തനിക്കൊരു നാട്ടിൻപുറത്തെ ശാലീനയായ ഒരു അമ്പലവാസി പെൺകിടാവിനേയായിരുന്നു ഇഷ്ടം.

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: Jisha Suresh

മീനാക്ഷ്യേടത്ത്യേ……….

നീട്ടിയ വിളികേട്ട് മീനാക്ഷി ഞെട്ടി തലയുയർത്തി.

അപ്പുറത്തെ വീട്ടുകാരി സരസയും, അവൾടെ മരുമോളും ,പിള്ളേരുമാണ്.

നിങ്ങടെ മരുമോളെവിടെ….? അവളെയിവള് ഇതുവരേം കണ്ടില്ലല്ലോ. അവക്കന്ന് കല്യാണത്തിന് വരാൻ പറ്റീലായിരുന്നു.

സരസയുടെ മരുമോൾ സരയു അകത്തേക്ക് ആകാ൦ക്ഷയോടെ എത്തിനോക്കി.

ശരിയാണ് ,സരയു അന്നവൾടെയച്ഛന് അസുഖം കൂടുതലായ കാരണമവളുടെ വീട്ടിലായിരുന്നു.

മീനാക്ഷിയുടെ ഉള്ളു പിടഞ്ഞു. എങ്കിലും പറഞ്ഞു. നിങ്ങളിരിയെടീ.. ഞാനവളേം വിളിച്ചിപ്പൊ വരാം.

അങ്ങനെ പറഞ്ഞെങ്കിലും മീനാക്ഷിയുടെ ഉള്ളുകാളി. അവര് മുകളിലെ മകന്റെ റൂമിനു മുൻപിൽ ഒരു നിമിഷം വിമ്മിഷ്ടപ്പെട്ടു നിന്നു. പിന്നെ രണ്ടും കൽപ്പിച്ച് ഒന്നു രണ്ടു മുട്ട് മൃദുവായി തട്ടി.

അവനാണെങ്കി എന്തോ ആവശ്യത്തിന് പുറത്തേക്കു പോയതേയുള്ളൂ.

യെസ് കമിൻ….

അതു കേട്ടപ്പോൾ മീനാക്ഷിക്ക് ദേഷ്യമിരച്ചു കയറി. അവളുടെ പാതി വിഴുങ്ങിയ മട്ടുള്ള ഇംഗ്ലീഷ് കേൾക്കുമ്പഴേ മീനാക്ഷിക്ക് ഓക്കാനം വരും.

അപ്പഴൊക്കെ അവിടുത്തെ വേലക്കാരി ചാരുലത പിറുപിറുക്കുന്നത് കേൾക്കാറുണ്ട്.

തള്ളക്കസൂയ മൂത്തിട്ടാന്ന്. അതൊരു പാവം കുട്ട്യാണ്ന്നൊക്കെ.

തനിക്കസൂയയല്ല. . തനിക്കൊരു നാട്ടിൻപുറത്തെ ശാലീനയായ ഒരു അമ്പലവാസി പെൺകിടാവിനേയായിരുന്നു ഇഷ്ടം. തന്നോടു കിന്നാരം പറഞ്ഞ്, കളിചിരിയുമായി നടക്കുന്നൊരു പെൺകിടാവിനെ.

പറഞ്ഞിട്ടെന്താ.. മകൻ വല്യ പഠിപ്പും പത്രാസുമൊക്കെയായപ്പോ അവന്റൊപ്പം ജോലിചെയ്യുന്നൊരു പത്രാസുകാരി സിങ്കപ്പൂർകാരിയേം കൊണ്ടു വന്ന് കല്യാണം നടത്തണോംന്ന് വാശിപിടിച്ചാ ഈ വയസ്സിത്തള്ളക്ക് വേറെന്തു മാർഗ്ഗം.

വാതിൽ ചാരിയിട്ടിട്ടേയുള്ളൂ. മെല്ലെ വാതിൽ തള്ളിത്തുറന്നു നോക്കിയപ്പോ അവള് കിടക്കേക്കിടന്ന് ആ കുന്ത്രാണ്ടത്തില് എന്നതാണ്ടൊക്കെയോ ചെയ്യുന്നത് കണ്ടു.

അവൾടെ വേഷമാണേൽ ചെക്കൻമാരടന്തി ബനിയനും ബർമുഡേം. മീനാക്ഷി തല തിരിച്ചു.

ന്റെ പരദേവതകളേ….. ആ സരസുവെന്ത് വിചാരിക്കും. അവർ വീണ്ടുമവളെ നോക്കി. കാണാനൊക്കെ നല്ല ശേലുണ്ട്. വെള്ളക്കാരികൾടന്തി പറ്റെ വെളുത്തിട്ടൊന്ന്വല്ല.

അവള് വേറേതോ ലോകത്താന്നു തോന്നി.

അവളാ പെട്ടിയിലോട്ടും നോക്കിയിരിക്കയാണ്. താൻ കയറിവന്നതിന്റേതായ യാതൊരു ഭാവവുമാ മുഖത്തില്ല.

അവരാകെ വിമ്മിഷ്ടപ്പെട്ടു. ഇനിയിപ്പോ എന്തു പറഞ്ഞാണവളെ താഴോട്ടൊന്നെഴുന്നള്ളിക്കുന്നത്.

ഈ ഇംഗ്ലീഷു കണ്ടുപിടിച്ചവന്റെ തലയിലിടിത്തീ വീഴട്ടെ. അവര് നിന്നു വിയർത്തു..

അവൾ മുഖമുയർത്തിയവരെ നോക്കി. ….

വാട്ട്‌ ഹാപ്പെൻ?

എന്തരോ.. എന്തോ. അവരെന്തു പറയുമെന്നോർത്തു കുഴങ്ങി.

പെട്ടന്നവർക്ക് മകനവളെ താഴോട്ട് ഭക്ഷണത്തിന് ക്ഷണിക്കുമ്പോൾ പറയുന്നതോർമ്മ വന്നു.

വളരെ വിഷമിച്ച് താഴേക്കു കൈചൂണ്ടിയവർ വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു.

പ്ലീസ് കം ഡിയർ…

അവളൊരു നിമിഷമവരെ നോക്കി. എന്നിട്ട് കിടക്കയിൽ നിന്നെഴുനേറ്റ്, ലാപ്പ്ടോപ്പ് ടേബിളിലേക്ക് നീക്കിവെച്ച് അവർക്കടുത്തെത്തി. അവളുടെ മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു. അവരുടെ തോളിലൂടെ കൈയിട്ട് താഴേക്കു നടക്കുമ്പോൾ അവളുടെ ദേഹത്തിന് ഒരു ആമ്പൽപ്പൂവിന്റെ മാർദ്ദവവും, സുഗന്ധവുമാണെന്നവർക്കു തോന്നി.

തന്റെ കാച്ചെണ്ണയുടെ മണവും, മനംമടുപ്പിക്കുന്ന തൈലത്തിന്റെ മട്ടുന്ന ഗന്ധവും അവൾക്ക് മടുപ്പുളവാക്കുമെന്നവർക്കറിയാമായിരുന്നു. മീനാക്ഷി ഒരു നിമിഷമവളുടെ കൈകൾ വിടുവിക്കാനവരൊരു ശ്രമം നടത്തി നോക്കി. അവൾ പക്ഷേ അവരെ ഒന്നു കൂടി തന്നോടു ചേർത്തു പിടിച്ചു.

താഴെ ഹാളിലിരിക്കയായിരുന്ന സരസുവും, മരുമകൾ സരയുവും അൽഭുതത്തോടെയാണ് ആ കാഴ്ച കണ്ടത്.

കാരണം, മീനാക്ഷ്യേടത്തീടെ മോനൊരു പെണ്ണിനേം അടിച്ചെടുത്തോണ്ട് വന്നിട്ടിവിടെ വച്ച് നിർബന്ധമായി കല്യാണം നടത്തീന്നും, പെണ്ണ് മദാമ്മേടന്തി ഇംഗ്ലീഷും പറഞ്ഞ്, കാലിമ്മെ കാലും വച്ച് വിറപ്പിച്ചോണ്ടിക്ക്യാണ് എന്നൊക്കെയാണല്ലൊ പാൽക്കാരൻ നായര് ഇന്നലെ വന്നപ്പോ പറഞ്ഞത്.

തള്ള്യോടിതുവരെ കമാന്നൊരക്ഷരം മിണ്ടീട്ടില്ലാന്നുംകൂടി കേട്ടപ്പോ എന്നാലാ മൊതലിനെയൊന്ന് കണ്ടിട്ടേയുള്ളൂ കാര്യംന്നും പറഞ്ഞ് മരുമോളേം കൂട്ടിയിങ്ങ് പോന്നതായിരുന്നു.

ഇവിടെ വന്നപ്പഴത്തെ കാഴ്ചയോ…. രണ്ടും കൂടി തേനും ചക്കരേം പോലെ.

മീനാക്ഷ്യേടത്തി ഇംഗ്ലീഷും പഠിച്ചോയീശ്വരാ ഈ രണ്ടാഴ്ച കൊണ്ട്… അവർക്കാകെ അങ്കലാപ്പായി.

അവളവരെക്കണ്ടതും ചിരിതൂകിക്കൊണ്ട് കൈകൂപ്പി ഒരു ഹായ് പറഞ്ഞു. മീനാക്ഷിക്കതിൽപ്പരമൊരു സന്തോഷമില്ലായിരുന്നു.

അവരാലോചിച്ചു. ഏത് രാജ്യമായാലും, ഏത് ഭാഷയായാലു൦, .ഏത് ജാതിയായാലുമെന്ത്.. ? സംസ്ക്കാരമുണ്ടോ അതാണ് മനുഷ്യന് വലുത്.

തനിക്കത് മനസ്സിലാക്കാനിത്തിരി വൈകിപ്പോയി. തന്റെ മനസ്സിലെ ആഗ്രഹങ്ങൾ മകൻ മുഖവിലക്കെടുത്തില്ലല്ലോയെന്ന പരിഭവത്തോടെയാണിന്നുവരെ താനുമിവളോടകന്നിരുന്നത്. വേലക്കാരി ചാരുപോലും ഇവളെ നല്ലതു മാത്രമേ പറഞ്ഞുള്ളൂ.

ചാരു കൊണ്ടുവെച്ച ചായയും കുടിച്ച് സന്തോഷത്തോടെയാണ് സരയുവും കൂട്ടരും അവളോടു യാത്ര പറഞ്ഞു മടങ്ങിയത്.

മീനാക്ഷിക്കും സന്തോഷമായി. മകൻ കല്യാണത്തിന്റെ പിറ്റേന്ന് തന്റെയകൽച്ചകണ്ട് , തന്റെയടുത്തിരുന്ന് പറഞ്ഞതവർ ഓർത്തുപോയി. അമ്മേ….. ഡയാന വളരെ നല്ലവളാ. അവളവളുടെ ശമ്പളത്തിന്റെ ഏറിയ ഭാഗവും അനാഥർക്കും, രോഗികൾക്കുമാണ് നൽകുന്നത്. അവളൊരാനാഥയാണ്. ഇനിയമ്മ വേണമവളെ സ്നേഹിക്കാൻ. ഏറിയാ രണ്ടു മാസം, അതു കഴിഞ്ഞാ വീണ്ടും ഞങ്ങൾക്കു മടങ്ങണം. അപ്പോഴമ്മയും ഞങ്ങളോടൊത്ത് വരണം.

അന്നേരമതൊന്നും തന്റെ കാതുകളിലെത്തിയില്ല. എനിക്കീ ഇംഗ്ലീഷുകാരി പത്രാസുകാരികളെ കണ്ണെടുത്താ കണ്ടു കൂടായിരുന്നു.

ഇപ്പൊ മനസ്സു നിറയെ സ്നേഹം മാത്രമാണവളോട് തോന്നുന്നത്, അതിന് ഭാഷയൊരു പ്രശ്നമേയല്ലെന്നെനിക്കു മനസ്സിലായി. അവള് മുറ്റത്തെ തന്റെ കൊച്ചു പച്ചക്കറിത്തോട്ടത്തിലേക്ക് കണ്ണും നട്ടു നോക്കി നിൽക്കുന്നത് കണ്ട് ആ നാട്ടുമ്പുറത്തുകാരി സന്തോഷപൂർവ്വം കണ്ണു തുടച്ചു…

(മനുഷ്യർ പരസ്പരം സ്നേഹിക്കണം, ബഹുമാനിക്കണം. അത് പണമോ പദവിയോ നോക്കിയാവരുത്. എല്ലാവരും ഈശ്വരന്റെ മുൻപിൽ തുല്യരാണ്.വെറു൦ ആറടി മണ്ണിന്റെ ജന്മികൾ. അവിടെ ഞാൻ വലിയവനായിരുന്നു, ഉന്നതസ്ഥാനത്തിരുന്നവനായിരുന്നു എന്നൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.അതുകൊണ്ട് ഉള്ള കാലം മനുഷ്യനായി ജീവിക്കാൻ ശ്രമിക്കുക. “)

രചന: Jisha Suresh

Leave a Reply

Your email address will not be published. Required fields are marked *