ഒരു സാദാരണ കുടുംബം

അനുഭവങ്ങൾ നൊസ്റ്റാൾജിയ പ്രണയം ബന്ധങ്ങൾ സൗഹൃദം ഹോം

രചന :- ഡോ.ഷിനു ശ്യാമളൻ

“കടയുടമയ്ക്ക് എന്ത് അവധി? എല്ലാ ദിവസവും കടയിൽ പോകണം. സാധാരണക്കാരനായ ഒരു കടക്കാരന് അവന്റെ അന്നന്നത്തെ ജീവിതം എങ്ങനെയെങ്കിലും തള്ളി നീക്കണം.”

രതീഷ് അടുത്ത കടയിലെ കടക്കാരനോട് ഇത് പറഞ്ഞു കൊണ്ട് കടയുടെ ഷട്ടർ വലിച്ചു താഴ്ത്തി കൈയ്യിലുള്ള താഴിട്ട് പൂട്ടി ബാഗുമെടുത്തു വീട്ടിലേയ്ക്ക് യാത്രയായി.

കൈയ്യിലുള്ള ടോർച്ചിന്റെ വെളിച്ചത്തിൽ രതീഷ് വീട് ലക്ഷ്യമാക്കി നടന്നു. പോകുന്ന വഴിയിൽ അനേകം ചിന്തകൾ തന്റെ തലയിലൂടെ ഇഴയുന്നത് പോലെ തോന്നി.

ആകെ ഒരു ഞായറാഴ്ച്ച അവധിയുണ്ട്. അന്ന് ഭാര്യയുടെ വക രാവിലെ അമ്പലത്തിൽ പോകണം. അന്നുപോലും ഉച്ചവരെ ഒന്ന് ഉറങ്ങുവാൻ സാധിക്കില്ല. വൈകിട്ട് മകൾക്ക് ബീച്ചിൽ പോയി കടലയൊക്കെ കൊറിച്ചു തിരമാലകളിൽ കളിച്ചു നടക്കണം. അങ്ങനെ ആ ദിവസവും കഴിയും. പക്ഷെ അവരുടെ ആ സന്തോഷം കാണുമ്പോൾ ഉറങ്ങിയില്ലെങ്കിലും വേണ്ട ഞായറാഴ്ച്ച അവർക്കൊപ്പം ചിലവഴിച്ചാൽ മതിയെന്ന് തോന്നും.

പെട്ടെന്ന് ചിന്തകളെ കീറിമുറിച്ചു കൊണ്ട് “അച്ഛാ” എന്ന വിളികേട്ടു. മുറ്റത്തു അതാ മകൾ അച്ഛനെ കാത്തു നിൽക്കുന്നു.

കൈയ്യിലുള്ള ബാഗിലാണ് അവളുടെ കണ്ണുകൾ ഉടക്കിയിരിക്കുന്നത്. കയ്യോടെ രതീഷ് ആ പൊതിയെടുത്തു അവൾക്ക് കൊടുത്തു.

വെള്ളിയാഴ്ച്ച ദാമുയേട്ടന്റെ കടയിൽ സ്‌പെഷ്യൽ മുട്ട സമോസ ഉണ്ടാക്കിയതുമായി അച്ഛൻ വരുമെന്നു അവൾക്ക് അറിയാം.

പൊതി അവൾക്ക് കൈമാറി രതീഷ് മുറിയിലേയ്ക്ക് ചെന്നു. ബാഗ് മേശപ്പുറത്തു വെച്ചു അതിൽനിന്ന് രണ്ടു പേന എടുത്തു കൊണ്ട് ചോദിച്ചു ” എടി, അമ്മയെന്തിയെ?”

“അമ്മേ.,ദേ അച്ഛൻ വിളിക്കുന്നു”

തലയിൽ തോർത്തു ചുറ്റി, നെറുകയിൽ സിന്ദൂരം ചാർത്തി, വയലറ്റ് സാരിയിൽ ഭാര്യയെ കണ്ടപ്പോൾ അതിസുന്ദരിയായി രതീഷിന് തോന്നി.

“എന്താ രതീഷേട്ട?”

കോണിപടികളിൽ വലതുകൈ വച്ചുകൊണ്ടും ഇടതു കൈയ്യിൽ സാരി തുമ്പുമായി അവൾ ചോദിച്ചു.

കൈയ്യിലുള്ള പേന അവൾക്ക് നേരെ നീട്ടി കൊണ്ട് രതീഷ് പറഞ്ഞു ” സുമി, നീ പേന വേണമെന്ന് പറഞ്ഞില്ലേ. ഇതാ രണ്ടെണ്ണം ഉണ്ട്. എന്ത് എഴുതുവാനാടി?”

പേന വലുതു കൈ നീട്ടി വാങ്ങിയതിന് ശേഷം സുമി പറഞ്ഞു “പണ്ട് എഴുതുവാൻ ബാക്കി വെച്ച എന്തൊക്കെയോ കഥകളും കവിതകളും ഉള്ളിൽ കിടന്ന് ഇളകിമറിയുന്നത് പോലെ. എന്തൊക്കെയോ എഴുതുവാൻ ഉള്ളം കൊതിക്കുന്ന പോലെ.”

“ശെരി, നീ എഴുതു. ആദ്യ കഥ ഞാൻ തന്നെ വായിക്കും ” ചെറു പുഞ്ചിരിയോടെ സുമിയുടെ കണ്ണുകളിലെ തിളക്കം കണ്ടു കൊണ്ട് രതീഷ് പറഞ്ഞു.

ഹാളിലൂടെ മകൾ ഓടി വന്നു അച്ഛന്റെ കൈകളിൽ പിടിച്ചു കൊഞ്ചിക്കൊണ്ടു പറഞ്ഞു” അച്ഛാ , എനിക്ക് കണക്ക് പരീക്ഷയ്ക്ക് 90 മാർക്ക് കിട്ടി. ”

“ഓ, വലിയ കാര്യമായി പോയി. 100 വാങ്ങിയ പിള്ളേർ ഇല്ലെടി കളാസ്സിൽ?” രതീഷ് അവളെ ദേഷ്യം പിടിപ്പിക്കുവാനായി ചോദിച്ചു.

“അല്ല അച്ഛാ, ഇത്തവണ അഞ്ജുവിന് 93 മാർക്ക് ഉണ്ട്. അതു കഴിഞ്ഞു എനിക്കാണ് ഏറ്റവും കൂടുതൽ മാർക്ക്” കൈയ്യിലുള്ള പ്രോഗ്രസ് കാർഡ് നീട്ടി കൊണ്ട് മകൾ പറഞ്ഞു.

“മിടുക്കി, അഹ് ഹാ, നല്ല മാർക്ക് ഉണ്ടല്ലോ എല്ലാ വിഷയത്തിനും. പതിവ് തെറ്റിച്ചു കണക്കിനും ഇത്തവണ നല്ല മാർക്ക് ഉണ്ട്”. രതീഷ് അഭിമാനത്തോടെ സുമിയെ നോക്കി പറഞ്ഞു.

“ഞാൻ കുളിച്ചിട്ട് വരാം. നീ കഞ്ഞി എടുത്തു വെക്കു” മുറിയിൽ വിരിച്ചിട്ട തോർത്തു ലക്ഷ്യമാക്കി രതീഷ് നടന്നു കൊണ്ട് പറഞ്ഞു.

സുമി അടുക്കളയിലേയ്ക്ക് പോയി. മകൾ പഠിക്കുന്ന മുറിയിലേയ്ക്ക് കൈയ്യിൽ പ്രോഗ്രസ് കാർഡുമായി നടന്നകന്നു.

കുളിച്ചു വന്ന രതീഷ് ഭാര്യയ്ക്കും മകൾക്കും ഒപ്പം കഞ്ഞി കുടിച്ചതിന് ശേഷം കണക്ക് പുസ്‌തകം കിടപ്പ് മുറിയിലുള്ള ഷെൽഫിൽ നിന്നുമെടുത്തു അന്നത്തെ കണക്ക് എഴുതി തുടങ്ങി.

“സുമി…” എന്ന് ഉറക്കെ രതീഷ് വിളിച്ചു.

അടുക്കളയിൽ നിന്ന് നനഞ്ഞ കൈ സാരി തുമ്പിൽ തുടച്ചുകൊണ്ടു സുമി മുറി ലക്ഷ്യമാക്കി നടന്നു.

“എന്താ, ചേട്ടാ”

“മാസാവസാനമായി, ചിലവ് കൂടി വരുന്നു, വരവ് കുറയുന്നു. കടയിൽ വിൽപ്പന ഒക്കെ കുറവാണ്. എല്ലാ കടയിലും ഇത്‌ തന്നെ അവസ്ഥ. ” കണക്കു എഴുതുന്നതിനിടയിൽ രതീഷ് പറഞ്ഞു.

“എല്ലാം ശെരിയാകും ചേട്ടാ, ദേവി നമ്മളെ കൈയ്യൊഴിയില്ല” ചുവരിൽ തൂക്കിയ ദേവിയുടെ ചിത്രം നോക്കി സുമി പറഞ്ഞു.

സുമി തിരികെ അടുക്കളയിലേക്ക് പോയി.

പെട്ടെന്ന് സുമി മടങ്ങി വന്ന് തന്റെ 2 വള രതീഷിന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു ” ഇത്‌ പണയം വെച്ചോളൂ. ബുദ്ധിമുട്ട് മാറുമ്പോൾ എടുത്തു തന്നാൽ മതി.”

“എന്നാലും, നിന്റെ ഒരു വള കഴിഞ്ഞ വർഷം പണയം വെച്ചത് ഇതുവരെ എനിക്ക് എടുത്തു തരാൻ സാധിച്ചില്ല. അപ്പൊ ഇതിന്റെ കാര്യം ഞാൻ എന്ത് ഉറപ്പാണ് നിന്നോട് പറയുക?” വിഷമത്തോടെ രതീഷ് കണ്ണടയൂരികൊണ്ട് പറഞ്ഞു.

“അതൊന്നും സാരമില്ല ചേട്ടാ. മനസ്സമാധാനത്തിലും വലുതല്ലല്ലോ വള. ആദ്യം കാര്യങ്ങൾ നടക്കട്ടെ. ” ചിരിച്ചു കൊണ്ടു സുമി പറഞ്ഞു.

“ആ പിന്നെ, അടുത്ത മാസം ശ്യാമിന്റെ മകളുടെ കല്യാണമാണ്. അതിന് മുൻമ്പ് ആ ഒരു വളയെങ്കിലും എടുത്തു തരണേ.”

“തീർച്ചയായും, എടുത്തു തരും സുമി” ഉള്ളിൽ തീക്കനൽ കത്തുന്നുണ്ടെങ്കിലും പുറമെ അത് കാണിക്കാതെ രതീഷ് പറഞ്ഞു.

“വാ..നമുക്കു കിടക്കാം ചേട്ടാ..”

തന്റെ വിരിമാറിൽ ചാഞ്ഞു ഉറങ്ങുന്ന പെണ്ണിന്റെ വള അടുത്ത മാസം എങ്ങനെയെടുത്തു കൊടുക്കും എന്ന ചിന്തയിൽ ഒരായിരം ചോദ്യങ്ങളിൽ കുടുങ്ങിയ മനസ്സ് എപ്പോഴോ ഉറക്കത്തിന്റെ ആഴങ്ങളിൽ പതിച്ചു.

രചന :- ഡോ.ഷിനു ശ്യാമളൻ

Leave a Reply

Your email address will not be published. Required fields are marked *