സ്റ്റിച്ച്- ലേബർ റൂമിൽ കണ്ട അനുഭവം…

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന: നയന സുരേഷ്

പ്രസവം കഴിഞ്ഞ് പന്ത്രണ്ടാമത്തെ ദിവസം കാലിനിടയിലെ സ്റ്റിച്ച് പൊട്ടി ലേബർ റൂമിലിരിക്കുന്ന അവളെ നോക്കി നഴ്സുന്മാർ അടക്കം പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു .

കയ്യിലുണ്ടായിരുന്ന ഒരു കഷ്ണം തുണികൊണ്ട് ഇടക്കിടക്ക് അവൾ വായ പൊത്തി കൊണ്ടിരുന്നു .. കണ്ണുകളുയർത്തി അന്നേരമൊന്നും അവളാരെയും നോക്കിയിരുന്നില്ല . അമ്മായിയമ്മ എന്നു തോന്നുന്ന ഒരു സ്ത്രീ എന്തോ അമർഷം അടക്കി ഇടക്കിടെ അവളെ നോക്കി പിറുപിറുക്കുന്നുണ്ടായിരുന്നു …

ഇരുപത്തിയൊന്നിനോടടുത്ത് പ്രായം ..

തന്റെ പേരെന്താരുന്നു ?

രേണുക

ഇത് ആദ്യത്തെ ഡെലിവറിയല്ലെ ആയിരുന്നു ?

അതെ

ഇന്നക്ക് എത്ര ദിവസായി ?

പന്ത്രണ്ട്

ഫയലെടുത്ത് നഴ്സ് അതിൽ എന്തൊക്കെയോ എഴുതി കൊണ്ടിരുന്നു …

ഇതിന്റെ യൊക്കെ വല്ല കര്യേം ഇണ്ടാ മോളെ .. പ്രസവം കഴിഞ്ഞ് പന്ത്രണ്ടാമത്തെ ദിവസൊക്കെ ഇമ്മാതിരി വേണ്ടാതീനം കാണിക്കണ

അവൾ ഒന്നും പറഞ്ഞില്ല

എത്രാമത്തെ ദിവസാ ഭർത്താവ് ഗൾഫീന്നു വന്നത്?

പതിനൊന്ന്

ആണ്ങ്ങൾക്ക് ആക്രാന്ത മൊക്കെ കാണും .. അത് അടക്കേണ്ടത് പെണ്ണ്ങ്ങളാ … അതെങ്ങനാ , അവനെക്കാമുട്ട് നിനക്കായിരുന്നുണ്ടാവും ..

അവളുടെ കണ്ണു നിറഞ്ഞു

അല്ല അമ്മേ , ഇത് നിങ്ങളുടെ മോളാണോ ? മരിമോളാണോ ?

മരിമോള്

ഈ പേറ് കഴിഞ്ഞ പെണ്ണിന്റെ അടുത്താണോ മോനെ കിടത്തന്നെ നിങ്ങൾക്ക് അത്ര ബോധമില്ലെ

എനിക്കാണോ സിസ്റ്ററെ ബോധം വേണ്ടെ ? ഇവൾക്കല്ലെ ? പിന്നെ വീട്ടുകാരെ ഉപേക്ഷിച്ച് എന്റെ മോന്റെ കൂടെ പോന്നതാ ഇവള് , അതോണ്ട് വീട്ട്കാര് തിരിഞ്ഞ് നോക്കണില്ല .. ഞങ്ങൾടെ വീടൊക്കെ ചെറ്താ , പിന്നെ ഗൾഫീന്ന് വന്ന എന്റെ മോനെ താഴത്ത് പായ വിരിച്ച് കെടുത്താൻ പറ്റ്വോ സിസ്റ്ററെ ?

എല്ലാവരും കൊള്ളാം … ഇനി വീണ്ടും സ്റ്റിച്ച് ഇടാൻ പറ്റുമെന്ന് ഞങ്ങൾക്ക് തോന്നണില്ല .. എന്തായാലും ഡോക്ടർ വരട്ടെ ,, സ്റ്റിച്ച് ഇടാൻ പറ്റീല്ലെങ്കിൽ ഇനി അത് തുറന്ന് കിടക്കെയുള്ളു .. ആക്രാന്തം കൂടീട്ടല്ലെ കെട്ടിയോനും കെട്ടിയോളും ഇനി ശരിക്കെ പഠിച്ചോളും ..

പ്രസവിക്കാൻ കിടക്കുന്ന പെണ്ണുങ്ങളും പെറ്റ പെണ്ണുങ്ങളും നഴ്സുമാരും അവളെ നോക്കി നിന്നു .. എന്നാലും ഈ സ്റ്റിച്ചിന്റെയും ചോരയുടെയും ഒക്കെ ഇടയിലൂടെ ഇമ്മാതിരി തോന്നിവാസം കാണിക്കാൻ ഇത്തിരി ചങ്കുറ്റം ഒന്നും പോരാ എന്ന മട്ടായിരുന്നു എല്ലാവർക്കും .

എല്ലാവരുടെ മുഖത്തേയും പരിഹാസം ഏറ്റുവാങ്ങി അവൾ കുഞ്ഞിനെ നെഞ്ചോട് ചേർത്തിരുന്നു .. ഇടക്കിടെ ചുളു ചുളുങ്ങനെ കുത്തുന്ന ജനനേന്ദ്രിയത്തെ മുറുക്കിപ്പിടിക്കാൻ കാലുകൾ കെട്ടുപിണച്ചുവെച്ചു …

ആരോട് പറയാൻ അല്ലേ ….

ചെരുപ്പുകൾ പുറത്ത് ഊരിയിട്ട് , ഉടുത്ത സാരി കുറച്ചൊന്ന് മേലോട്ട് കുത്തി , ബാഗ് തോളിൽ നിന്നും ഊരി കക്ഷത്ത് വെച്ച് , സ്കതസ്കോപ്പ് കയ്യിൽ ചുരുട്ടി പിടിച്ച് ഡോക്ടർ വേഗം പ്രസവമുറിയിലേക്ക് കടന്നു

ഡോക്ടറെ കണ്ടപാടെ എല്ലാവരും എഴുന്നേറ്റു നിന്നു ..

മേഡം … ദേ ഇവരാണ് സ്റ്റിച്ച് പൊട്ടീട്ട് വന്നത് …

അവൾക്ക് എന്തോ പേടി തോന്നി .. അല്ലെങ്കിലെ ഡോക്ടർക്ക് ദേഷ്യം കൂടുതലാണ് .. ഇനി എന്താ പറയാ ..

രേണുക അകത്തേക്ക് വരൂ …

കുഞ്ഞിനെ അമ്മയുടെ കയ്യിൽ കൊടുത്തിട്ട് അവൾ അകത്തേക്ക് നടന്നു …

എന്താ ഉണ്ടായത് രേണുക

അത് ഡോക്ടറെ , ഭർത്താവ്

കുട്ടിക്ക് അറിയില്ലെ ഇതൊന്നും പാടില്ല ഇപ്പോഴെന്ന്

അറിയാം

പിന്നെന്തിനാ ഇങ്ങനെ ചെയ്തെ

അവളൊന്നും മിണ്ടിയില്ല .പകരം വല്ലാതെ വിറക്കുന്നുണ്ടായിരുന്നു …

പറയു .. ബലം പ്രയോഗിച്ചാണോ

അതെ , ഗൾഫീന്ന് വന്ന രാത്രി നന്നായി കുടിച്ചിട്ടുണ്ടായിരുന്നു … എല്ലാവരും കിടന്നിട്ടാ ഏട്ടൻ മുറിയിലേക്ക് വന്നത് . വന്നപാടെ എന്നെ പിടിച്ചു .. ഞാൻ പറഞ്ഞതാ .. പക്ഷേ സമ്മതിച്ചില്ല .. കരഞ്ഞാൽ പുറത്തുള്ളവർ കേട്ടാലോ കരുതി .. അന്നാണെങ്കിൽ എല്ലാരും ഉണ്ട് വീട്ടിൽ .. വായ പൊത്തി ഞാൻ കിടന്നു ..

അത് പറഞ്ഞപ്പോൾ പരിസരം മറന്ന് അവൾ കരഞ്ഞു തുടങ്ങി …

എന്നെ സംശയമാണ് അല്ലെങ്കിലെ , ഭർത്താവ് ഗൾഫിലോട്ട് പോയതിനു ശേഷാ ഞാൻ ഗർഭിണിയാണെന്നറിഞ്ഞത് .. അന്ന് തുടങ്ങി ഇത് ആരുടെ കൊച്ചാ എന്നാ ചോദിക്കുന്നെ .എനിക്ക് മടുത്തു … ഇനി സ്റ്റിച്ചിട്ടാലും അത് പൊട്ടും , എനിക്ക് വേദന സഹിക്കുന്നില്ല..

കരയാതിരിക്കു ..ഹസ്ബന്റ് വന്നിട്ടുണ്ടോ ?

ഉണ്ട് , പുറത്തുണ്ട്

വിളിക്കു

മേഡം ഞാൻ പറഞ്ഞത് പറയല്ലെ എന്നെ കൊല്ലും ..

അയാൾ ഡോക്ടറുടെ മുറിയിലേക്ക് കടന്നു വന്നു ..

തനിക്ക് എപ്പോഴെങ്കിലും സ്റ്റിച്ച് ഇട്ടിട്ടുണ്ടോ ?

ഇല്ല ഡോക്ടർ ? എന്തെ

എങ്കിൽ ഞാൻ ഇപ്പോ തനിക്ക് സ്റ്റിച്ച് ഇടാൻ പോവാണ്

എന്തിന്

എന്തിനാണ് അപ്പ മനസ്സിലാവും

എവിടെ സ്റ്റിച്ച് ഇടും എന്നാ പറയണെ

അതുമേൽ തന്നെ .. ഇനി പെറ്റ് കിടക്കുന്ന പെണ്ണിന് സമ്മാധാനം കിട്ടണെങ്കിൽ അവൾക്കല്ല തന്റെയാണ് കൂട്ടി പിടിച്ച് തുന്നേണ്ടത് .. ആ സുഖം കൂടി അനുഭവിക്ക് ..

അയാൾ ഒരു നിമിഷം മിണ്ടിയില്ല ,,,

പ്രസവം എളുപ്പാന്ന് തോന്നിയോ തനിക്ക് … ഇത്ര വലിയ കുട്ടി പുറത്തേക്ക് വരാൻ ഒരു പെണ്ണ് പെടുന്ന പാട് പറഞ്ഞാൽ തീരില്ല .. നോക്കിയില്ലെങ്കിലും ഉപദ്രവിക്കരുത് . ഈ ലേബർ റൂമിന് പുറത്ത് ഒരു പാട് ഭർത്താക്കന്മാരുണ്ട് … തന്റെ ഭാര്യയെ സ്നേഹിക്കുന്ന ,അവർ ഇതിനുള്ളിൽ കിടന്ന് കരയുമ്പോ അതിനും ഉറക്കെ പുറത്ത നിന്ന് ഉള്ളിൽ കരയുന്നവർ …

ഭാര്യ കുട്ടിയെ വയറ്റിൽ ചുമക്കുമ്പോ ഭർത്താവ് മനസ്സിൽ ചുമക്കണം …

തനിക്കറിയോ … വീണ്ടും സ്റ്റിച്ച് ഇടുമ്പോ അവൾ എത്ര വേദന അനുഭവിക്കണമെന്ന് … ആ ഭാഗത്ത് ഒരു കുത്ത് സഹിക്കാൻ തനിക്ക് പറ്റോ … ഇതിന് തനിക്കുള്ള ശിക്ഷ എന്താന്നറിയോ ..താൻ നേരിൽ കാണണം വീണ്ടും സ്റ്റിച്ചിടുന്നത് .. ഇതൊക്കെ കണ്ടെങ്കിലും അറിയണം

കുറച്ചു നേരത്തിനു ശേഷം അവളുടെ കരച്ചിൽ മുറിക്ക് പുറത്തേക്ക് വന്നു … ഒരു പാട് നിലവിളികൾക്കുള്ളിൽ പിന്നീടത് ശാന്തമായി … തിരിച്ച് ലേബർ റൂമിൽ നിന്നിറങ്ങുമ്പോൾ അയാളുടെ കണ്ണുകൾ നിർത്താതെ ഒഴുകി കൊണ്ടിരുന്നു .. സ്റ്റിച്ച്- ലേബർ റൂമിൽ കണ്ട അനുഭവം (ലേബർ റൂമിൽ കണ്ട അനുഭവം)

…. വൈദേഹി …. ഷെയർ ചെയ്യണേ…

രചന: നയന സുരേഷ്

Leave a Reply

Your email address will not be published. Required fields are marked *