ഒരു റോസാപ്പൂവിന്റെ ഓർമ്മയ്ക്ക്..

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :-ദീപാ ഷാജൻ

‘ഏട്ടൻ എന്തൊക്കെ പറഞ്ഞാലും എനിക്ക് പതിനായിരം രൂപയുടെ സാരിതന്നെ വേണം.. ‘

ഇന്ദു കരച്ചിലിന്റെ വക്കിലാണ്

‘ഇന്ദു… എടി ഞാൻ പറയുന്നത് കേൾക്ക് നമ്മുടെ ഉണ്ണിമോള്ടെ നിശ്ചയത്തിന് നല്ലൊരു സാരി തന്നെ ഞാൻ വാങ്ങിത്തരാം.. ഇത്ര വിലകൂടിയാതൊക്കെ..’

‘ഏട്ടന്റെ കയ്യിൽ പൈസ ഇല്ലാഞ്ഞിട്ടല്ലല്ലോ.. എനിക്ക് സാരി വേണം.. അതും ആ സുമേച്ചി മേടിച്ചതിനെക്കാളും മുന്തിയത്.. ഇന്നലെ അങ്ങേലെ കല്യാണത്തിന് വന്നപ്പോ എന്തായിരുന്നു.. പത്രാസ്.. എനിക്ക്അതിലും വിലകൂടിയത് തന്നെ വേണം.. ‘

‘എടി.. കുഞ്ഞേ.. അവരും ഇവരുമൊക്കെ മേടിക്കുന്നത് കണ്ടിട്ടെന്തിനാടി.. ഒരുപാട് കഷ്ടപ്പെട്ടാ ഞാൻ ഇവിടെ വരെയെത്തിയത്.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ.. ഏറ്റവും ലളിതമായി ജീവിക്കണമെന്നാ എന്റെ ആഗ്രഹം.. ബിസിനസ് ലാഭത്തിൽ നല്ലൊരു പങ്ക് ഞാൻ അനാഥ മന്ദിരങ്ങളിൽ കൊടുക്കുന്നതും അതുകൊണ്ടാ.. അതുകൊണ്ടാ ഒറ്റ പൈസ പോലും സ്ത്രീധനം വാങ്ങാതെ നിന്നെ കെട്ടിയത്.. അതുകൊണ്ടാ എല്ലാരും പറഞ്ഞിട്ടും ഈ പഴയ വീട് പുതുക്കി പുതിയ ഒരു വീട് പണിയാഞ്ഞത്.. നീയെന്നെ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ… ‘

‘ഏട്ടൻ എന്തൊക്കെപ്പറഞ്ഞാലും എനിക്ക് സാരി വേണം.. ‘

ഇന്ദു മുഖം വീർപ്പിച്ചു..

വിവാഹം കഴിഞ്ഞ് രണ്ടു വർഷമായിട്ടും ആദ്യമായാണ് ഇന്ദു ഇങ്ങനെ വാശിപിടിക്കുന്നത്.. പിറ്റേദിവസം തന്നെ അവർ ഒരു മുന്തിയ തുണിക്കടയിൽ കയറി അവൾക്ക് ഇഷ്ടപ്പെട്ട സാരി തന്നെ സെലക്ട് ചെയ്തു..

************

പിറ്റേ ദിവസം അടുക്കള വാതിലിൽ ആരോ സംസാരിക്കുന്നതു കെട്ടുകൊണ്ടാണ് പ്രസാദ് കയറി വന്നത്.. ഹാളിൽ എത്തിയപ്പോൾ സംസാരം വ്യക്തമായി കേൾക്കാമെന്നായി.. ശബ്ദം കേട്ടപ്പോളെ മനസിലായി.. അപ്പുറത്തെ വീട്ടിലെ ശാന്തേച്ചി..

‘എന്റെ.. ഇന്ദു അവൾക്കെന്തിന്റെ കേടാന്നറിയില്ല.. ആ പാവം പിടിച്ച ചെറുക്കനേം കൊണ്ട് രണ്ടായിരം രൂപേടെ സാരിയാ എടുപ്പിച്ചേ… ‘

‘അല്ലേലും എന്റെ ശാന്തേച്ചി ആ മഞ്ജു ഈയിടെയായി വല്യ അനാപത്ത് ചിലവാ ഉണ്ടാക്കുന്നെ.. പാവം സുധി.. ‘

‘അതേന്നെ..’

‘അയ്യോ.. പ്രസാദ് വന്നോ.. എന്നാ മോളെ ഞാൻ പോവാ.. അങ്ങേരും ഇപ്പൊ വരും..’

ഇന്ദു ഒരു ചമ്മിയ ചിരി ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് വലിഞ്ഞു..

രണ്ടുപേരും പിന്നീട് അതിനെപ്പറ്റി സംസാരമൊന്നുമുണ്ടായില്ലാ.. അത്താഴം കഴിഞ്ഞ് വളരെ സാവധാനത്തിൽ അടുക്കളയൊതുക്കി ഇന്ദു പതുങ്ങി പതുങ്ങി ബെഡ്റൂമിലേക്ക് വന്നു.. ഇന്ന് ശാന്തേച്ചിയുമായി സംസാരിച്ചതിനെപ്പറ്റിയ്ഉള്ള ചോദ്യങ്ങൾ ഒഴിവാക്കണം.. അതാണ് ഉദ്ദേശം.. പുള്ളിക്ക് അനക്കമില്ല.. കുഞ്ഞിനെ കെട്ടിപ്പിടിച്ചു മറുവശത്തേക്ക് തിരിഞ്ഞാണ് കിടക്കുന്നത്.. ഉറങ്ങിയെന്നു തോന്നുന്നു.. അവൾ ശബ്ദമുണ്ടാക്കാതെ വന്നു പ്രാർത്ഥിച്ചു കിടന്നു..

‘മോളെ.. ഇന്ദു…’

‘ശോ.. ഈ മനുഷ്യന് ഉറക്കോമില്ലേ.. എന്നല്ലേ മോളെ നീയിപ്പോ ആലോചിച്ചത്.. നിനക്കിതെവിടുന്നാ മോളെ ഇത്രേം കുരുട്ടുബുദ്ധി.. നീ എടുത്തതിന്റെ അഞ്ചിലൊന്ന് വിലപോലുമില്ലാത്ത ഒരു സാരി എടുത്തതിനാണോ നീയും ആ പരദൂഷണം പെണ്ണുമ്പിള്ളയും കൂടെ ആ പാവം പെണ്ണിനെപ്പറ്റി കുറ്റം പറയുന്നത്..’

‘അത് ഏട്ടാ.. നമ്മളെപ്പോലെയാണോ അവര്.. ആ സുധി ഓട്ടോ ഓടിക്കുവല്ലേ അധികചിലവല്ലേ.. അതാ ഞാൻ പറഞ്ഞത്’

‘എടി.. നമ്മള് കയറിയ കടയിൽ അവരുണ്ടായിരുന്നു.. നീ സാരി എടുത്തൊണ്ടിരുന്നപ്പോ എനിക്കൊരു കോൾ വന്നു.. അത് അറ്റൻഡ് ചെയ്ത് തിരിച്ചു വന്നപ്പോ അവര് അവിടെ നിക്കുന്നതു കണ്ടു.. നിനക്കറിയാമോ സുധി എന്തു നിർബന്ധിച്ചിട്ടാ ആ പാവം അതെടുത്തതെന്ന്.. അധിക ചിലവാണെന്നു പറഞ്ഞ് ആ കൊച്ച് നല്ല ഡ്രെസ്സൊന്നും എടുക്കില്ലാന്ന്.. ഇപ്പൊ എവിടെയോ കല്യാണം ഉണ്ട്.. അതാ.. ‘

‘അയ്യോ… അതു ഞാൻ അറിഞ്ഞില്ലല്ലോ.. നാളെ ഞാൻ ശാന്തേച്ചിയോട് പറഞ്ഞു തിരുത്താം.. ‘

‘നല്ല കുട്ടി.. ‘

പ്രസാദ് ഇന്ദുവിനെ ചേർത്തു കെട്ടിപ്പിടിച്ചു..

‘സത്യത്തിൽ എനിക്ക് ആ കൊച്ചിനോട് ബഹുമാനമാ തോന്നിയേ.. എന്തു നല്ല മനസ്സാ അല്ലേ..’

ഇന്ദു അവനെ തള്ളിമാറ്റി..

‘അല്ലേ.. കേറിക്കേറിയിതെങ്ങോട്ടാ.. ഞാൻ തെറ്റുചെയ്തെന്ന് സമ്മതിച്ചു.. വീണ്ടും വീണ്ടും അവളെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നോ..ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് വേറെ പെണ്ണുങ്ങളെ പൊക്കിപ്പറഞ്ഞോണ്ട് എന്റടുത്ത് കിടക്കാൻ വരരുതെന്ന്…. ഇന്ന് മോൻ ഹാളിൽ കിടന്നാമതി.. ‘

ഇന്ദു അവനെ തള്ളി ഇറക്കി കതകടച്ചു..

ചിരിച്ചു കൊണ്ട് ഹാളിൽ വന്ന പ്രസാദിന് പിന്നെ ഉറക്കം വന്നില്ല.. അവൻ സോഫ സെറ്റിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.. മെല്ലെ കതകു തുറന്നു മുറ്റത്തേക്കിറങ്ങി.. നല്ല നിലാവ് . അവിടെ തന്റെ റോസാച്ചെടി ഇല കാണാൻ പറ്റാത്ത രീതിയിൽ പൂത്തു വിടർന്നു നിലാവിൽ കുളിച്ചു ഒരു നവവധുവിനെപ്പോലെ നിൽക്കുന്നു… അവൻ അതിന്റെ ഓരോ പൂവിലും തൊട്ടു തലോടാൻ തുടങ്ങി.. പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.. താൻ ഒരിക്കൽ ഏറ്റവും വെറുത്തിരുന്നു പൂവാണിതെന്ന്.. പത്താം ക്ലാസ്സുമുതൽ ഈ ചെടിക്ക് കേടൊന്നും പറ്റാതെ സംരക്ഷിക്കുവാന്ന്..

പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ വീട്ടിനുള്ളിലേക്ക് പോയി.. അടുക്കളയുടെ വടക്കേ അറ്റത്തുള്ള അറയിലെ ലൈറ്റിന്റെ സ്വിച്ച് ഓണാക്കി..

ഇന്ദു അതിനകമെല്ലാം ഇടക്കിടെ വൃത്തിയാക്കുന്നുണ്ട്.. എന്നവന് മനസ്സിലായി.. അല്ലെങ്കിലും താനാണല്ലോ ഇപ്പൊ ഈ വഴിയൊന്നും വരാത്തത്.. ഒരു വശത്ത് അമ്മയുടെ കട്ടിലായിരുന്നു.. ഇന്ദു അതും എന്നും കിടക്ക വിരി മാറ്റി വിരിക്കാറുണ്ട്.. ഇടക്കിടെ അവൾ ഇവിടെ വന്നിരിക്കാറുണ്ട്.. പക്ഷെ താൻ മാത്രം തിരക്കിൻറെ ലോകത്ത് ഒതുങ്ങിക്കൂടി.. ആ കട്ടിലിനു താഴെ അവൻ കുനിഞ്ഞു നോക്കി.. അതേ അത് അവിടേതന്നെയുണ്ട്.. ഒരു മാറ്റവുമില്ല..

അമ്മയുടെ തടിപ്പെട്ടി.. അത് തുറക്കുമ്പോൾ അമ്മയുടെ മണമാണ്.. അമ്മയുടെ പഴയ നേര്യതൊക്കെ ഇന്ദു ഇടക്കിടെ കഴുകി ഇസ്തിരി ഇട്ടു വെക്കാറുണ്ട്. അവൻ ഓരോ നേര്യതും എടുത്തു മണപ്പിച്ചു.. അമ്മയുടെ മണം.. അവൻ ആ മുണ്ടും നേര്യതും ഒരു വശത്തേക്ക് മാറ്റി.. എന്നിട്ട് ആ രഹസ്യ അറ നോക്കി.. അതിന്റെ താക്കോൽ തനിക്കും അമ്മക്കും മാത്രമറിയാവുന്ന ഒരു പ്രത്യേക സ്ഥലത്താണ്.. സത്യത്തിൽ അതിൽ അങ്ങനെ ഒരു അറ ഉണ്ടെന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ പറ്റില്ല..അവൻ ആ അറയുടെ താക്കോലിനായി കാട്ടിളപ്പടിയുടെ മുകളിൽ ഒന്നു പരതി.. ചെറിയ വെട്ടുള്ള ഭാഗം കയ്യിൽ തടഞ്ഞപ്പോൾ അവൻ അതിൽ പതിയെ അമർത്തി.. ചെറിയ ഒരു ഡ്രോ തുറക്കുന്നതുപോലെ ആ ഭാഗം തുറന്നു വന്നു.. കയ്യിലേക്ക് താക്കോൽ ഊർന്നു വീണു..

പണ്ട് നാണു ആശാരിയേം കൊണ്ട് ‘അമ്മ പണികഴിപ്പിച്ചതാണ് ആ തടിപ്പെട്ടിയും അതിലെ രഹസ്യ അറയുടെ താക്കോൽ സൂക്ഷിക്കാൻ കട്ടിളപ്പടിയുടെ മുകളിലുള്ള ചെറിയ പഴുതും.. പ്രസാദിനും അമ്മയ്ക്കും പിന്നെ നാണു ആശാരിക്കും മാത്രമറിയാവുന്ന രഹസ്യം.. അന്ന് അത് അമ്മയുടെ ആഭരണങ്ങൾ സൂക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിച്ചതായിരുന്നു.. അമ്മയുടെ മഹാരോഗം ചികിൽസിച്ചു ഭേദമാക്കാൻ പണം തികയാതെ വന്നപ്പോൾ അച്ഛനാണ് ആദ്യമായി അതിന്റെ താക്കോൽ ചോദിച്ചത്.. താക്കോൽ കൊടുക്കാതെ അമ്മയുടെ മുറിയുടെ കതക് പൂട്ടി ആഭരണങ്ങളൊക്കെ എടുത്തു കൊടുക്കുമ്പോഴും അച്ഛനെപ്പോലും അറിയിച്ചില്ല ആ രഹസ്യം.. അത് വിലപിടിപ്പുള്ള മറ്റൊന്നും ഇല്ലാതിരുന്നിട്ടും എന്തോ ആ രഹസ്യം അമ്മയും താനും മാത്രം അറിഞ്ഞാൽ മതിയെന്ന് ഒരു വാശിയായിരുന്നു..

ഒരിക്കൽ തടിപ്പെട്ടി വൃത്തിയാക്കുമ്പോൾ ഇന്ദുവും പറഞ്ഞു ‘ഏട്ടാ ഇതിൽ മറ്റെന്തോ ഉണ്ടെന്ന്..’ അവൾക്ക് മനസ്സിലായി അതിൽ ഒരു രഹസ്യ അറയുണ്ടെന്ന്.. പക്ഷെ അന്ന് അറിയില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു.. അവൾ അതു തുറക്കാൻ കുറെ നോക്കി… പഴയ തനിമയുള്ള കരവിരുതിന്റെ വൈഭവം.. അമ്മയുടെ പെട്ടിയായതുകൊണ്ടാകാം അവൾ അത് വെട്ടിപ്പൊളിക്കുന്ന കാര്യം പറയാതിരുന്നത്..

അവൻ താക്കോലെടുത്ത് ആ രഹസ്യ അറ തുറന്നു.. കുറെ ഡയറികൾ ഉണ്ടായിരുന്നു അതിൽ.. അതിൽ നിന്നും ഏറ്റവും പഴയ ഡയറി എടുത്ത് പൊടി തുടച്ചു.. അത് തുറന്നു ആ അക്ഷരങ്ങളിലൂടെ വിരലോടിച്ചു.. എന്നും എന്നും എഴുതിയില്ലെങ്കിലും പ്രത്യേകമായി സന്തോഷങ്ങളും സങ്കടങ്ങളും അവൻ എഴുതുമായിരുന്നു.. ഒരു അഞ്ചാം ക്ലാസ്സുമുതൽ പത്താം ക്ലാസ് വരെ ആ ഡയറിയായിരുന്നു അവന്റെ സുഹൃത്ത്… എന്നും എഴുതിയില്ലെങ്കിലും മാസത്തിലൊരിക്കലോ വർഷത്തിലൊരിക്കലോ മാത്രം കഥകൾ പറയുന്ന ആത്മ സുഹൃത്ത്.. പിന്നീടുള്ള ഡയറികൾ ഒരു വർഷത്തിൽ തീർന്നിരുന്നു..

അവൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മയുടെ മരണം.. പിന്നീട് അച്ഛന്റെ സംരക്ഷണവും അധികകാലം ഉണ്ടായിരുന്നില്ല.. പിന്നീട് ഒരിക്കൽ അമ്മാവൻ കുടുംബവുമായി വന്നു തനിക്ക് സംരക്ഷണം എന്ന പേരിൽ.. ആ മുഖത്തു തന്നെ സംരക്ഷിക്കാം എന്ന വാഗ്ദാനമല്ല ഒരു തരം ക്രൂരതയാണ് കണ്ടത്… പിന്നീട് അമ്മായിയുടെ ഭരണം.. താൻ അടുക്കളയിലും പുറം പണികളുമായി അമ്മയുടെ മുറിയിൽ കഴിഞ്ഞു കൂടി.. അമ്മായിയുടെ മകൾ സീത അവൾ റോസാപ്പൂ നീട്ടുക പതിവായിരുന്നു.. അവൻ കൈനീട്ടുമ്പോൾ അതിന്റെ തണ്ടിലെ മുള്ള് കൊണ്ട് തന്റെ കയ്യിൽ മുറിവേല്പിക്കുന്നതും… അത് കണ്ട് ക്രൂരമായ ആനന്ദത്തോടെ അമ്മായിയും അമ്മാവനും ചിരിക്കുമായിരുന്നു.. അഥവാ അതു വാങ്ങാൻ വിസമ്മതിച്ചാൽ അമ്മായിയുടെ കയ്യിൽ നിന്നും പിടിപ്പത് ശകാരം കേൾക്കുമായിരുന്നു.. അന്ന് മുതൽ തുടങ്ങി റോസാപ്പൂവിനോടുള്ള വെറുപ്പ്..

നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ സ്കൂളിൽ അയക്കുമായിരുന്നു അമ്മാവൻ അവനെ.. അങ്ങനെ ഒൻപതാം ക്ലാസ്സിൽ എത്തിയപ്പോഴാണ് അവന്റെ ജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന രണ്ട് മുത്തുകളെ കിട്ടിയത്.. അന്നുതൊട്ടിന്നോളം തന്റെ അവന്റെ ആത്മസുഹൃത്തായ പ്രഭാകരൻ വക്കീലിന്റെ മകൻ ശ്രീഹരി.. പിന്നെ …. അത് വഴിയേ പറയാം..

പ്രഭാകരൻ വക്കീലാണ് അമ്മാവൻ ഉപദ്രവിക്കുന്നു എന്ന കേസ് കൊടുക്കാൻ അവനെ പ്രേരിപ്പിച്ചത്.. ആ കേസ് ജയിച്ചു.. അമ്മാവനേം അമ്മായിയമ്മ പുറത്താക്കി അവൻ സ്വയം ഒരു മാടമ്പിയായി… പറമ്പിലെ വരുമാനം കൊണ്ട് അവൻ ജീവിച്ചു.. ചെറിയ ചെറിയ ജോലികൾ ചെയ്തു. പറമ്പിന്റെ ഒരു ഭാഗം പ്രഭാകരൻ വക്കീലിന്റെ സഹായത്തോടെ വിറ്റ് പഠിക്കാനുള്ള പണം കണ്ടെത്തി.. എങ്ങനെയൊക്കെയോ ഇവിടം വരെയെത്തി…

ഇനി എന്റെ റോസാപ്പൂ.. ഒൻപതാം ക്ലാസ്സിൽ വച്ച് ആദ്യമായി അവന്റെ ക്ലാസ്സിൽ വന്ന പുതിയ കുട്ടി.. കവിളിലൊരു കാക്കപ്പുള്ളി.. പുറകിൽ നിന്ന് അവളുടെ അനിയത്തി വിളിച്ചപ്പോൾ തുളസിക്കതിർചൂടിയ മുടിയിൽ നിന്ന് ഇറ്റു വീണ വെള്ളം ഒന്നാമതിരുന്ന അവന്റെ മുഖത്താണ് തെറിച്ചത്.. അവൾ അത് ശ്രദ്ധിച്ചില്ല.. അവൻ അത് തുടച്ചു മാറ്റി..

പിന്നീട് അവർ നല്ല സുഹൃത്തുക്കളായി… പ്രണയം അവന് അവളോട് തോന്നിയിരുന്നു.. അവൾക്കും അതു കൊണ്ടാണല്ലോ ഒരു പ്രണയ ദിനത്തിൽ അവൾ അവന് ഒരു റോസാപ്പൂ നീട്ടിയത്.. പക്ഷെ റോസാപ്പൂ കണ്ട അവന് ആദ്യം തോന്നിയത് അത് പിടിച്ചിരുന്ന കൈ തനിക്ക് മുറിവേല്പിച്ച സീതയുടേതാണെന്നാണ്… അവൻ ആ പൂ വാങ്ങി ഞെരിച്ചു കളഞ്ഞു.. അത് തറയിലിട്ടു ചവിട്ടി… അവൾ കരഞ്ഞു കൊണ്ട് ഓടിപ്പോയപ്പോളാണ് അവന് സ്ഥലകാല ബോധം വന്നത് തന്നെ..

പിന്നീട് ശ്രീഹരി പറഞ്ഞാണ് അവൾ റോസാപ്പൂവിനോടുള്ള അവന്റെ ദേഷ്യത്തിന്റെ കാരണം അറിയുന്നത്.. പിന്നീട് അവൾ അവനോട് അധികം മിണ്ടിയില്ല.. പക്ഷെ പത്താം ക്ലാസ് കഴിഞ്ഞ് എല്ലാവരും ഓട്ടോഗ്രാഫ് തിരക്കിലായിരുന്നു.. അവൾ അവന്റെ അരികിൽ വന്നു.. പ്രസാദ് എനിക്കൊരു കാര്യം പറയണം.. നിനക്ക് ഞാൻ ഒരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട്.. നിനക്കത് ഇഷ്ടപ്പെട്ടില്ലെങ്കിലും സ്വീകരിക്കണം.. അവൾ ഒരു നീണ്ട പൊതി അവന്റെ കയ്യിൽ കൊടുത്തു.. ഇത് വീട്ടിൽ ചെന്നു മാത്രം തുറന്നു നോക്കണം… അവൾ നടന്നകന്നു..

അവൻ വീട്ടിൽ ചെന്ന് ആകാംഷയോടെ ആ പൊതിക്കെട്ട് തുറന്നുനോക്കി.. അതൊരു റോസാക്കമ്പായിരുന്നു… അവൻ അത് സ്നേഹത്തോടെ സംരക്ഷിച്ചു… അവധി കഴിയുമ്പോഴേക്കും അത് പൂവിട്ടിരുന്നു… അതിലെ ആദ്യപൂ അവൾക്ക് നൽകണം എന്ന ആഗ്രഹത്തോടെ അവൻ ശ്രീഹരിയെയും കൂട്ടി അവളുടെ വീട് തേടിപ്പിടിച്ചു പോയി.. പക്ഷെ പൂട്ടിയിട്ട പടിപ്പുരയാണ് കാണാൻ കഴിഞ്ഞത്.. നാട്ടുകാരോട് ചോദിച്ചപ്പോഴാണറിയുന്നത് അവളുടെ വീട് ജപ്തിയായെന്നും അവർ എങ്ങോട്ടാണ് പോയതെന്ന് ആർക്കും ഒരു അറിവുമില്ലന്നും.. കുറെ അന്വേഷിച്ചു.. കണ്ടെത്താൻ കഴിഞ്ഞില്ല…. പിന്നീട് അവൻ ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ അവളെ പാടെ മറന്നു…

‘എന്താ ഇവിടെ ഈ മുറ്റത്ത് പാതിരാത്രിയിൽ… ‘

ഇന്ദു പുറകിൽ വന്നു നിന്നത് അവൻ അറിഞ്ഞില്ല .. ഡയറി ഒളിപ്പിച്ച് അവൻ പറഞ്ഞു ..

‘ഓഹ്.. വെറുതെ.. നിലാവ് കണ്ടപ്പോൾ.. ‘

‘എന്താ കയ്യിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നത്..’

കുറെ പിടി വലിക്ക് ശേഷം അവൾ ആ ഡയറി കൈക്കലാക്കി.

പടിയിൽ ഇരുന്നു മുറ്റത്തെക്കുള്ള ലൈറ്റ് ഉള്ളതുകൊണ്ട് അവൾ വായിക്കാൻ തുടങ്ങി.. അവളുടെ മൂക്ക് ചുമക്കുന്നതും ചുണ്ടുകൾ വിറകൊള്ളുന്നതും അവൻ കൗതുകത്തോടെ നോക്കി നിന്നു.. ഡയറി മടക്കി വച്ച് അവൾ ചോദിച്ചു..

‘ഇതിന്റെ ബാക്കിയെവിടെ… ‘

പെട്ടെന്നാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്.. അവൾ കുഞ്ഞിന്റെ അടുത്തേക്കോടി.. കൂടെ അവനും.. അവൾ ഒന്നും മിണ്ടിയില്ല..

***********

പിറ്റേദിവസം.. അനിയത്തിയുടെ നിശ്ചയത്തിന്റെ രണ്ടു ദിവസം മുൻപ് വീട്ടിലേക്ക് പോകാൻ ഇന്ദു ഒരുങ്ങി.. പ്രസാദ് അവളെ കൊണ്ടു വിട്ടു.. അവൻ വാങ്ങിയ പതിനായിരം രൂപയുടെ സാരി അവൾ കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു.. അതിനു പറ്റിയ ആഭരണങ്ങളും..

വീട്ടിൽ ചെന്ന് അവൾ അനിയത്തിയുടെ മുറിയിലേക്ക് നടന്നു..

‘മോളെ നോക്ക് ഇത് നിനക്ക് വേണ്ടി ഏട്ടൻ വാങ്ങിയതാ..’

‘ചേട്ടനോ… ഒന്നു പോ ചേച്ചി… അതും ഈ പഴഞ്ചൻ സാരി.. ‘

‘മോളെ.. പതിനായിരം രൂപേടെ സാരിക്കാണോ നീ പഴഞ്ചൻ എന്നു പറയുന്നേ.. വന്ന വഴി മറക്കരുത് നീ..’

‘പിന്നല്ലാതെ.. ഇന്നത്തെക്കാലത്ത് ഈ സാരിയൊക്കെ പഴഞ്ചനാ.. അതു വേണേൽ ചേച്ചി ഉടുത്തോ.. ‘

അവൾ നിറകണ്ണുകളോടെ മുറിയിൽ നിന്ന് പോകാൻ തുടങ്ങി

‘ഒന്നു നിന്നെ..’

‘ഇതേ.. എന്റെ ചേട്ടൻ എൻഗേജ്‌മെന്റിന് എനിക്ക് ഇടാൻ വാങ്ങിയതാ.. ‘

അവൾ അലമാരയിൽ നിന്നും ഒരു കവർ എടുത്ത് ചേച്ചിക്ക് നേരെ നീട്ടി..

ഒരു ചുവന്ന ഡിസൈനർ ഗൗണും അതിനു ചേരുന്ന ചുവന്ന കല്ലുവച്ച ആഭരണങ്ങളും..

‘ആര്.. പ്രസാദേട്ടനോ..’

‘പിന്നല്ലാതെ.. ആരാ എന്റെ ചേട്ടൻ… പിന്നെ ഈ സാരി ഒരുപാട് വഴക്കിട്ട് എനിക്ക് വേണ്ടി വാങ്ങിപ്പിച്ചതല്ലേ.. ഇത് ചേച്ചി ഉടുത്താൽ മതി.. കേട്ടോ എന്റെ പൊന്നു ചേച്ചി..’

‘എടി എനിക്കിപ്പോ ഏട്ടനെകാണണം.. ‘

‘പോയിക്കണ്ടോ നിങ്ങടെ മുറിയിലുണ്ട്.. കുഞ്ഞിനെ ഇങ്ങു താ..’

ഇന്ദു മുറിയിലേക്ക് ഓടി..

‘ഏട്ടാ.. ‘

‘എന്തവാടി.. പോത്തെ..’

‘ഏട്ടനറിയാരുന്നോ ഞാൻ ഉണ്ണിമോൾക്ക് വേണ്ടിയാ സാരി വാങ്ങിയെന്ന്.’

‘പിന്നില്ലാതെ.. എന്റെ ഇന്ദൂട്ടിയെ എനിക്കറിയൂല്ലേ.. എന്നോട് നേരിട്ട്.. ആവശ്യപ്പെടില്ല.. ആ ഒരു വിഷമമേയുള്ളൂ’

‘അത് ഏട്ടാ.. ഏട്ടനെ എത്രാന്ന് വച്ചാ ബുദ്ധിമുട്ടിക്കുന്നെ… ഇവിടെ വന്നപ്പോൾ ഉണ്ണിമോൾക്ക് അതിഷ്ടപ്പെട്ടു കൊടുത്തു എന്നു പറയാനിരുന്നതാ ഞാൻ..’

‘അപ്പൊ.. എന്നെ താൻ അങ്ങനെയാ മനസിലാക്കിയിരിക്കുന്നെ.. ഉണ്ണിമോൾ എന്റേം അനിയത്തിയല്ലേ.. അച്ഛനും അമ്മയും ചെറുപ്പത്തിലേ നഷ്ടപ്പെട്ട എനിക് വീണ്ടും ആ സ്നേഹം തന്നത് നിന്റെ അല്ല നമ്മുടെ അച്ഛനും അമ്മയുമാ.. ഈ നിശ്ചയത്തിന്റേം കല്യാണത്തിന്റേം മുഴുകാൻ ചിലവും അവാർഡ് മൂത്ത മകനെന്ന നിലയിൽ എന്റെ അധികാരമാ.. കേട്ടോടി.. ഇന്ദൂട്ടി..’

അവൾ അവന്റെ മാറിൽ ചാരി

‘അതേ ഏട്ടാ.. എന്നെ എന്താ ആ ഡയറി നേരത്തെ കാണിക്കാതിരുന്നെ…’

‘അതോ.. ഞാൻ ഓർത്തു… നമ്മൾ വകിളവാനും കിളവിയും ആകുമ്പോൾ ഒന്നിച്ചിരുന്ന് അത് വായിക്കാമെന്ന്.. എന്റെ ചെറുപ്പകാലത്തേക്ക് നിന്നെ കൊണ്ടു പോകാമെന്ന്.. അതിനിടെ നീ ഉറക്കമില്ലാതെ ഇറങ്ങി വരുമെന്ന് ഞാൻ ഓർത്തോ.. എല്ലാം നശിപ്പിച്ചു..’

‘അപ്പൊ… ആ റോസാപ്പൂക്കാരി സുന്ദരി ഇപ്പൊ എവിടെയുണ്ട്..’

‘അതോ.. അവളെ ഞാൻ കണ്ടെത്തി.. ഒരു താലിയും കഴുത്തിൽ കെട്ടി.. ഇപ്പൊ എന്റെ മാറത്ത് ചാരി നിൽപ്പുണ്ട്.. പക്ഷെ.. അബദ്ധം പറ്റി’

‘എന്ത്..’

അവൾ ദേഷ്യത്തോടെ ചോദിച്ചു.

‘അന്ന്.. പൂച്ചക്കുട്ടിയായിരുന്നവള് ഇന്ന് ഭദ്രകാളിയായ വിവരം ഞാൻ. അറിഞ്ഞില്ലായിരുന്നു.. ‘

അവൾ അവനെ എന്തെകിലും ചെയ്യുന്നതിന് മുന്നേ അവൻ ഓടി.. അവൾ പിറകെയും.. ഇതു കണ്ട് ഉമ്മറത്തിരുന്ന അമ്മ അച്ഛനോട് പറഞ്ഞു..

‘ ഇതുവരെ കുട്ടിക്കളി മാറിയില്ല രണ്ടാൾക്കും’

‘അവര്.. കുട്ടികളല്ലേടി.. ആസ്വദിക്കട്ടെ ജീവിതം.. എന്നും ഇങ്ങനെ കണ്ടാൽ മതി എന്റെ ഭഗവാനെ..’

ആ അച്ഛൻ പ്രാർഥനയോടെ നെഞ്ചത്തു കൈവച്ചു..

*********

രചന :-ദീപാ ഷാജൻ

Leave a Reply

Your email address will not be published. Required fields are marked *