ഇനിയൊരു ജന്മം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന : ദീപ്തി ദീപ്

“””നാശം…….

എന്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോ മൂദേവി…. എന്റെ താലി അറുക്കാനായിട്ടാകും ഇവിടേയ്ക്ക് തന്നെ കേറി വന്നത്. ഇനിയവളെ സ്വർണം കൊണ്ട് മൂടാഞ്ഞിട്ടാ….. എന്തു പറഞ്ഞ് വശത്താക്കി വെച്ചതാണാവോ എന്റെ കെട്ടിയോനെ….”””

അടുക്കള പുറത്ത്‌ നിന്നും സാവിത്രിയുടെ കൂത്തുവാക്കുകൾ വീണ്ടും വീണ്ടും കേട്ടിട്ടും ഒന്നും മിണ്ടാതെ ചെയ്യുന്ന ജോലിയിലേക്ക് തന്നെ ശ്രെദ്ധിച്ചു. എന്നും അതാണ്‌ ശീലം. ഇനിയും അങ്ങനെ തന്നെ ആയിരിക്കും…… സ്വന്തമമ്മയുടെ വാക്കുകളിൽ നിറയെ അവളെ കുറിച്ചുള്ള കുറ്റവും, കുറവും,അവളോടുള്ള പകയുമായിരുന്നു നിറഞ്ഞു നിന്നത്….. അതൊന്നും കാര്യമാക്കാതെ തൊഴുത്തിലെ കഴുക്കോലിനുള്ളിൽ തിരുകി വെച്ച അരിവളുമെടുത്തു വീട്ടിൽ നിന്നുമിറങ്ങി.മലയിലേക്ക് ഉള്ള വഴിയേ കയറിയപ്പോഴേ വയറിനു നല്ല വേദന പോലെ തോന്നിയിരുന്നു. ഒന്ന് കിടന്നാൽ മതിയെന്ന് തോന്നി.എന്നിട്ടും അത് പുറത്ത്‌ കാണിക്കാതെ അവിടേക്കു തന്നെ നടന്നു.

“””എന്നും ഇത് തന്നെയാണല്ലോ കുട്ടി നിനക്ക് കേൾക്കാൻ ഉള്ളത്. ഇങ്ങനെ പെറ്റതള്ളയുടെ ആട്ടും തുപ്പും കൊണ്ട് ഇങ്ങനെ കഴിയാനാണല്ലോ നിന്റെ വിധി. എവിടേക്കെങ്കിലും രക്ഷപെട്ടു പോയിക്കോ ലക്ഷ്മി മോളെ.. ആ മൂദേവി കടിച്ചു കൊല്ലുന്നതിനു മുമ്പ് രക്ഷപെട്ടോ…..”””

മലയിലേക്കുള്ള ഇടവഴിയിലെ ഓലമേഞ്ഞ വീടിനു മുന്നിലിരുന്നു മുറുക്കാൻ ചവച്ചു കൊണ്ട് നാണി മുത്തശ്ശി സഹതാപത്തോടെ പറഞ്ഞതും അവളവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കിയ പുഞ്ചിരി. പുഞ്ചിരി മൂടുപടമാക്കിയ ആ പെണ്ണിന്റെ ചുണ്ടിൽ മാത്രം വിരിയുന്ന ചിരി….

കുറച്ച് നേരം പുല്ലു ചെത്തിയപ്പോഴേക്കും വല്ലാതെ ക്ഷീണിച്ചിരുന്നു. ഇന്നലെ രാത്രിയോ, ഇന്ന് രാവിലെയോ ഒന്നും കഴിച്ചിട്ടില്ല.കഴിക്കാൻ പേടിയായിരുന്നു.ഒരു തുള്ളി വറ്റ് തൊണ്ടയിൽ നിന്നും ഇറങ്ങുമ്പോഴേക്കും കുത്തുവാക്കുകൾ കൊണ്ട് കണ്ണും ചെവിയും നിറയും. രാത്രി എല്ലാ പണിയും കഴിഞ്ഞ് ചെന്നപ്പോഴേക്കും കഞ്ഞിക്കലം കാലിയായിരുന്നു.കുറച്ച് പച്ചവെള്ളം കുടിച്ച് വിശപ്പടക്കി കിടന്നു.ശരീരത്തിന്റെ ക്ഷീണം കാരണം വേഗം തന്നെ ഉറങ്ങി. രാവിലെ കണ്ണുകൾ തുറന്നപ്പോഴേ വയറിനു വല്ലാത്ത വേദന തോന്നിയിരുന്നു. മാസാമാസവും മുറതെറ്റാതെ വരുന്ന ചുവന്ന ദിനം കാരണം അടുക്കളയിലേക്കു പോവാനും പറ്റാതെയായി. പ്രാണൻ പോകുന്ന വേദനയിലും കുടിക്കാൻ ഒരു തുള്ളി വെള്ളമോ കഴിക്കാൻ കുറച്ച് വറ്റോ നൽകാതെ പുറം പണി ഓരോന്നുവരവളെ കൊണ്ട് ചെയ്യിച്ചു. ഓരോന്നാലോചിച്ചവൾ ക്ഷീണം കൊണ്ട് അടുത്തുള്ള പാറയുടെ മേലേ കയറി ഇരുന്നു. പഴയ ജീവിതത്തെ സന്തോഷത്തോടെയും വേദനയോടെയും ഓർത്തെടുത്തു. അച്ഛനും, അമ്മയും അനിയത്തിയും, ഞാനുമുള്ള ആ കുഞ്ഞ് സ്വർഗത്തെ ഓർത്തപ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു വന്നു. കൂലിപ്പണിക്കാരായിരുന്നു അച്ഛനുമമ്മയും. കുഞ്ഞനുജത്തി ഭദ്രയെ ഏൽപ്പിച്ചവർ പണിക്കുപോയാൽ ഭദ്രയുടെ അമ്മയും അച്ഛനുമെല്ലാം ഞാനായിരുന്നു.കളിക്കാനും,ഭക്ഷണം കഴിപ്പിക്കുന്നതുമെല്ലാത്തിനും ഞാൻ തന്നെ വേണം. അങ്ങനെ സന്തോഷത്തോടെ പോയി കൊണ്ടിരിക്കുമ്പോളായിരുന്നു എല്ലാവരെയും ഞെട്ടിച്ചു കൊണ്ടതു സംഭവിച്ചത്. അമ്മയും അടുത്ത വീട്ടിലെ രാഘവേട്ടനും ഒളിച്ചോടി പോയെന്ന്.വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒന്നിച്ച് പണിയെടുക്കുന്നവർ ആണെങ്കിലും അയൽക്കാരാണെങ്കിലും അങ്ങനെ ഒന്നും ഇതുവരെ ആരും ശ്രെധിച്ചു കൂടിയില്ലായിരുന്നു. അമ്മയെ കാണാതെ നിർത്താതെ കരഞ്ഞ കുഞ്ഞനുജത്തിയെ നെഞ്ചോടടുക്കി എല്ലാം തകർന്ന് ഇരിക്കുന്ന അച്ഛനേയും കെട്ടിപിടിച്ചു കുറെ നേരം കരഞ്ഞു. ഞങ്ങളെ പോലെ മൂന്നാൺ മക്കളെയും കെട്ടിപിടിച്ചു കരയുന്ന ഒരമ്മ ആ രാഘവേട്ടന്റെ വീട്ടിലും ഉണ്ടായിരുന്നു. ഞങ്ങടെ അമ്മിണിയമ്മ…. പിന്നെ ഒരു വാശിയായിരുന്നു. മക്കളെ വളർത്താനുള്ള ഒരച്ഛന്റെയും, ഒരമ്മയുടെയും വാശി അമ്മിണിയമ്മയിൽ നിന്നും അച്ഛനിൽ നിന്നും ഞങ്ങളുടെ രണ്ടു കുടുംബത്തിലെ മക്കളെല്ലാരും കണ്ടു. പിന്നെ അച്ഛന്റെ മക്കളായി തന്നെ ഞങ്ങൾ ജീവിച്ചു പോന്നു. ഒരമ്മയില്ലാത്ത കുറവുകൾ ഒഴിച്ചാൽ പട്ടിണി കിടക്കാതെ ജീവിക്കാൻ പറ്റുമായിരുന്നു.അച്ഛൻ വിശന്നിരുന്നാലും ഞങ്ങളെ ഊട്ടുമായിരുന്നു. സാഹചര്യങ്ങളോട് പൊരുത്തപെട്ട് ജീവിക്കാൻ തുടങ്ങിയ പ്പോഴായിരുന്നു ഭദ്രമോൾക്ക്‌ ഒരു പനി വന്നത്.വൈദ്യരെ കാണിച്ച് അയാൾ തന്ന മരുന്ന് കൊടുത്ത് ആദ്യമൊക്കെ കുറഞ്ഞിരുന്നു. പിന്നെ കുറച്ച് ദിവസം കഴിഞ്ഞാൽ പിന്നേം വരും.രണ്ടു മൂന്ന് തവണ ഇത് തന്നെ ആവർത്തിച്ചപ്പോൾ ഒരു പേടിയായിരുന്നു.

അങ്ങനെ രാത്രി പകലാക്കിയവളുടെ നെറ്റിയിൽ തുണി നനച്ചിട്ടും, വൈദ്യൻ തന്ന പച്ചമരുന്നു കൊടുത്തുമൊക്കെ മോളെ നോക്കി. തീരെ കുറയുന്നില്ല. എന്തോ ഉള്ളിൽ ഒരു ഭയം കാരണം അച്ഛൻ തന്നെ ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞ് മോളെ തോളിലും എന്റെ കയ്യിലും പിടിച്ചു കൊണ്ട് എപ്പോഴെങ്കിലും വരുന്ന ബസും കാത്ത് ആ മൺപാതയിൽ ഇരുന്നു. ആശുപത്രിയിൽ നിന്നും ഡോക്ടർ കുറിച്ച് തന്ന രണ്ടു മരുന്നും കൊണ്ട് ഞങ്ങൾ തിരിച്ചു പോന്നു. മരുന്നൊക്കെ കുടിച്ച് പനി ചെറുതായി മാറിയതും അച്ഛനവളെ എന്നെയേൽപ്പിച്ച് നേരെ പണിക്കു പോയി. മുതലാളിയുടെ കയ്യിൽ നിന്നും കടം വാങ്ങിയ പൈസയായതു കൊണ്ട് പണിക്കു ചെല്ലണം എന്നയാളുടെ വാക്കിൽ ഒന്നും പറയാൻ പറ്റിയില്ല. അന്നത്തെ ദിവസം മുഴുവൻ മോൾക്കൊരു കുറുമ്പും വാശിയുമായിരുന്നു. എന്റെ മടിയിൽ നിന്നും മാറാതെ എന്റെ കയ്യിൽ നിന്നും കഞ്ഞി വാങ്ങികുടിച്ചവൾ കിടന്നു. ഉച്ചയായോടെ പിന്നേം പനിച്ചു തുടങ്ങി.ഡോക്ടർ തന്ന മരുന്ന് കൊടുത്ത് വീണ്ടും കിടത്തി.അച്ഛൻ വന്നപ്പോൾ വീണ്ടും പനി വന്ന കാര്യം പറഞ്ഞതും ഇന്നു രാത്രിയും കുറഞ്ഞില്ലെങ്കിൽ നാളെ ആശുപത്രിയിൽ കൊണ്ട് പോകാം എന്ന് പറഞ്ഞെന്നെ സമാധാനിപ്പിച്ചു. അച്ഛന് കഞ്ഞിക്കൊടുത്ത്‌ അവൾക്ക് കഞ്ഞികൊടുക്കാൻ വിളിച്ചെഴുന്നേൽപ്പിച്ചെങ്കിലും അമ്മയേ കാണണമെന്ന് പറഞ്ഞവൾ കാലങ്ങൾക്ക് ശേഷം കരഞ്ഞതും എന്തോ എന്റെ കണ്ണും നിറഞ്ഞു പോയി.കഞ്ഞി കുടിച്ച് കൊണ്ടിരുന്ന അച്ഛൻ കഴിക്കുന്നത്‌ നിർത്തി എഴുന്നേറ്റു പോകുന്നത് കണ്ടു. അന്ന് രാത്രി എന്നെ കെട്ടിടിച്ചുറങ്ങിയയവൾ പിന്നെ ഉണർന്നില്ല. രാവിലെ തണുത്തു മരവിച്ചവളെ കണ്ടു ഞാനും അച്ഛനും തകർന്നു പോയി.ഒരു നിമിഷം ശബ്‌ദം നിലച്ചിരുന്നു പോയി.ആകെയുള്ള ചെറിയ കൂരയുടെ അടുത്തവൾക്കായി ഒരു കുഴി ഒരുക്കിയവളെ കൊണ്ട് പോയപ്പോൾ ഞാനും അച്ഛനും കെട്ടിപിടിച്ചാർത്തു കരഞ്ഞു. അച്ഛൻ പണിക്കുപോയാൽ അവളുടെ കളിചിരിയില്ലാത്ത ചേച്ചിയെന്ന വിളിയില്ലാത്ത ആ വീട്ടിൽ ഒറ്റപെട്ടപോലെ ആയിരുന്നു. അവളുടെ കുഞ്ഞുടുപ്പും കെട്ടിപിടിച്ചു പൊട്ടികരയും കുറെ നേരം. അച്ഛൻ വന്നാലും ഞങ്ങൾ അധികം സംസാരിക്കാറില്ലായിരുന്നു. വെറുതെ രണ്ടു മനുഷ്യജീവികൾ. ജീവൻ നിലനിർത്താൻ രണ്ടു വറ്റ് കഴിച്ച് കിടക്കും.അവളുടെ കുഞ്ഞുടുപ്പും കെട്ടിപിടിച്ചുറങ്ങാൻ കിടക്കും.ഉറങ്ങില്ലെങ്കിലും വെറുതെ കിടക്കും. എപ്പോഴെങ്കിലും കണ്ണുകളൊന്നു പാളിപോയാൽ അവളുടെ ചിരിക്കുന്ന മുഖമോ, ചേച്ചിയെന്നു വിളിച്ചു കരയുന്ന മുഖമോ കണ്ട് ഞെട്ടി ഉണരും. ചിലപ്പോൾ എഴുന്നേൽക്കുമ്പോൾ അച്ഛനെ അവിടെ കാണില്ല. അവളെ അടക്കിയയിടത്ത് ഓരോന്നും പറഞ്ഞിരിക്കുന്നത് കാണാം. വിളിച്ചാൽ പറയും ഇരുട്ടിലവൾ ഒറ്റക്കല്ലേ ഞാൻ ഇവിടെ കിടന്നോളാമെന്ന്.

പിന്നെ അച്ഛന്റെ കിടത്തം മുഴുവൻ മുറ്റത്തായിരുന്നു. വീടിനുള്ളിലെനിക്കും വീടിനു പുറത്തവൾക്കും കാവൽ നിൽക്കുന്ന അച്ഛനെ.. കാലം കഴിയുന്നതിനനുസരിച്ച് അച്ഛനും വയ്യാതെ ആയി തുടങ്ങി. എന്നെ കല്യാണം കഴിപ്പിച്ചു രക്ഷപ്പെടുത്താൻ അച്ഛനെ കൊണ്ട് കഴിയുന്ന രീതിയിൽ അന്വേഷിച്ചു. ഒരു ദിവസം പണിക്കു പോയ അച്ഛൻ പിന്നെ തിരിച്ചു വന്നത് വെള്ളത്തുണിയിൽ പൊതിഞ്ഞച്ഛന്റെ ചേദനയറ്റ ശരീരമായിരുന്നു പെട്ടെന്ന് കുഴഞ്ഞു വീണതാണെന്നുമറിഞ്ഞു.ഭദ്രമോളെ അടക്കിയതിന് തൊട്ടപ്പുറത്തായി അച്ഛനും ഉറങ്ങി. ഒരിക്കലും എഴുന്നേൽക്കാൻ കഴിയാത്ത ഉറക്കം. അപ്പോഴും ഉറക്കം നഷ്ട്ടപെട്ട ഒരു മനുഷ്യ ജീവിതം ഞാനായിരുന്നു. അമ്മിണിയമ്മ വിളിച്ചിട്ടും അവരുടെ വീട്ടിലേക്ക് പോയില്ല. ആ കുഞ്ഞ് കൂരയിൽ അവർ നാല് ജീവനുകൾ കഴിയുന്ന കഷ്ടപ്പാട് അറിയുന്നത് കൊണ്ട് തന്നെ. ഇരുട്ടിൽ ഓരോ കാൽപെരുമാറ്റം കേൾക്കുമ്പോൾ പേടിയായിരുന്നു.പിന്നെ പുറത്ത്‌ അച്ഛൻ ഉണ്ടെന്ന വിശ്വാസത്തിൽ കിടന്നുറങ്ങും. ഒരു പതിനഞ്ചു വയസുകാരിക്ക് ജീവിക്കാൻ ഉള്ള മാർഗമില്ലാതെ ആയതും അച്ഛന്റെ മുതലാളിയുടെ കരുണ കൊണ്ട് ഒളിച്ചോടി പോയ അമ്മയേ കണ്ട് പിടിക്കാൻ അയാൾ ആളെ അയച്ചു. കുറച്ച് ദിവസത്തെ തിരച്ചിലിനൊടുവിൽ അമ്മയേ കണ്ട് പിടിച്ചെന്നറിയാൻ കഴിഞ്ഞു. മുതലാളി തന്നെ മുൻകൈ എടുത്ത് എന്നെ അമ്മയുടെ അടുത്താക്കാൻ തീരുമാനിച്ചു. ആവശ്യത്തിന് തുണിയും ധൈര്യത്തിന് അച്ഛന്റെ ഷർട്ടും അനിയത്തിയുടെ ഒരു കുഞ്ഞുടുപ്പും കയ്യിൽ കരുതി. അവരെന്റെ കൂടെ ഉണ്ടെന്ന വിശ്വാസത്തിൽ അച്ഛനോടും അനിയത്തിയോടും യാത്ര പറഞ്ഞവിടെ നിന്നും ഇറങ്ങി.അവസാനമായി ഞാൻ ജനിച്ചു വളർന്നയിടം ഒന്ന് കൂടി കണ്ണ് നിറഞ്ഞു കണ്ടു. വർഷങ്ങൾക്ക് ശേഷം അമ്മയേ കാണാൻ പറ്റിയ സന്തോഷവും, ഞങ്ങളെ ഉപേക്ഷിച്ചു പോയ അമ്മയോടുള്ള പരിഭവവുമായാണ് ആ വീട്ടിലേക്ക് കയറി ചെന്നത്. എന്നെ കണ്ടപ്പോഴേ ആ മുഖം മാറുന്നത് കണ്ടു.

“”ഈ കുട്ടി അവിടെ ഒറ്റക്കായിരുന്നു സാവിത്രി. “””

“”ഒറ്റക്കായവരെ ഏറ്റെടുക്കാൻ ഇത് സത്രമൊന്നുമല്ല.””

അമ്മയുടെ ആ വാക്കുകൾ ഒരു ഇടിത്തീ പോലെയരുന്നു കേട്ടത്. എന്റെ അമ്മ ഒരുപാട് മാറി പോയിരുന്നു.

“””എത്രയായാലും നീ നൊന്തു പ്രസവിച്ച മോളല്ലേ സാവിത്രി?””

“””ഈ ബന്ധങ്ങൾ ഒക്കെ ഉപേക്ഷിച്ചാണ് ഞാൻ വന്നത്. എനിക്കിങ്ങനെ ഒരു മകളില്ല “”

അമ്മ അവസാനത്തെ വാക്കും പറഞ്ഞവിടെ ഇരുന്നു. അപ്പോഴേക്കും ഈ വാർത്തയാറിഞ്ഞു രാഘവേട്ടൻ വന്നിരുന്നു.എതിർത്തു നിന്ന അമ്മയെ എന്തൊക്കെയോ പറഞ്ഞ് മനസിലാക്കി രാഘവേട്ടൻ എന്നെ ആ വീട്ടിലേക്ക് കൊണ്ട് പോയി.പിന്നീട് അമ്മക്ക് ഞാൻ ഒരു ശത്രുവായിരുന്നു. രാഘവേട്ടാ എന്ന് വിളിച്ചപ്പോൾ അച്ഛൻ എന്ന് മാറ്റി വിളിക്കാൻ രാഘവേട്ടൻ പറഞ്ഞെങ്കിലും എന്റെ അച്ഛന്റെ സ്ഥാനത്തു വേറെ ഒരാളെ എനിക്ക് കാണാൻ കഴിയില്ലായിരുന്നു. അതിന് പകരമായി രാഘവനച്ഛൻ എന്ന് വിളിച്ചു തുടങ്ങി. എനിക്ക് വേണ്ടി കഴിക്കാൻ എന്തെങ്കിലും ഒക്കെ പണി കഴിഞ്ഞു വരുമ്പോൾ കൊണ്ടുവരുമായിരുന്നു. ഒരച്ഛന്റെ എല്ലാം സ്നേഹവും നൽകി തന്നെ അദ്ദേഹം എന്നെ നോക്കി. എന്നാൽ ഇതൊന്നും അമ്മക്ക് ഇഷ്ട്ടപെടുന്നില്ലായിരുന്നു. അതിന്റെ പേരും പറഞ്ഞ് കുറെ കുത്തുവാക്കും പറയും.പിന്നെ പിന്നെ അതെന്നും ഒരു ശീലമായി. അമ്മയുടെ വാക്കിനപ്പുറത്തേക്ക് അദ്ദേഹത്തിന് ഒന്നും പറയാൻ പറ്റില്ലായിരുന്നു. പറഞ്ഞാൽ ഇരട്ടിയായി ആ ദേഷ്യം എന്റെ മേൽ തീർക്കും എന്നത് കൊണ്ട് പിന്നീട് ഒന്നും മിണ്ടാതെയായി ആ മനുഷ്യൻ.ഞാൻ വളരുന്നതിനനുസരിച്ചമ്മക്ക് എന്നെ പേടിയായിരുന്നു.രാഘവനച്ഛനോട് സംസാരിച്ചാൽ അടുത്തു കൂടെ ഒന്ന് പോയാൽ ഞങ്ങളെ വെച്ച് പറയാൻ അറക്കുന്ന രീതിയിൽ അമ്മ സംസാരിക്കും.എല്ലാം സഹിച്ചവിടെ പിടിച്ചു നിന്നു.ഒരുടുക്കളക്കാരിയായി. പണം വാങ്ങാതെ ഭക്ഷണം കൊടുക്കാതെ ആ വീട്ടിൽ കഴിയുന്ന ഒരു വേലക്കാരി.

“”ഈ ചിട്ടി കാശ് വെച്ച് മോൾക്കൊരു കമ്മല് വാങ്ങാട്ടോ സാവിത്രി “””

രാഘവേട്ടൻ അത് പറഞ്ഞതും പിന്നെ അതിന്റെ പേരിലായിരുന്നു പ്രേശ്നങ്ങൾ. ഇന്നും അത് തന്നെ പ്രശ്നം.ഓരോന്നലോചിച്ചു സമയം പോയതറിഞ്ഞില്ല. വേഗം ഉള്ള ആരോഗ്യം വെച്ച് കൊണ്ട് പശുവിനു പുല്ലുമരിഞ്ഞു വീട്ടിലേക്ക് പോയി. എന്നെ കണ്ടപ്പോഴേ തുടങ്ങി വീണ്ടും ഓരോന്നു പറയാൻ. എല്ലാം കേട്ടിട്ടും ഒന്നും പറയാതെ ഇരുന്നു. ഒരു കുഞ്ഞ് ചട്ടിയിൽ തുള്ളികഞ്ഞി വെള്ളവും രണ്ടുമണി വറ്റും ഇട്ടു അടുത്തേക്ക് വെച്ച് പോയി.ഇന്നലത്തെ ചോറായിരുന്നു. രാത്രി ഞാൻ കഴിക്കാതെ ഇരിക്കാൻ മാറ്റി വെച്ചതാണെന്ന് മനസിലായി. വിശപ്പ്‌ കാരണം അത് വേഗം കുടിച്ചു. ദിവസങ്ങൾ കഴിയും തോറും ഉപദ്രവവും, കുത്തുവാക്കുമെല്ലാം വീണ്ടും ഇരട്ടിയായി കൂടി വന്നു.ഒടുവിൽ സഹികെട്ട് മലയിലെ കശുവണ്ടിതോട്ടത്തിലേക്ക് പുല്ല് കെട്ടാൻ കൊണ്ടുവന്ന കയറെടുത്തു നേരെ പോയി.ഒരു ചില്ലിൽ കയറു കെട്ടി കഴുത്തിലേക്കു കുരുക്കിട്ടു. ഈ നരകത്തിൽ നിന്നും രക്ഷപെടുമെന്ന സന്തോഷം കൊണ്ടുള്ള പുഞ്ചിരിചുണ്ടിൽ തെളിന് വന്നു. ഏറെനേരമായിട്ടും കാണാഞ്ഞിട്ട് അവളെ അന്വേഷിച്ചെല്ലാരും ഇറങ്ങി. അപ്പോഴും ആ അമ്മയുടെ കണ്ണുകൾ വെറുതെ പോലും അവളെ അന്വേഷിച്ചില്ല.. എല്ലാരും ചേർന്ന് മലയിലൂടെ തിരക്കി നടന്നു. കുറെ അന്വേഷിച്ചതിനു ശേഷം കുറച്ച് പേര് കണ്ടു പിടിച്ചു. മലയുടെ ഏറ്റവും മുകളിൽ ഒരുമരത്തിന്റെ ചില്ലയിൽ തൂങ്ങിയാടുന്നയവളെ… കണ്ടതും കൂട്ടത്തോടെ ആർത്തു വിളിച്ചു കരഞ്ഞു.അപ്പോഴേക്കും ആ അമ്മയും വെറുതെ വന്നിരുന്നു.തൂങ്ങിയാടുന്ന ആ രൂപത്തെ നോക്കി നിന്നു. ഒരുതുള്ളി കണ്ണുനീർ അവൾക്ക് വേണ്ടി ഇട്ടുവീണില്ല. രണ്ടു സ്ത്രീകൾ ചേർന്നാ കയർ വേഗം വെട്ടി ഇറക്കി. അപ്പോഴും ആ പുഞ്ചിരിക്കൊരു മാറ്റവും ഇല്ലാതെ ഹൃദയം നിലച്ച ആ പെണ്ണിന്റെ ചുണ്ടിയിൽ ഉണ്ടായിരുന്നൊരു ചിരി. വിജയിച്ചവളുടെ പുഞ്ചിരി. കാലങ്ങൾക്ക് ശേഷം കിടപ്പിലായ സാവിത്രിയുടെ ചുണ്ടുകളും കണ്ണുകളും ഒരാളെ ഓർത്ത് കരഞ്ഞു താൻ നൊന്തു പെറ്റ ആ മോൾക്ക്‌ വേണ്ടി… ശാപം കിട്ടിയ ജന്മം പോലെ വർഷങ്ങളോളം ആ കിടക്കയിൽ ഒന്ന് ചലിക്കാൻ കഴിയാതെ അവർ കിടന്നു. അപ്പോഴും ഒരു കുറവും വരാതെ രാഘവനവരെ നോക്കി. കിടന്നു കിടന്നു ശരീരം പൊട്ടി ഈച്ചയാർത്തു കിടന്നവരെ പുഴുക്കൾ ആർത്തിയോടെ കുത്തി നോവിച്ചു.വേദനയിൽ അവരൊന്നാർത്തു കരയും ആ മകൾക്കു വേണ്ടി….. മരണം കാത്തു കിടന്ന ആ അമ്മയുടെ അമ്മ മനസ് പിന്നീട് മന്ദ്രിച്ചത് മുഴുവൻ ആ മകളുടെ പേരായിരുന്നു. കണ്ണുകൾ നിറഞ്ഞത് മുഴുവൻ ആ മകളെ ഓർത്തായിരുന്നു. മരിക്കുന്നതിന് മുൻപ് അവസാനമായി പ്രാർത്ഥിച്ചത് ആ മോൾക്ക്‌ വേണ്ടിയായിരുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് മകളായി എന്റെ ലക്ഷ്മിയെ തന്നെ വേണമെന്നായിരുന്നു.

– അവസാനിച്ചു.

“””ആത്‍മഹത്യ ഒരിക്കലും ഒന്നിനും ഒരുപരിഹാരമല്ല. പക്ഷേ ഈ ജീവിതം അനുഭവിച്ച ഒരു പെണ്ണാനുഭവിച്ച കഷ്ട്ടതകൾ കുറച്ച് ഭാഗം മാത്രമേ ഞാൻ ഇതിൽ എഴുതിയിട്ടുള്ളു. വർഷങ്ങളോളം സ്വന്തമമ്മയുടെ കുത്തുവാക്കും ഉപദ്രവവും കൊണ്ട് കിടന്ന ഒരുപെണ്ണിന്റെ കണ്ണീരിന്റെ കഥയാണിത്. ഇത് യഥാർത്ഥത്തിൽ സംഭവിച്ച കഥയാട്ടോ… എനിക്ക് ഒരാൾ പറഞ്ഞ് തന്ന കഥ. ഒരുപാട് വർഷങ്ങൾക്ക് മുൻപ് നടന്ന കഥ. എത്രത്തോളം നന്നായി എന്നൊന്നും അറിയില്ല. എന്റെ ഒരു ശ്രെമം.”””

രചന : ദീപ്തി ദീപ്

Leave a Reply

Your email address will not be published. Required fields are marked *