ഇട്ട് അവനെ ചുറ്റിപ്പിടിച്ച് അവളിരുന്നു..

“ഡീ പെണ്ണെ ആളുകൾ നോക്കുന്നു.. ഒന്നയച്ച് പിടിക്ക്..”

“നോക്കട്ടേടാ ചെക്കാ.. അവർക്ക് അസൂയ ആവട്ടെ… നീ പറപ്പിച്ചോടാ… ”

“പതുക്കെ കടിക്കടീ.. ചെവി വേദനിക്കുന്നു”

“മിണ്ടാതിരിക്ക് ചെക്കാ.. ചെവി മാത്രമല്ല പുറവും ഞാൻ കടിച്ചുമുറിക്കുംട്ടാ…”

“ഹോ എന്തൊരു ആവേശമാണ് പെണ്ണേ നിനക്ക്…?”

“നീയാണ് എന്റെ ആവേശം.. ”

അവൾ പറഞ്ഞത് കേട്ട് ആവേശത്തോടെ അവൻ വണ്ടി കൂടുതൽ സ്പീഡിൽ മുന്നോട്ടെടുത്തു..

ആ രാത്രി മുഴുവൻ അവർക്കുള്ളതായിരുന്നു.. അവരുടെ പ്രണയത്താൽ പുളകിതയായിരുന്നു പ്രകൃതിപോലും.. തിരികെ എയർപോട്ടിലേക്ക് എത്താറായപ്പോഴേക്കും മഴയും അവരുടെ പ്രണയത്തെ അനുഗമിക്കാനായെത്തി..

വണ്ടിയിൽ നിന്ന് ഇറങ്ങുന്നതിന് മുന്ന് അവൻ അവളുടെ അധരങ്ങളിൽ ഗാഢമായി ചുംബിച്ചു.. അനുവാദം ചോദിക്കാതെയുള്ള ആ ചുംബനത്തിൽ അവളും മതിമറന്നു… അവന്റെ ചുണ്ടുകൾ അവളിൽ നിന്നടരരുതേയെന്നവ ളാശിച്ചു..

അത്രയ്ക്ക് തീക്ഷണമായിരുന്നു ആ പ്രണയം..

തലയ്ക്ക് മുകളിലൂടെ അവൾ പറന്നകലുന്നത് നിറകണ്ണുകളോടെ അവൻ നോക്കി നിന്നു…

അവളുടെ മനസ്സും ശൂന്യമായിരുന്നു.. വിൻഡോയി ലൂടെ അവൾ വിദൂരതയിലേക്ക് നോക്കി.. തന്റെ സ്വപ്നങ്ങൾക്ക് ചിറക്മുളപ്പിച്ചവനെ വിട്ട് താനിതാ യന്ത്ര ചിറകുകളിൽ പറക്കുന്നു.. ഭൂമിയും ആകാശവും പോലെ രണ്ടറ്റത്തേക്ക്.. അനിവാര്യമായിരുന്നുവോ ഈ പിരിയൽ.. ഒരുപക്ഷെ ആയിരിക്കാം.. പ്രണയത്തിന്റെ ഏറ്റവും തീക്ഷണമായ ഭാവം ശൂന്യത ആണത്രേ… ഒരാൾക്ക് മറ്റൊരാൾ എത്രമാത്രം പ്രിയപെട്ടതാണെന്ന് മനസ്സിലാക്കാൻ ഇതിനും വലിയ സന്ദർഭമില്ല…

കമ്പനി ഒരുക്കിയിരുന്ന താമസസ്ഥലത്ത് എത്തിച്ചേർന്നതും അവൾ അവനെ ബന്ധപെട്ടു. അവന്റെ ശബ്ദം അങ്ങേതലയ്ക്കൽ കേട്ടതും അവൾക്ക് നിയന്ത്രണം വിട്ടുപോയിരുന്നു… അവളെ ആശ്വസിപ്പിക്കാൻ അവനും ആവുമായിരുന്നില്ല…

പിന്നീടുള്ള ദിവസങ്ങളിൽ അവൾ അവളെ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു ഒരുപാട് കാലം ഇനി അവനെ പിരിഞ്ഞിരിക്കേണ്ടി വരും എന്നത്..

എങ്കിലും അവൻ വിളിക്കുമ്പോഴൊക്കെ അവൾക്ക് ഒരുണർവ്വ് ആയിരുന്നു.. വീഡിയോ കോൾ വഴി അവനെ കാണുമ്പോഴൊക്കെ അവനടുത്തുള്ള പോലെ തോന്നുമായിരുന്നു…

ഇടക്കൊക്കെ അവനുമായി പിണക്കം നടിച്ചവൾ ഇരുന്നെങ്കിലും അവന്റെ സ്നേഹത്തിന് മുന്നിൽ അവൾ തിരിച്ചു വരികയായിരുന്നു..

മാസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു…

അങ്ങനെ ഒരു ദിവസം അവർ തമ്മിലുള്ള പതിവ് സംസാരത്തിനിടയിൽ അവൾ അവനോട് ചോദിച്ചു…

“ഡാ ചെക്കാ.. നിനക്ക് എന്നെ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ടോടാ… ? എനിക്ക് ഇവിടെ പറ്റണില്ലടാ നിന്നെ കാണാൻ എപ്പോഴും തോന്നുന്നു.. നിന്റെ പുറകിലിരുന്ന് ഒരു രാത്രി മുഴുവൻ സഞ്ചരിക്കാൻ തോന്നുന്നു.. അന്ന് നനഞ്ഞ മഴ ഒരു വട്ടം കൂടി നനയാൻ എന്റെ മനസ്സ് കൊതിക്കുന്നു… നിന്റെ നെഞ്ചിൽ കടിക്കാൻ തോന്നുന്നു.. ഇനിയും ഒരുപാട് കാത്തിരിക്കണമല്ലോന്ന് ആലോചിക്കു മ്പോൾ ഹൃദയം നുറുങ്ങുന്നപോലെ… ഇപ്പോഴാ എനിക്ക് മനസ്സിലായത് ഞാൻ നിന്നെ എത്രമാത്രം പ്രണയിക്കുന്നുണ്ടെന്നത്.. എനിക്ക് നിന്നെ ഇപ്പോ കാണണംന്ന് തോന്നുന്നൂടാ.. ശരിക്കും.. നീയെന്നെ ഇവിടെ വന്നതിൽ പിന്നെ ഒരിക്കൽ പോലും കാണണമെന്ന് പറഞ്ഞില്ലല്ലോടാ ദുഷ്ടാ… ” അവളത് പറഞ്ഞതും അപ്പുറത്ത് നിന്ന് ഫോൺ കട്ട് ചെയ്യുന്ന ശബ്ദം കേട്ടു..

പിന്നീട് അവൾ കുറെ തിരിച്ച് വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു… അവൾക്ക് ആധികയറി… അങ്ങനെ പറയേണ്ടായിരുന്നു എന്ന് അവൾക്ക് തോന്നി…

അവൻ ഫോണെടുക്കാതായതോടെ അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി.. നാളെ അവളുടെ ജന്മദിനം ആയിരുന്നു.. അവനിൽ നിന്ന് ഒരാശംസ യെങ്കിലും അവൾ പ്രതിക്ഷിച്ചിരുന്നു.. എല്ലാം അവളുടെ എടുത്ത് ചാട്ടം കൊണ്ട് ഇല്ലാതായിപ്പോയെന്ന് അവൾ കരുതി….

അങ്ങനെ വിഷമത്തോടെ ഇരിക്കുമ്പോഴാണ് കോളിംഗ്ബെൽ ശബ്ദിച്ചത്… ഈ പാതിരാത്രിക്ക് ആരാവാം എന്ന ആകാംക്ഷയോടെ ആണ് അവൾ വാതിൽ തുറന്നത്..

” ഹാപ്പി ബർത്ത്ഡേ പെണ്ണേ…” വാതിക്കൽ കള്ളപുഞ്ചിരിയോടെ ഒരു മുഖം… അതവനായിരുന്നു…

അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല…

” എങ്ങനെ… എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.. നീ എന്നെ ഒന്ന് പിച്ചിയേടാ.. ഇത് സ്വപ്നമാണോ അതോ യാഥാർത്ഥ്യമാണോ ചെക്കാ.. ”

അവൾ പറഞ്ഞത് കേട്ട് അവനവളെ മുറുകെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു…

“ഇപ്പോ വിശ്വാസമായോ പെണ്ണെ.. എനിക്ക് നിന്നെ കാണാതിരിക്കാനാവില്ല മുത്തേ.. നിന്റെ പിറന്നാളിന് ഒരു സർപ്രൈസ് തരണമെന്നുണ്ടായിരുന്നു.. അതിനാണ് ഇവിടെയുള്ള സുഹൃത്ത് മുഖേന വിസ സംഘടിപ്പിച്ചതും ഇന്നലെ ഇവിടെ വന്നതും… അവന്റെ റൂമിലാടന്നു ഞാൻ.. ഇവിടെ അടുത്ത് തന്നെയാണ് റൂം.. ഞാൻ നിന്നെ ഇന്നലെയേ കണ്ടിരുന്നു.. ഓഫീസ് കഴിഞ്ഞ് നീ വരുമ്പോൾ നിന്റെ പുറകെ ഞാനുണ്ടായിരുന്നു..നീയെന്നെ കണ്ടില്ലെന്ന് മാത്രം.. ഇനി കുറച്ച് ദിവസം ഞാനുണ്ടാവും കൂടെ…സന്തോഷമായില്ലേ പെണ്ണേ…?”…

“പിന്നെ പിന്നെ കുറച്ച് ദിവസോ.. ഇനി നിന്നെ ഞാൻ വിട്ടത് തന്നെ ചെക്കാ…”അവളവന്റെ നെഞ്ചിൽ അമർത്തി കടിച്ചുകൊണ്ട് പറഞ്ഞു..

രചന: പ്രവീൺ ചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *